ന്യൂയോർക്ക്: യു.എസിൽ ബ്ലാക്ക് ലിവ്സ് മാറ്റർ മുന്നേറ്റത്തിന് തുടക്കം കുറിച്ച ജോർജ് ഫ്ലോയ്ഡ് കൊലക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഡെറെക് ഷോവിന് സഹതടവുകാരന്റെ കുത്തേറ്റതായി റിപ്പോർട്ട്.
അരിസോനയിലെ ടക്സൺ ഫെഡറൽ കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലാണ് സംഭവം. ഷോവിന് ഗുരുതരമായി പരിക്കേറ്റതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയ കുറ്റത്തിന് 22.5 വർഷവും പൗരാവകാശങ്ങൾ ലംഘിച്ചതിന് 21 വർഷവും തടവ് വിധിക്കപ്പെട്ട ഷോവിൻ കഴിഞ്ഞ വർഷമാണ് മിനെസോട്ടയിലെ അതീവ സുരക്ഷാ ജയിലിൽ നിന്ന് ടക്സണിലേക്ക് മാറ്റിയത്.
2020ലാണ് ലോകത്തെ നടുക്കിയ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം നടന്നത്. മിന്നപൊലിസിലെ ഒരു സ്റ്റോറിൽ 20 ഡോളറിന്റെ വ്യാജ ബിൽ ഉപയോഗിച്ച് സാധനം വാങ്ങിയെന്ന സംശയത്തിൽ അറസ്റ്റിലായ ഫ്ലോയ്ഡ് പൊലീസ് കസ്റ്റഡിയിൽ വെച്ചാണ് കൊല്ലപ്പെട്ടത്.
ഫ്ലോയ്ഡിന്റെ കഴുത്തിൽ ഒമ്പത് മിനിറ്റിൽ കൂടുതൽ സമയം മുട്ടുകുത്തി നിൽക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
കറുത്ത വർഗ്ഗക്കാർക്ക് നേരെയുള്ള വംശീയ അതിക്രമത്തിന്റെ ഉദാഹരണമാണ് ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം എന്ന് ചൂണ്ടിക്കാട്ടി യു.എസിലുടനീളം വലിയ റാലികളും പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. മരിക്കുന്നതിന് മുമ്പ് ഫ്ലോയ്ഡിന്റെ അവസാന വാക്കുകളായിരുന്ന ‘എനിക്ക് ശ്വാസം മുട്ടുന്നു’ ഏറ്റുപിടിച്ചായിരുന്നു പ്രതിഷേധങ്ങൾ നടന്നത്.
നവംബർ 20ന് ശിക്ഷാ വിധിക്കെതിരെയുള്ള ഷോവിന്റെ ഹരജി യു.എസ് സുപ്രീം കോടതി തള്ളിയിരുന്നു.
ഫ്ലോയ്ഡിന്റെ മരണസമയം ഷോവിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് 3-4.5 വർഷം തടവ് വിധിക്കപ്പെട്ടിരുന്നു.
Content Highlight: George Floyd’s killer stabbed in prison