തിരുവനന്തപുരം: കേരളത്തെ അപമാനിച്ച ജോര്‍ജ് കുര്യനെയും വംശീയ പരാമര്‍ശമുന്നയിച്ച സുരേഷ് ഗോപിയെയും കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ആര്‍.എസ്.എസ് നയിക്കുന്ന ബി.ജെ.പി ഭരണത്തില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് രണ്ട് മന്ത്രിമാരെന്നും രാഷ്ട്രപതി ഇക്കാര്യം ഗൗരവപരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മന്ത്രിമാരുടെയും പ്രസ്താവനയെ മുന്‍നിര്‍ത്തി ബി.ജെ.പിയുടെ പ്രതികരണം അറിയാന്‍ കേരള ജനതയ്ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഒരു മന്ത്രിക്ക് എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിയുന്നുവെന്നും സുരേഷ് ഗോപി ഭരണഘടനാ പ്രമാണങ്ങളെയെല്ലാം തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യ പണ്ടേക്കു പണ്ടേ തള്ളിക്കളഞ്ഞ അത്രയും പ്രാകൃതമായ വീക്ഷണമായ ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാരനായി മാറുകയാണ് സുരേഷ് ഗോപിയെന്നും ആ മാറ്റം നല്ലതിനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യന്‍ ജനങ്ങളെ അവഹേളിക്കലാണെന്നും ഭരണഘടനയെ തള്ളിപ്പറയുകയാണെന്നും ഇങ്ങനൊരു വ്യക്തി മന്ത്രിയായിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പി സുരേഷ് ഗോപിയെ പുറത്താക്കുമെന്ന് കരുതുന്നില്ലെന്നും അവരുടെ ആശയം തന്നെയാണ് സുരേഷ് ഗോപി പ്രചരിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഫെഡറല്‍ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോര്‍ജ് കുര്യനെയും കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗോത്രകാര്യ വകുപ്പ് ഉന്നത കുലജാതരാണ് കൈകാര്യം ചെയ്യേണ്ടതെന്നും എങ്കിലേ ആ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പുരോഗതിയുണ്ടാകൂ എന്ന പ്രസ്താവനയുമായി സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.
തനിക്ക് ആ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയായിരുന്നു പരാമര്‍ശം.
കേരളത്തെ പരിഹസിച്ച ജോര്‍ജ് കുര്യന്റെ പരാമര്‍ശത്തിനെയും പിന്തുണച്ച് സുരേഷ് ഗോപി പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. കേരളം എന്ത് വേണമെന്ന് പുലമ്പിയിട്ട് കാര്യമില്ലെന്നും കിട്ടുന്ന ഫണ്ട് ഉപയോഗിക്കുകയാണ് വേണ്ടതെന്നുമായിരുന്നു പരാമര്‍ശം.
കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ സഹായം നല്‍കാമെന്നായിരുന്നു ജോര്‍ജ് കുര്യന്റെ പ്രസ്താവന. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവേയായിരുന്നു വിവാദ പരാമര്‍ശം. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം നല്‍കുന്നതെന്നും റോഡില്ല, വിദ്യാഭ്യാസമില്ല, അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പുറകിലാണെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറാമെന്നുമായിരുന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞത്.
Content Highlight: George Kurien and Suresh Gopi are living examples of the crisis facing the Indian Constitution: Binoy Vishwam