വാഷിംഗ്ടണ്‍: ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂനിയെ യു.എസ് പോലീസ് അറസ്റ്റു ചെയ്തു. വാഷിംഗ്ടണ്‍ ഡിസിയിലെ സുഡാന്‍ എംബസിയ്ക്കു മുന്നില്‍ പ്രതിഷേധ പ്രകടനത്തിനു നേതൃത്വം നല്‍കിയതിനാണ് ക്ലൂനിയെ അറസ്റ്റു ചെയ്തത്. ക്ലൂനിയെ പോലീസ് പിന്നീട് വിട്ടയച്ചു.
സുഡാന്‍- ദക്ഷിണ സുഡാന്‍ അതിര്‍ത്തി മേഖലയില്‍ വളര്‍ന്നുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഏറ്റുമുട്ടലുകളും പരിഹരിക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് ഐക്യരാഷ്ട്രസഭയുടെ മുന്‍ സമാധാന ദൂതന്‍ കൂടിയായ ക്ലൂനി പ്രതിഷേധം പ്രകടനം നടത്തിയത്. ക്ലൂനിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ പിതാവ് നിക്ക് ക്ലൂനിയും അറസ്റ്റിലായിരുന്നു. ഇവരെക്കൂടാതെ എന്‍.എ.എ.സി.പി പ്രസിഡന്റ് ബെന്‍ ജലസ്, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മൂന്നാമന്‍, നടന്‍ ഡിക്ക് ഗ്രിഗറി എന്നിവരും അറസ്റ്റിലായിരുന്നു.
നൂറു ഡോളറിന്റെ ജാമ്യത്തിലാണ് ക്ലൂനിയെ പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഒബാമയുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും ക്ലൂനി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റുണ്ടായത്. കഴിഞ്ഞ വര്‍ഷം സുഡാനില്‍ നിന്നു ദക്ഷിണ സുഡാന്‍ സ്വാതന്ത്ര്യം നേടിയെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും വഷളായ നിലയിലാണ്.