ജോര്‍ജ് ഫ്‌ളോയിഡിന്റെ പ്രതിമയ്ക്ക് നേരെ വെളുത്ത മേധാവിത്വവാദികളുടെ ആക്രമണം
World News
ജോര്‍ജ് ഫ്‌ളോയിഡിന്റെ പ്രതിമയ്ക്ക് നേരെ വെളുത്ത മേധാവിത്വവാദികളുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th June 2021, 9:51 am

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പൊലീസ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ പ്രതിമയ്ക്ക് നേരെ വെളുത്ത മേധാവിത്വവാദികളുടെ ആക്രമണം.

ഫ്‌ളോയിഡിന്റെ പ്രതിമയിലേക്ക് കറുത്ത പെയിന്റ് ഒഴിച്ചായിരുന്നു ആക്രമണം. വെളുത്ത വലതുപക്ഷ വിദ്വേഷ ഗ്രൂപ്പായി കണക്കാക്കപ്പെടുന്ന ഈ സംഘം പീഠത്തില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് ‘പാട്രിയറ്റ്‌സ് ഫ്രണ്ട് യു.എസ്’ എന്നും എഴുതിയിട്ടുണ്ട്.

അമേരിക്കന്‍ നഗരമായ മിനപോളിസില്‍ വെച്ച് 2020 മെയ് 25നാണ് ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ടത്. വ്യാജ കറന്‍സി കൈയ്യില്‍ വെച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഫ്‌ളോയിഡിനെ വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന്‍ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

ഇതിന് പിന്നാലെ അമേരിക്കയില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് ഡെറക് ചൗവിനെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ടൗ താവോ, ജെ അലക്സാണ്ടര്‍ കുവെങ്, തോമസ് കെ ലെയ്ന്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍. ഇവര്‍ മൂന്ന് പേരും ചേര്‍ന്നാണ് ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്തത്.

മെയ് മാസത്തില്‍ കോടതി ചൗവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനപൂര്‍വ്വമല്ലാത്ത കൊലപാതകം എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധത്തോട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച അടിച്ചമര്‍ത്തല്‍ നടപടി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: George Floyd statues vandalised by white supremacist group