| Saturday, 4th November 2023, 11:07 am

അംഗീകരിക്കുന്നത് ആ പതിനഞ്ച് നായകന്‍മാരെ മാത്രം; അത് മലയാളി പ്രേക്ഷകരുടെ പ്രശ്‌നമാണ്: ജോര്‍ജ് കോര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എഴുത്തിലൂടെ സിനിമാ ജീവിതം തുടങ്ങി പിന്നെ അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും മാറിയ വ്യക്തിയാണ് ജോര്‍ജ് കോര. ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് തോല്‍വി എഫ്.സി.

തോല്‍വി അത്ര മോശം കാര്യമല്ലെന്നും തോല്‍വിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശമാണ് ഈ സിനിമയിലൂടെ കാണിക്കുന്നത്. ഇപ്പോള്‍ തന്റെ സിനിമകളെ പറ്റിയും മലയാളി പ്രേക്ഷകരെ പറ്റിയും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജോര്‍ജ് കോര.

‘ഞാന്‍ സിനിമാ മേഖലയില്‍ വന്നിട്ട് ആറോ എഴോ വര്‍ഷമായി. ഒരു ഡയറക്ടര്‍ ആയിട്ടുള്ള എന്റെ രണ്ടാമത്തെ സിനിമയാണ് തോല്‍വി. ഇത് എന്റെ മൂന്നാമത്തെ റൈറ്റിങ് ഫിലിമാണ്. ഇത്രയും വര്‍ഷത്തിനിടയില്‍ ആകെ അഞ്ചു പടത്തിലാണ് ഞാന്‍ അഭിനയിച്ചത്.

എന്നാല്‍ ഇത്രയൊക്കെയെയുള്ളുവെന്ന് കരുതി തിരിഞ്ഞു നോക്കിയാല്‍, അങ്ങനെ നില്‍ക്കുകയെയുള്ളു. നമ്മള്‍ പ്രതീക്ഷ വിടാതെ നില്‍ക്കണം. എല്ലാര്‍ക്കും ഓരോ ദിവസങ്ങളുണ്ട്. പക്ഷെ ഒന്നും ചെയ്യാതെ വെറുതെ കാത്തിരുന്നാല്‍ അത് വന്ന് ചേരുകയുമില്ല. അതൊര് കണക്ക് പോലെയാണ്.

എത്ര തവണ നമ്മള്‍ ഒരു വാതിലില്‍ തട്ടുന്നുവോ അത്രയും തവണ ആ വാതിലിന് പിന്നിലുള്ള ആള്‍ തുറക്കാന്‍ സാധ്യത കൂടുതലാണ്. പരമാവധി നമ്മളെ അവൈലബിളാക്കുക എന്നതിലാണ് കാര്യം. നമ്മള്‍ എപ്പോഴും വലുത് നോക്കി നില്‍ക്കാതെ ചെറുതില്‍ നിന്ന് തുടങ്ങണം.

ഒരുപാട് ആളുകള്‍ ഇന്ന് സോഷ്യല്‍മീഡിയ വഴി സിനിമയില്‍ വരുന്നുണ്ട്. അവരില്‍ ലീഡ് റോളുകളിലേക്കെത്തുന്നവര്‍ പോലുമുണ്ട്. ഇവിടെ നമുക്ക് എന്ത് കിട്ടിയാലും അത് ഉപയോഗപെടുത്തുകയെന്നുള്ളതാണ് കാര്യം.

പിന്നെയുള്ള കാര്യം, ഇവിടെ സിനിമയില്‍ ആകെ മലയാളികള്‍ അംഗീകരിക്കുന്നത് ഒരു പതിനഞ്ച് നായകന്‍മാരെയാവും. അപ്പോള്‍ ഒരു പ്രൊഡ്യൂസര്‍ ചിന്തിക്കുമ്പോള്‍, ഈ പതിനഞ്ച് പേരില്‍ ഒരാളെ വെച്ച് തന്റെ സിനിമ ചെയ്താല്‍ മാത്രമേ ആളുടെ സിനിമക്ക് സേഫ്റ്റിയുണ്ടാവുകയുള്ളു.

അത് സിനിമയിലെ ഇക്കണോമിക് മോഡിന്റെ പ്രശ്‌നമാണ്. അല്ലാതെ ഇതിലും നന്നായി അഭിനയിക്കുന്നവര്‍ പുറത്തില്ലാഞ്ഞിട്ടല്ല. പുറത്ത് ഒരുപാട് ആളുകളുണ്ട്. പക്ഷെ നമ്മുടെ പ്രേക്ഷകര്‍ കുറച്ചുകൂടെ അക്സെപ്റ്റിങ്ങായി തുടങ്ങണം.

തൊട്ടടുത്തുള്ള തമിഴ്‌നാട്ടില്‍ നോക്കുകയായെങ്കില്‍, അവര്‍ തമിഴില്‍ ലീഡ് ആക്ടറായി കൊണ്ടു വരാമെന്ന് ചിന്തിക്കുന്ന അന്‍പത് പേരെങ്കിലും കുറഞ്ഞതുണ്ടാകും. അവിടെ ആദ്യത്തെ പത്ത് പേര്‍, അടുത്ത പത്തു പേരെന്ന് പറഞ്ഞാണുണ്ടാകുക.

എന്നാല്‍ മലയാളത്തില്‍ അതില്ല. മലയാളത്തില്‍ ആദ്യത്തെ അഞ്ചു പേര്‍, പിന്നെയുള്ള പത്തുപേര്‍. അത് കഴിഞ്ഞാല്‍ പിന്നെ കഴിഞ്ഞു. നല്ല നായകന്‍മാര്‍ ഇല്ലെന്നല്ല. പ്രൊഡ്യൂസര്‍മാര്‍ ബാങ്കബിളെന്ന് വിശ്വസിക്കുന്നവര്‍ കുറവാണ്. അത് പ്രേക്ഷകരുടെ പ്രശ്‌നമായിട്ടാണ് ഞാന്‍ കാണുന്നത്. അവര്‍ അക്സെപ്‌റ് ചെയ്താല്‍ ഇത് മാറും,’ ജോര്‍ജ് കോര പറയുന്നു.


Content Highlight: George Kora Talks About Malayalam Movies

Latest Stories

We use cookies to give you the best possible experience. Learn more