അമേരിക്കയില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് 1400 ഓളം പ്രതിഷേധക്കാരെ; 25 ഓളം നഗരങ്ങളില്‍ കര്‍ഫ്യൂ; പ്രതിഷേധച്ചൂടില്‍ രാജ്യം
World News
അമേരിക്കയില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് 1400 ഓളം പ്രതിഷേധക്കാരെ; 25 ഓളം നഗരങ്ങളില്‍ കര്‍ഫ്യൂ; പ്രതിഷേധച്ചൂടില്‍ രാജ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st May 2020, 3:51 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പൊലീസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ജോര്‍ജ് ഫളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന് നീതി ആവശ്യപ്പെട്ട് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടത് 1400 ആളുകള്‍. 17 നഗരങ്ങളില്‍ നിന്ന് 1400 പ്രതിഷേധക്കാരാരെ പൊലീസ് അറസ്റ്റ് ചെയ്തതായി എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 500 ഓളം അറസ്റ്റുകള്‍ ലോസ് ആഞ്ചെലസിലാണ്. ലോസ് ആഞ്ചെലസില്‍ സ്‌റ്റേറ്റ് എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.

16 സംസ്ഥാനങ്ങളിലെ കുറഞ്ഞത് 25 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ഡിട്രോയിറ്റില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന അജ്ഞാത വെടിവെപ്പില്‍ 19 വയസ്സുകാരന്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രാജ്യത്ത് നടക്കുന്ന പ്രതിഷേധം എന്ത് വിലകൊടുത്തും അടിച്ചമര്‍ത്തണമെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധം നടക്കുന്ന നഗരങ്ങളിലേക്ക് മിലിട്ടറി പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതിഷേധം തുടങ്ങിയ മിനിയാപോളിസ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നാഷണല്‍ ഗാര്‍ഡ് ട്രൂപ്പിനെ വിന്യസിച്ചിട്ടുണ്ട്. 4100 ലധികം പട്ടാളക്കാര്‍ മിനസോട്ടാ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധത്തിന് നേരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്ലെല്ലാം ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധം തുടരുകയാണ്.

അതേസമയം, ന്യൂയോര്‍ക്കില്‍ പ്രതിഷേധക്കാര്‍ക്ക് നേരം പൊലീസ് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധം തുടര്‍ന്നാല്‍ വെടിവെച്ചുകൊല്ലുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് നേരത്തെ ഭീഷണി ഉയര്‍ത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക