ഐ.സി.സി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറിന്റെ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിരിക്കുകയാണ് ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ ജോർജ് ബെയ്ലി.
വാർണർ ഈ മികച്ച പ്രകടനങ്ങളിലൂടെ ലോകകപ്പിലേക്ക് മുന്നേറുന്നതിൽ അത്ഭുതപ്പെടുന്നില്ലെന്നും വലിയ താരങ്ങൾ ലോകകപ്പ് പോലുള്ള വേദികളിൽ എത്തുമ്പോൾ സ്വയം ഫോം കെട്ടിപ്പടുക്കുമെന്നുമാണ് ബെയ്‌ലി പറഞ്ഞത്.
‘ലോകകപ്പ് തുടങ്ങുമ്പോൾ ഓസ്ട്രേലിയൻ ടീമിൽ മാത്രമല്ല, മറ്റു ടീമുകളിലെ മികച്ച താരങ്ങളെല്ലാം സ്വയം ഫോം കണ്ടെത്തുകയും ആവേശഭരിതരാവുകയും ചെയ്യും’, ബെയ്‌ലി ക്രിക്കറ്റ് ഓസ്ട്രേലിയയോട് പറഞ്ഞു.
‘തങ്ങൾ എത്ര മികച്ച ടീമാണെന്ന് തെളിയിക്കുക മാത്രമല്ല അതിന് പുറമെ ടീമിന് ആവേശകരമായ മികച്ച വിജയങ്ങൾ ടീമിന് നേടികൊടുക്കാനും സാധിക്കണം. അതിനാൽ നിങ്ങൾ ആവേശത്തോടെ കളിക്കണം. വാർണർ ഇപ്പോൾ മികച്ച ഫോമിലാണ്. അവനിൽ നിന്നും ഞങ്ങൾ ഒരുപാട് പ്രതീക്ഷിക്കുന്നു’, ബെയ്‌ലി കൂട്ടിച്ചേർത്തു.
ഡേവിഡ് വാർണറിന്റെ മൂന്നാമത്തേയും അവസാനമത്തേയും ലോകകപ്പാണിത്. സമീപ കാലങ്ങളിൽ താരം മികച്ച ഫോമിലാണ് കളിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി നടന്ന ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും താരം അർധസെഞ്ച്വറി നേടിയത് ശ്രദ്ധേയമായിരുന്നു.
53.67 ശരാശരിയിലാണ് പരമ്പരയിൽ താരം ബാറ്റ് ചെയ്തത്. മൂന്നു മത്സരങ്ങളിൽ നിന്നും 161 റൺസാണ് താരം നേടിയത്. 127.78 സ്ട്രൈക്ക് റേറ്റിൽ ആയിരുന്നു വാർണറിന്റെ ബാറ്റിങ്.
അതിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും വാർണർ മികച്ച ഫോമിലായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നും 41.20 ശരാശയിൽ 206 റൺസാണ് താരം നേടിയത്. 121.18 പ്രഹരശേഷിയിലാണ് വാർണർ പ്രോട്ടീസിനെതിരെ ബാറ്റ് ചെയ്‌തത്.
2009ൽ ഓസ്ട്രേലിയക്ക് വേണ്ടി അരങ്ങേറിയ വാർണർ 150 മത്സരങ്ങളിൽ നിന്നും 6397 റൺസ് നേടിയിട്ടുണ്ട്. 20 സെഞ്ച്വറികളും 50 അർധസെഞ്ച്വറികളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇത് വാർണറിന്റെ അവസാന ലോകകപ്പ് ആണ് അതുകൊണ്ട് തന്നെ കിരീടം നേടിക്കൊണ്ട് ക്രിക്കറ്റിൽ നിന്നും വിരമിക്കാനാവും താരം ആഗ്രഹിക്കുക. വാർണറിന്റെ ബാറ്റിങ്ങിലെ ഈ മിന്നും ഫോം ലോകകപ്പിലും ആവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ലോകകപ്പിൽ ഒക്ടോബർ എട്ടിന് ഇന്ത്യക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ചെന്നൈ ചിദംബരം സ്റ്റേഡിയം ആണ് വേദി.
Content Highlight: George Bailey praises David Warner’s batting performances ahead of World Cup