ന്യൂദല്‍ഹി: യഥാര്‍ത്ഥ ഇന്ത്യക്കാരില്‍ പലരും ദേശീയ പൗരത്വപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ്. നിയമപരമായും അല്ലാതെയും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
‘അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 1.9 ലക്ഷം ആളുകളില്‍ നിരവധി യഥാര്‍ത്ഥ ഇന്ത്യന്‍പൗരന്മാര്‍ ഉള്‍പ്പെടുന്നുണ്ട്. ഭാഷാപരവും മതപരവുമായ വ്യത്യാസം അതില്‍ ഉണ്ടായെന്നതിന് മതിയായ സാഹചര്യ തെളിവുകള്‍ ഉണ്ടെന്നും’ എ.ഐ.സി.സി അഭിപ്രായപ്പെട്ടു.
ഒരേ കുടുംബത്തിലെ തന്നെ ചിലരുടെ പേരുകള്‍ പട്ടികയില്‍ നിന്നും ഒഴിവായിപോയെന്നും കോണ്‍ഗ്രസ് പറഞ്ഞു.
അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള് പട്ടികയില്‍ ഉള്‍പ്പെടുകയും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തു.
ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്.
അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്.
അന്തിമ പൗരത്വ രജിസ്റ്റര്‍ പുറത്തുവന്ന ശേഷവും പട്ടികയില്‍ പേര് വരാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.