വിരാട് തിരിച്ചെത്തും മുമ്പ് നേടാന്‍ പറ്റുന്നതൊക്കെ നേടണം, അവനെത്തിയാല്‍.... മുന്നറിയിപ്പ് ഇംഗ്ലണ്ടില്‍ നിന്ന് തന്നെ
Sports News
വിരാട് തിരിച്ചെത്തും മുമ്പ് നേടാന്‍ പറ്റുന്നതൊക്കെ നേടണം, അവനെത്തിയാല്‍.... മുന്നറിയിപ്പ് ഇംഗ്ലണ്ടില്‍ നിന്ന് തന്നെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th January 2024, 10:42 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ വിജയിച്ചിരുന്നു. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.

നാലാം നമ്പറില്‍ വിരാട് കോഹ്‌ലിയുടെ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും മാറി നിന്നിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നാണ് വിരാട് വിട്ടുനില്‍ക്കുന്നത്.

മൂന്നാം മത്സരത്തിന് മുമ്പായി വിരാട് സ്‌ക്വാഡിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിരാട് ടീമില്‍ തിരിച്ചെത്തും മുമ്പ് സാധ്യമായ എല്ലാ അഡ്വാന്റേജും സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിനോട് ആവശ്യപ്പെടുകയാണ് ഇതിഹാസ താരം ജെഫ്രി ബോയ്‌ക്കോട്ട്. വിരാടിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്നും ഇംഗ്ലണ്ട് അത് മുതലെടുക്കണമെന്നും ബോയ്‌ക്കോട്ട് പറഞ്ഞു.

ടെലിഗ്രാഫിലെ തന്റെ കോളത്തിലാണ് ബോയ്‌ക്കോട്ട് വിരാടിന്റെ അഭാവത്തെ കുറിച്ചും അത് ഇന്ത്യന്‍ ടീമിലുണ്ടാക്കിയ തിരിച്ചടികളെ കുറിച്ചും എഴുതിയത്.

‘ഇന്ത്യന്‍ പിച്ചുകളില്‍ 60 ശരാശരിയുള്ള അതിഗംഭീരനായ ബാറ്ററാണ് വിരാട്. ഗ്രൗണ്ടിലേക്ക് മികച്ച ഊര്‍ജം കൊണ്ടുവരാനും എല്ലാവരെയും ആവേശത്തിലാക്കാനും വിരാടിന് സാധിക്കും. അവന്റെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വളരെ വലിയ നഷ്ടമാണ്. മൂന്നാം ടെസ്റ്റില്‍ അവന്‍ തിരിച്ചെത്തും മുമ്പ് ഇംഗ്ലണ്ട് സാധ്യമായ എല്ലാ അഡ്വാന്റേജും സ്വന്തമാക്കണം,’ ബോയ്‌ക്കോട്ട് പറഞ്ഞു.

മുഹമ്മദ് ഷമിയും റിഷബ് പന്തും അടക്കം ഇന്ത്യയുടെ പ്രധാനപ്പെട്ട ടെസ്റ്റ് താരങ്ങളൊന്നും ടീമിനൊപ്പമില്ലെന്നും ഇത് ഇന്ത്യക്കെതിരെ പരമ്പര നേടാനുള്ള ഇംഗ്ലണ്ടിന്റെ അത്യപൂര്‍വ അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നിരിക്കുകയാണ്. വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, റിഷബ് പന്ത് എന്നിവരുടെ അഭാവം ഇംഗ്ലണ്ടിനെ സംബന്ധിച്ച് അനുകൂല സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. മികച്ച വിജയത്തിന് പിന്നാലെ അവര്‍ ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ട് ഈ അപൂര്‍വ അവസരം മുതലാക്കണം,’ ബോയ്‌ക്കോട്ട് കൂട്ടിച്ചേര്‍ത്തു.

 

ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലാണ്. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ അടുത്ത മത്സരം. വിശാഖപട്ടണമാണ് വേദി.

 

Content Highlight: Geoffrey Boycott about Virat Kohli