| Sunday, 31st May 2020, 2:36 pm

ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് തെരുവുകളില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്.

പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യയില്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രൂക്ലിന്‍ തെരുവില്‍ പ്രതിഷേധിക്കുന്നവരുടെ നേരെയാണ് പൊലീസ് വാഹനം ഇടിച്ചു കയറ്റുന്നത്.

ബാരിക്കേഡുകള്‍ക്ക് പിന്നില്‍ നിന്ന് പ്രതിഷേധിക്കുന്ന പ്രതിഷേധക്കാര്‍ക്കിടയിലേക്ക് പെട്ടെന്ന് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ നിലത്തേക്ക് വീഴുന്നതായി കാണുന്നുണ്ടെങ്കിലും ആര്‍ക്കും ഗുരുതരമായി പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകളില്ല.

ജോര്‍ജ് ഫ്‌ളോയിഡിന് നീതി വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ മനുഷ്യത്വരഹിതമായ രീതിയിലാണ് പൊലീസ് നേരിടുന്നത്.

അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലെല്ലാം പ്രതിഷേധം നടക്കുന്നുണ്ട്.

വൈറ്റ് ഹൗസിന്റെ മതില്‍ക്കെട്ട് ഭേദിച്ച് പ്രതിഷേധക്കാര്‍ കടന്നാല്‍ നേരിടാന്‍ വെറിപിടിച്ച നായ്ക്കളും അപകടകരമായ ആയുധങ്ങളും കാത്തിരിപ്പുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്.

പ്രതിഷേധം അടിച്ചമര്‍ത്താന്‍ നഗരങ്ങളില്‍ സുരക്ഷാ ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്. 26 ഓളം നഗരങ്ങളില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more