| Sunday, 19th November 2023, 6:20 pm

ആ സീൻ ചെയ്യാൻ എന്നെക്കാൾ ചമ്മൽ നവ്യ ചേച്ചിക്ക് ആയിരുന്നു, അതിനായി 25 ടേക്ക് പോയി: ജോർജ് കോര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ വളർന്ന് വരുന്ന നടനും സംവിധായകനുമാണ് ജോർജ് കോര. അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമത്തിൽ ജോർജ് അഭിനയിച്ചിരുന്നു. ഈയിടെ പുറത്തിറങ്ങിയ ഷറഫുദ്ദീൻ ചിത്രം തോൽവി എഫ്.സി എന്ന സിനിമ സംവിധാനം ചെയ്തത് ജോർജ് കോരയായിരുന്നു.

പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള കോര ജാനകി ജാനെ എന്ന ചിത്രത്തിൽ നടി നവ്യ നായരുമൊത്ത് അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ്.

ചിത്രത്തിലെ ഒരു സീനിൽ കല്യാണവീട്ടിൽ വച്ച് കറന്റ് പോകുമ്പോൾ ഭർത്താവാണെന്ന് കരുതി നവ്യ കോര അവതരിപ്പിച്ച കഥാപാത്രത്തെ കെട്ടിപിടിക്കുന്ന ഒരു സീനുണ്ട്. എന്നാൽ ആ സീൻ ചെയ്യുമ്പോൾ രണ്ടുപേർക്കും നല്ല ചമ്മൽ ഉണ്ടായിരുന്നു എന്നാണ് ജോർജ് കോര പറയുന്നത്. നവ്യ നായരെ പരിചയപ്പെട്ട അനുഭവവും താരം മിർച്ചി മലയാളത്തോട് പങ്കുവച്ചു.

‘ആ പടത്തിൽ ഒരു സീനുണ്ട്. ഒരു കല്യാണ വീട്ടിൽ കറന്റ്‌ പോവുമ്പോൾ നവ്യ ചേച്ചി പെട്ടെന്ന് കെട്ടിപിടിക്കുന്നതാണ് സീൻ. സിനിമയിൽ ഭർത്താവാണെന്ന് തെറ്റിദ്ധരിച്ചാണ് എന്നെ കെട്ടിപിടിക്കുന്നത്. ഇതാണ് ആ സിനിമയിൽ ഞാനും നവ്യ ചേച്ചിയും ഒരുമിച്ചുള്ള ആകെയുള്ള ഒരു സീൻ.

എന്റെ കരിയറിൽ ആദ്യമായിട്ടാണ് നവ്യ നായരെ ഞാൻ കാണുന്നത് തന്നെ. എനിക്കാണെങ്കിൽ നല്ല ചമ്മൽ ഉണ്ടായിരുന്നു. ഞാൻ നോക്കുമ്പോൾ ചേച്ചി ദൂരെ നിന്ന് വരുന്നുണ്ട്. നവ്യ ചേച്ചി കാരവാനിൽ നിന്നിറങ്ങി ഒരു ഭാഗത്ത് ഇരിക്കുകയായിരുന്നു.

പെട്ടന്ന് ഒരാൾ വന്ന് എന്നോട് പറഞ്ഞു നവ്യ ചേച്ചി വിളിക്കുന്നുണ്ടെന്ന്. എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ഞാൻ അടുത്തേക്ക് ചെന്നിട്ട് ഹലോ നവ്യ ചേച്ചി എന്ന് പറഞ്ഞു. അത് വരെ ഒന്നും മിണ്ടാതെ ഇരുന്ന നവ്യ ചേച്ചി പെട്ടെന്ന് തലയുയർത്തി എന്നോട് ചോദിച്ചു, ചേച്ചിയോ എന്ന്.

എന്നോട് അടുത്തിരിക്കാൻ പറഞ്ഞു. പിന്നെ ഒരു അര മണിക്കൂർ ചേച്ചിയുടെ കത്തിയായിരുന്നു. അപ്പോഴാണ് എനിക്ക് മനസിലാവുന്നത് എന്നേക്കാൾ കൂടുതൽ ചമ്മൽ നവ്യ ചേച്ചിക്ക് ആണെന്ന്. പുള്ളിക്കാരി ഒന്ന് കംഫർടബിൾ ആവാൻ വേണ്ടി നമ്മളെ വിളിക്കുകയാണ്.

എനിക്ക് നവ്യ ചേച്ചിയുടെ ഏറ്റവും വലിയ ക്വാളിറ്റിയായി തോന്നിയ കാര്യം അതാണ്. ഞങ്ങൾ പുതിയ താരങ്ങൾ ആണെന്ന ഒരു വേർതിരിവും ഇല്ലാതെ കൂടെ അഭിനയിക്കുന്ന ആളെ കംഫർടബിൾ ആക്കിയ ശേഷം ഒന്നിച്ച് അഭിനയിക്കാമെന്ന ആറ്റിട്യൂഡാണ് നവ്യ ചേച്ചിക്ക്.

അത് കണ്ട് പഠിക്കണം. പിന്നെ ആ കെട്ടിപിടിത്തം സീൻ ഒരു 25 ടേക്ക് പോയത് കൊണ്ട് ഞങ്ങൾ രണ്ട് പേരും വളരെ കംഫർടബിൾ ആയിരുന്നു(ചിരി),’ജോർജ് കോര പറയുന്നു.

Content Highlight: George Kora Talk About A Scene With Navya Nair

Latest Stories

We use cookies to give you the best possible experience. Learn more