2024 ടി-20 ലോകകപ്പ് അവസാനിച്ചതിനുശേഷം ഓസ്ട്രേലിയന്‍ സൂപ്പര്‍താരം ഡേവിഡ് വാര്‍ണര്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും തന്റെ ഭാവിയെക്കുറിച്ച് നിര്‍ണായകമായ ഒരു അപ്ഡേറ്റ് അടുത്തിടെ വാര്‍ണര്‍ നടത്തിയിരുന്നു.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ഇക്കാര്യം വാര്‍ണര്‍ പുറത്തുവിട്ടത്. താന്‍ കുറച്ചുകാലം ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കും എന്നും ഓസ്ട്രേലിയന്‍ ടീമില്‍ തെരഞ്ഞെടുത്താല്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ തയ്യാറാണെന്നുമാണ് വാര്‍ണര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
വാർണറിന്റെ ചാമ്പ്യൻസ് ട്രോഫിയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറായ ജോർജ് ബെയ്ലി.വാർണർ 2025 ചാമ്പ്യൻസ് ട്രോഫിയിൽ ഉണ്ടാവില്ലെന്നാണ് മുൻ ഓസീസ് താരം പറഞ്ഞത്.
‘ഡേവിഡ് വിരമിച്ചു എന്നാണ് ഞങ്ങളുടെ ധാരണ . മൂന്നു ഫോര്‍മാറ്റുകളിലേയും അദ്ദേഹത്തിന്റെ അവിശ്വസനീയമായ കരിയറിനെ അഭിനന്ദിക്കണം. പാകിസ്ഥാന്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ അവന്‍ ടീമിനൊപ്പം ഉണ്ടാവില്ല. അവന് അതിശയകരമായ ഒരു കരിയര്‍ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളില്‍ വളരെ മികച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ഈ ടീം വ്യത്യസ്ത താരങ്ങളെ ടീമില്‍ എടുക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്,’ ജോര്‍ജ് ബെയ്ലി യാഹൂ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെയുള്ള മത്സരത്തിലാണ് വാര്‍ണര്‍ അവസാനമായി ഓസ്ട്രേലിയക്ക് വേണ്ടി കളിച്ചത്. ഓസീസിനൊപ്പം അവസാനമായി വാര്‍ണര്‍ ഏകദിനം കളിച്ചത് 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ആയിരുന്നു. ജനുവരിയില്‍ പാകിസ്ഥാനെതിരെയാണ് വാര്‍ണര്‍ അവസാനമായി ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയക്കായി കളിച്ചത്.
26 സെഞ്ച്വറികളും 37 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 8786 റണ്‍സാണ് വാര്‍ണര്‍ ടെസ്റ്റില്‍ നേടിയിട്ടുള്ളത്. ഏകദിനത്തിലേക്ക് വരുകയാണെങ്കില്‍ 161 മത്സരങ്ങളില്‍ നിന്നും 6932 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 22 സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളുമാണ് വാര്‍ണര്‍ നേടിയിട്ടിയുള്ളത്. ടി-20യില്‍ 28 ഫിഫ്റ്റിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 3277 റണ്‍സാണ് താരം നേടിയത്.