അമേരിക്കയിലെ മിനിയാപോളീസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ളോയിഡിനെ പൊലീസ് കാൽമുട്ടിനിടയിൽ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തിൽ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഈ പശ്ചാത്തലത്തിൽ പ്രക്ഷോഭകർ തീയിട്ട ഇന്ത്യൻ റസ്റ്റോറണ്ടിന്റെ ഉടമ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു.
ബംഗ്ലാദേശ് വംശജനയായ റുഹേൽ ഇസ്‌ലാമിന്റെ മിനിയാപോളീസിന് സമീപത്തെ ഗാന്ധിമഹൽ ഇന്ത്യൻ റസ്റ്റോറന്റിനാണ് പ്രക്ഷോഭകർ തീയിട്ടത്. റസ്റ്റോറന്റ് ഉടമ റുഹേലിന് വേണ്ടി മകളാണ് കുറിപ്പെഴുതിയത്. ഞങ്ങൾക്ക് നഷ്ടം സംഭവിച്ചാലും നീതിക്ക് വേണ്ടി കൂടെ നിൽക്കുമെന്നാണ് കുറിപ്പിൽ മകൾ പറയുന്നത്. ഫ്ളോയിഡിന് നീതി ലഭിക്കട്ടെയെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി.
പ്രിയപ്പെട്ടവരെ,
ഞങ്ങളുടെ അടുത്തെത്തിയ എല്ലാവർക്കും നന്ദി. ഖേദകരമെന്ന് പറയട്ടെ, ഗാന്ധിമഹൽ റസ്റ്റോറന്റിന് തീപിടിക്കുകയും ചില കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. എന്നിരുന്നാലും ഞങ്ങൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഗാന്ധിമഹലിനെ സംരക്ഷിക്കാൻ ഓടിയെത്തിയ എല്ലാ അയൽക്കാരോടും നന്ദി പറയുന്നു. നിങ്ങളുടെ ശ്രമങ്ങൾ തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.
ഞങ്ങളെക്കുറിച്ചോർത്ത് വിഷമിക്കണ്ട. ഞങ്ങൾ കെട്ടിടം പുനർനിർമ്മിച്ച് തിരികെവരും. റുഹേൽ ഇസ്ലാമിന്റെ മകൾ ഹഫ്സയാണ് ഇതെഴുതുന്നത്. അച്ഛന്റെ അടുത്തിരുന്ന് വാർത്തകൾ കാണുകയാണ് ഞാൻ. അച്ഛൻ ഫോണിൽ പറയുന്നത് എനിക്ക് കേൾക്കാം. എന്റെ കെട്ടിടം കത്തിയെരിഞ്ഞോട്ടെ, നീതി ലഭിക്കുക തന്നെ വേണം. ആ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ അടയ്ക്കണം.
ഗാന്ധിമഹലിന് കഴിഞ്ഞ രാത്രി തീപിടിച്ചിരുന്നിരിക്കാം. എന്നാൽ നമ്മുടെ സമൂഹത്തെ സഹായിക്കാനും സംരക്ഷിക്കാനും കൂടെ നിർത്താനുമുള്ള പ്രേരണ ഒരിക്കലും ഇല്ലാതാകുന്നില്ല. എല്ലാവർക്കും സമാധാനം. ഫ്ളോയിഡിന് നീതി ലഭിക്കട്ടെ.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക