ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തോടു ചേര്‍ന്നു നില്‍ക്കുന്ന എഴുത്തുകാരും ബുദ്ധിജീവികളും മനസ്സിലാക്കാന്‍ വിസമ്മതിക്കുകയും അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലായെന്നു നടിക്കുകയും മറ്റുള്ളവരെ അറിയിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യന്ന ലോകത്തിലെ ഏറ്റവും ഭീകരമായ മനുഷ്യാവകാശധ്വംസന പ്രശ്‌നമാണ് ഉയിഗുര്‍വംശജരായ മുസ്ലിമുകള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏകാധിപത്യത്തിന്‍ കീഴില്‍ അനുഭവിക്കുന്ന വംശീയമായ ഉന്മൂലനം.
ചൈനയുടെ പ്രചാരവേല സംവിധാനങ്ങളെയും സി.സി.പി യുടെ വന്‍മതിലിനെയും ഭേദിച്ചു ഉയിഗുര്‍ മുസ്ലിമുകള്‍ നേരിടുന്ന വംശഹത്യ ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ അപൂര്‍വമായി മാത്രമാണ് ഒളിച്ചും കടത്തിയും പാശ്ചാത്യ മാധ്യമങ്ങളിലൂടെ ലോകം അറിയുന്നത്.
എന്നാല്‍, പാശ്ചാത്യ മാധ്യമങ്ങളുടെ മനുഷ്യാവകാശ താല്പര്യങ്ങള്‍ അവിടത്തെ ഭരണകൂടങ്ങളുടെ ആഗോള മൂലധന താല്പര്യങ്ങളുടെ പ്രതിഫലനം മാത്രമാണെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദീര്‍ഘകാലത്തെ പ്രചാരണത്തെ അടിസ്ഥാനമാക്കി ഉയിഗൂര്‍ മുസ്ലിമുകളെക്കുറിച്ചുള്ള വസ്തുതാധിഷ്ഠിത വാര്‍ത്തകള്‍ ചൈനാ വിരുദ്ധ പ്രചാരവേലയായാണ് വ്യഖ്യാനിക്കപ്പെടുന്നത്.
എന്തുതന്നെയായാലും, ചൈനയുടെ ഉയിഗുര്‍ വംശജരുടെ അടിച്ചമര്‍ത്തലില്‍ ഇസ്ലാമോഫോബിയും ചൈനയുടെ ഹാന്‍ അധീശത്വ സംസ്‌ക്കാരത്തിന്റെ അധിനിവേശവുമുണ്ട്.
ചൈനയിലെ സ്വയംഭരണ പ്രദേശമായ ഷിജിയാങ് പ്രവിശ്യയിലെ ഉയിഗുര്‍ വംശജരായ മുസ്ലിമുകള്‍ മാവോയുടെ സാംസ്‌കാരിക വിപ്ലവ കാലം മുതല്‍ക്കേ അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. ഇന്നത് വംശീയമായ ഉന്മൂലനത്തിലേക്ക് മാറിയിരിക്കുന്നുവെന്നാണ് ഉയിഗുറില്‍ നിന്നും പലായനം ചെയ്തു അമേരിക്കയിലും തുര്‍ക്കി വഴി യൂറോപ്പിലും അഭയം തേടിയിരിക്കുന്ന ഉയിഗുറുകാരുടെ വിവരണങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്.
ഇടതുപക്ഷ ആശയങ്ങളിലധിഷ്ഠിതമായ സ്വതന്ത്ര പ്രസിദ്ധീകരണങ്ങളില്‍ ഉയിഗുറിലെ എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകൃതമാകാറുണ്ട്. ‘വെര്‍ഡ്‌സ് വിതൗട് ബോര്‍ഡേഴ്‌സി’ലും ‘അറ്റ്‌ലാന്റിക് മാഗസീനി’ലും ഉയിഗുര്‍ സാഹിത്യം പ്രസിദ്ധീകരിക്കപ്പെട്ടിട്ടണ്ട്. കവിതയാണ് ഉയിഗൂര്‍ സാഹിത്യത്തിന്റെ ആത്മാവ്. പ്രധാനപ്പെട്ട പത്തു ഉയിഗൂറുകാരുടെ പേരുകള്‍ പറയാന്‍ ഉയിഗുറുകാരോട് ആവശ്യപ്പെട്ടാല്‍ അവര്‍ തിരഞ്ഞെടുക്കുന്നത് ഏറിയക്കൂറും കവികളെയായിരിക്കും.
കവിതയും നാടോടി ഗാനങ്ങളുമായും അത്രമേല്‍ ആത്മബന്ധമാണ് ഉയിഗുര്‍ സംസ്‌കാരത്തിനുള്ളത്. ഏറ്റവും പ്രധാനപ്പെട്ട കവിയും എഴുത്തുകാരനും ചിന്തകനുമാരാണെന്നു ചോദിച്ചാല്‍ അവര്‍ക്ക് പറയാനുണ്ടാവുക ഒരു പേരാണ്: താഹിര്‍ ഹാമൂത് ഇസ്ഗില്‍. ഉയിഗുര്‍ ജീവിതത്തിന്റെ ആത്മസത്തയെ ഉള്‍ക്കൊള്ളുന്നതാണ് ഇസ്ഗിലിന്റെ കവിതകള്‍.
ഉയിഗുര്‍ മുസ്ലിമുകള്‍ അനുദിനമെന്നോണം അഭിമുഖീകരിക്കുന്ന വംശീയ ഉന്മൂലനത്തിന്റെ വ്യക്തിഗതമായ അനുഭവസാക്ഷ്യമാണ് താഹിര്‍ ഹാമൂത് ഇസ്ഗിലിന്റെ ‘അറസ്റ്റ് ചെയ്യപ്പെടാനായി കാത്തിരിക്കുന്നു’ എന്ന ഉയിഗുറിലെ വംശഹത്യയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍. ഇതിലെ ഓരോ പ്രധാന അധ്യായത്തിന്റെ ഒടുവില്‍ താഹിര്‍ ഇസ്ഗിലിന്റെ കവിതയുണ്ട്.
താഹിര്‍ ഇസ്ഗിലിന്റെ അനുഭവകുറിപ്പുകളിലെ പതിനാലാം അദ്ധ്യായമായ ‘അറസ്റ്റു ചെയ്യപ്പെടാനായി കാത്തിരിക്കുന്നു’ ഉയിഗുറിലെ ഓരോ മുസ്ലിം കുടുംബവും കടന്നുപോകേണ്ടി വരുന്ന പീഡയെക്കുറിച്ചുള്ള ഒരു നേര്‍ചിത്രം നല്‍കുന്നു.
ലോകത്തിലെ എല്ലാ ദുരധികാര ക്രമങ്ങളും സ്വാതന്ത്യ്രം ഇച്ഛിക്കുന്ന പൗരന്മാരോട് കാണിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത അതേ കിരാത നടപടികള്‍ തന്നെയാണ് ചൈനയിലെ പാര്‍ട്ടിയേകാധിപത്യക്രമം ഉയിഗുര്‍ ജനതയോട് ചെയ്തുകൊണ്ടിരിക്കുന്നത്.
ഈ അധ്യായത്തിന്റെ തൊട്ടുമുമ്പത്തേതില്‍ താഹിറും മര്‍ഹബയും അവരുടെ കുഞ്ഞുങ്ങളായ അസീനയും അല്‍മിലയും ഒരു ഹൃസ്വകാല അമേരിക്കന്‍ സന്ദര്‍ശനം നടത്തിയ വിവരങ്ങളാണ്. അവര്‍ അമേരിക്കയിലേക്ക് കുടിയേറാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഒറ്റയ്ക്ക് അവര്‍ ഉയിഗുര്‍ വിട്ടുപോകുന്നതോടെ താഹിറിന്റെ ബന്ധുമിത്രാദികളുടെ ജീവിതം കലങ്ങും.
മാത്രമല്ല, അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടപ്പെടും. പല നടപടികളും നേരിടേണ്ടി വരും. ഇത്തരത്തിലുള്ള ഭീഷണമായ ആലോചനകള്‍ പങ്കുവെയ്ക്കാനാണ് സ്‌കൂള്‍കാല സുഹൃത്തായ കാമിലിനെ കാണാനും ഉപദേശം തേടാനും അയാളുടെ ഫ്‌ലാറ്റില്‍ ചെല്ലുന്നത്. കാമില്‍ ഇതേപ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കാമിലും ഭാര്യയും ഈ പ്രശ്‌നത്തിനുമേല്‍ പരസ്പരം അസ്വസ്ഥപ്പെട്ടിരുന്നു.
കാമിലിന്റെ ഫ്‌ലാറ്റില്‍ ചെല്ലുന്നതോടെ ഇസ്ഗിലിനെയും മര്‍ഹബയെയും മുനീറ അവരെ വീടിന്റെ പുറത്തേക്ക് സംസാരിക്കാനായി കൊണ്ടുപോയി. വീടിന്റെ അകത്തിരുന്നു സംസാരിക്കുന്നത് സുരക്ഷിതമായിരുന്നില്ല. തലസ്ഥാനമായ ഉറുംമിച്ചിയിലെ ഉയിഗുറുകളെ വ്യാപകമായ അറസ്റ്റ് ചെയ്തുതുടങ്ങിയിരുന്നു.
ഭാഷശാസ്ത്രവും തത്വചിന്തയും പഠിച്ച കാമില്‍ ഒരു ഗവേഷണ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. അമേരിക്കയില്‍ സന്ദര്‍ശക ഗവേഷണ വിസയില്‍ പോയിട്ടുണ്ട്. കാമിലിനെ സുരക്ഷാ ഓഫീസര്‍മാര്‍ ചോദ്യം ചെയ്യാനായികൊണ്ടുപോയിരിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം കാമിലുമായി ഫ്‌ലാറ്റ് പരിശോധനയ്ക്കായി പോലീസ് വന്നു. മുനീറയെ പുറത്തേക്ക് പറഞ്ഞയച്ചു വീട് മുഴുവന്‍ അവര്‍ പരിശോധന നടത്തി.
ഒരു ഉയിഗുറിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അയാളുടെ ചങ്ങാതിമാരെയും അയാളുമായി സഹകരിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ അറസ്റ്റ് ചെയ്യപ്പെടാനായി താഹിറും ഒരുങ്ങി. മാത്രമല്ല, വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ കാമിലില്‍ നിന്നും ചൈനീസ് സര്‍ക്കാറിന്റെ പഠന പുസ്തകമായ ‘പാന്‍ ഇസ്ലാമിസം പാന്‍ തുര്‍ക്കിസം’ താഹിര്‍ വാങ്ങിയിരുന്നു.
ഇത് മനസ്സിലാക്കിയ പോലീസ് അന്ന് താഹിറിനോടൊപ്പം കാമിലിനെയും അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും പോലീസ് തന്നെ തേടി വരുമെന്നുള്ള ഭയം താഹിറിനുണ്ട്. ഏതു പാതിരാക്കും അറസ്റ്റ് പ്രതീക്ഷിച്ചിരിക്കുന്ന താഹിറിന്റെ വാക്കുകളില്‍ ലോകത്തിലെ ഏതു പോലീസ് സ്റ്റേറ്റിന്റെയും ഭീഷണിരൂപത്തിന്റെ യഥാര്‍ത്ഥ ചിത്രം കാണാം:
‘കൂട്ട അറസ്റ്റ് ആരംഭിച്ചതോടെ, അതുവരെ തടങ്കല്‍ ജീവിതം നയിച്ചിരുന്ന ഉയിഗുര്‍കളെ അയല്‍പക്ക കമ്മിറ്റികളിലേക്കോ ലോക്കല്‍ പോലീസ് സ്റ്റെന്‍ഷനിലേക്കോ ഫോണില്‍ വിളിച്ചുവരുത്തി അവിടെ നിന്നും കൊണ്ടുപോവുകയാണുണ്ടായത്. എന്നാല്‍ ബുദ്ധിജീവികളെ പാതിരാത്രിക്ക് അവരുടെ വീടുകളില്‍ നിന്നാണ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
ഞാന്‍ കേട്ടതനുസരിച്ചു പാതിരാത്രിക്ക് അവര്‍ താമസിക്കുന്ന വീടിന്റെ വാതിലില്‍ ചെന്നു മുട്ടും. വാതില്‍ തുറക്കുന്നതോടെ അവരുടെ പേരുവിവരങ്ങള്‍ സ്ഥീരീകരിച്ചതിനുശേഷം കൈയാമംവെച്ചും പിടിച്ചുവലിച്ചുമാണ് കൊണ്ടുപോയിരുന്നത്. അവരെ വസ്ത്രം മാറ്റാന്‍ പോലും അനുവദിച്ചിരുന്നില്ല. അവര്‍ എന്താണോ ധരിച്ചിരുന്നത് അതുതന്നെ ധരിച്ചാണ് അവരെ അറസ്‌റ് ചെയ്തുക്കൊണ്ടുപോയിരുന്നത്.
അറസ്റ്റ് ചെയ്യാന്‍ വന്ന വേളയില്‍ ചിലര്‍ പൈജാമ മാത്രമാണ് ധരിച്ചിരുന്നത്. അതു മാറാന്‍ അനുവദിക്കാതെ തന്നെ അവരെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയാണുണ്ടായത്.
പിന്നീട് എന്താണ് സംഭവിക്കുക എന്നത് എല്ലാവര്‍ക്കും അറിയാം. നാലുപാടുമുള്ള കന്മതില്‍, ഉയര്‍ന്ന സീലിംഗ്, ചുറ്റിനും ക്യാമറ, ഇരുമ്പ് വാതില്‍, തണുത്ത സിമന്റ് തറ എന്നിവയല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു ജയില്‍ മുറിയിലേക്കും അല്ലെങ്കില്‍ ലേബര്‍ ക്യാമ്പിലേക്കുമാണ് കൊണ്ടുപോകുന്നത്.
വേനല്‍ക്കാലത്താണെങ്കില്‍ പോലും പാതിരാത്രിക്ക് വാതിലില്‍ മുട്ടുകേള്‍ക്കുമെന്ന തോന്നലില്‍ പോകാനായി തയ്യാറുകുമ്പോള്‍ ആവുംവിധം വസ്ത്രങ്ങള്‍ ധരിക്കേണ്ടതുണ്ട് എന്നതിനാല്‍ പാതിരാത്രിക്ക് വാതില്‍ക്കല്‍ മുട്ടുകേള്‍ക്കേ തയ്യാറാകാന്‍ വേണ്ടി ചൂടുള്ള വസ്ത്രങ്ങളും ഷൂസും ധരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. പകല്‍ സമയത്താണ് കാമില്‍ അറസ്റ്റിലായതെങ്കിലും പാതിരാത്രിക്കാണ് പോലീസ് എന്നെ തേടിവരിക എന്ന ശക്തമായ തോന്നല്‍ എനിക്കുണ്ടായിരുന്നു.’
താഹിര്‍ ഹാമൂത് ഇസ്ഗിലിന്റെ ഉയിഗുറിനെക്കുറിച്ചുള്ള ഓര്‍മകുറിപ്പുകള്‍ ആരംഭിക്കുന്നത് ‘ഇന്റെര്‍റോഗേഷന്‍’ എന്ന അദ്ധ്യായത്തില്‍ നിന്നാണ്. ഓരോ ഉയിഗുര്‍ മുസ്ലിമും നേരിടേണ്ടി വരുന്ന ചോദ്യം ചെയ്യലുകളുടെയും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി അനുഭവിക്കേണ്ടി വരുന്ന അപമാനകരമായ അവസ്ഥയെയും ഇതില്‍ പ്രതിപാദിക്കുന്നു.
ഗാസയിലെ ഒരു ഫലസ്തീനി സീയോനിസ്റ്റ് ഭരണക്രമത്തില്‍ അനുഭവിക്കേണ്ടി വരുന്ന യാതനകള്‍ക്ക് സമാനമാണ് ഉയിഗുര്‍ മുസ്ലിമുകളുടെ അവസ്ഥ.
ആദ്യമായി താഹിര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് 1996 -ലാണ്. തുര്‍ക്കിയില്‍ പഠിക്കാനായി പോകുന്നതിനു ചൈനയുടെ കിര്‍ഗിസ്ഥാന്‍ അതിര്‍ത്തിയില്‍വെച്ചാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്നത്. ടിയാന്‍മെന്‍ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശ പ്രക്ഷോഭം നിര്‍ദയം ടാങ്കുരുട്ടി അടിച്ചമര്‍ത്തിയതിനു ശേഷം കടുത്ത നിയന്ത്രണങ്ങള്‍ ചൈനയിലെ വിവിധ ഭാഗങ്ങളില്‍ അല്ലെങ്കില്‍ തന്നെ നിലവിലുണ്ടായിരുന്നു.
ഷിജിയാങ് പ്രവിശ്യയില്‍ ഉയിഗുര്‍ മുസ്ലിമുകള്‍ക്ക് എതിരെ ഇത് കൂടുതല്‍ കര്‍ശനമായി നടപ്പാക്കി. ഇരട്ട ശിക്ഷയാണ് ഉയിഗുര്‍ വംശജര്‍ക്ക് നേരിടേണ്ടി വന്നത്. ഒരുവശത്തു പൊതുവായി നടപ്പാക്കിയ അടിച്ചമര്‍ത്തലിനു (repression) ഉയിഗുര്‍ പൗരന്മാരും വിധേയമായി. ഒപ്പം ഉയിഗുര്‍ മുസ്ലിം വംശജരെ പിളര്‍പ്പിസ്റ്റുകള്‍ (splittist) എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണം വിശേഷിപ്പിച്ചിരുന്നത്.
വിഘടനവാദികള്‍ എന്ന നിലയില്‍ ഉയിഗുര്‍ വംശജര്‍ എല്ലാം തന്നെ സംശയത്തിന്റെ മുള്‍മുനയിലായിരുന്നു. എന്തുകാരണത്താലും ഉയിഗുര്‍ വംശജരെ അറസ്റ്റ് ചെയ്യാമെന്ന സ്ഥിതിയുമുണ്ടായിരുന്നു.
ആദ്യത്തെ അറസ്റ്റിനെ തുടര്‍ന്നു ഒന്നര വര്‍ഷത്തോളം ഉറുംച്ചി തടവറയില്‍ ശിക്ഷ അനുഭവിക്കുകയും തുടര്‍ന്നു ചൈനീസ് മാതൃകയില്‍ കാഷ്ഘര്‍ പുനര്‍വിദ്യാഭ്യാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തു, കാഷ്ഘര്‍ ലേബര്‍ ക്യാമ്പാണ്.
ആദ്യം അറസ്റ്റ് ചെയ്ത വേളയില്‍ ഉയിഗുറിലെ ഏറ്റവും വലിയ എഴുത്തുകാരനായ പെര്‍ഹത് തുര്‍സുനിന്റെ ‘ആത്മഹത്യയുടെ കല’ എന്ന പുസ്തകം വായിച്ചിട്ടുണ്ടോ എന്നാണ് പോലീസ് ആരാഞ്ഞത്. പ്രസ്തുത നോവല്‍ പ്രവാചകനെ നിന്ദിക്കുന്നതാണെന്നാണ് ചൈനീസ് അധികാരികള്‍ താഹിറിനോട് പറഞ്ഞത്. വാസ്തവത്തില്‍ അത്തരത്തിലുള്ള ഒരു നോവലായിരുന്നില്ല പെര്‍ഹത് തുര്‍സുനിന്റെ.
ഉയിഗുര്‍ വംശജരുടെ ഇടയില്‍ തന്നെ പലമട്ടിലുള്ള വിഭജനവും സൃഷ്ടിക്കാനുള്ള പതിവ് തന്ത്രമാണ് ചൈനീസ് അധികാരികള്‍ ഇതുവഴി പ്രയോഗിച്ചത്. ഉയിഗുര്‍ സാഹിത്യത്തില്‍ പാരമ്പര്യ വിച്ഛേദകമായ പുതിയ ഭാവുകത്വവും കൊണ്ടുവന്ന എഴുത്തുകാരനാണ് പെര്‍ഹത് തുര്‍സുന്‍. ജയിലില്‍ നിന്നും പുറത്തിറങ്ങിയ താഹിര്‍ പെര്‍ഹത് തുര്‍സുന്‍ നടത്തുന്ന ഒരു ചെറിയ മാധ്യമ സ്ഥാപനത്തിലാണ് ജോലി ലഭിക്കുന്നത്. ഇവിടെ വെച്ചാണ് മെര്‍ഹബയെ പരിചയപ്പെടുന്നത്.
ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും എന്നാല്‍ അതിനായുള്ള കാത്തിരിപ്പ് അകാരണമായി നീളുകയും പോലീസിന്റെ തന്നെ തെറ്റുകള്‍ക്കുപോലും ഉയിഗുര്‍ വംശജര്‍ തന്നെ മാപ്പിരക്കാന്‍ നിര്ബന്ധിക്കപ്പെടുകയും ചെയ്യുന്നു. രാഷ്ട്രീയമായി മാത്രമല്ല മാനസികമായും കീഴപ്പെടുത്തുക എന്ന ദുരധികാര തന്ത്രമാണ് ഇവിടെ പ്രയോഗിക്കുന്നത്.
ഉദാഹരണത്തിനായി, താഹിറിന്റെ തന്നെ തിരിച്ചറിയല്‍ കാര്‍ഡിലെ തെറ്റ്. യഥാര്‍ത്ഥത്തില്‍ അധികാരികള്‍ക്ക് പിണഞ്ഞ തെറ്റാണ്. ഇത് ചൂണ്ടിക്കാട്ടിയില്ല എന്ന ഒറ്റക്കാരണത്താല്‍ മാപ്പപേക്ഷിക്കാന്‍ താഹിര്‍ നിര്‍ബന്ധിക്കപ്പെടുന്ന സന്ദര്‍ഭം ഇതില്‍ വിവരിക്കുന്നുണ്ട്. വീട്ടിലേക്ക് പുറമേ നിന്നും വിരുന്നുകാര്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും പിറ്റേന്ന് പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിളിച്ചു വരുത്തും. സാംസ്‌കാരിക വിപ്ലവ കാലം മുതലേ തുടരുന്ന അടിച്ചമര്‍ത്തല്‍ രീതിക്ക് ഷി ജിന്‍പിങ് അധികാരത്തില്‍ വരുന്നതോടെ മാറ്റം വരുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. അങ്ങനെ പ്രതീക്ഷിക്കാന്‍ അവര്‍ക്ക് ഒരു കാരണവുമുണ്ടായിരുന്നു.
ഷിയുടെ പിതാവ് ഷിജോങ്സുങ് ഉയിഗുറിലെ അടിച്ചമര്‍ത്തലിനെ നിശിതമായ വിമര്‍ശിച്ചിരുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. പിതാവിന്റെ കാല്പാടുകള്‍ പിന്തുടര്‍ന്നുകൊണ്ടു ഉയിഗുര്‍ വംശജരോട് ഷി ജിന്‍പിങ് അനുഭാവത്തോടെ സമീപിക്കുമെന്ന് പ്രതീക്ഷ ഉയിഗുര്‍ ബുദ്ധിജീവികള്‍ ആദ്യം വെച്ചുപുലര്‍ത്തിയിരുന്നു. ഇല്‍ഹാം തുഹ്തി എന്ന ഏറ്റവും പ്രധാനപ്പെട്ട വിമത ബുദ്ധിജീവി പോലും ഈ അഭിപ്രായമാണ് ആദ്യം പ്രകടിപ്പിച്ചത്.
പക്ഷെ, പ്രത്യേകിച്ച് മാറ്റമുണ്ടായില്ല എന്നു മാത്രമല്ല കൂടുതല്‍ അടിച്ചമര്‍ത്തല്‍ പ്രയോഗങ്ങളും ശക്തമായ സൂക്ഷ്മ നീരിക്ഷണ സംവിധാനങ്ങളുമാണ് ഉയിഗുറില്‍ സ്ഥാപിച്ചത്. 2014 -ല്‍ ഇല്‍ഹാം തുഹ്തിയെ അദ്ദേഹത്തിന്റെ ബീജിങ് അപ്പാര്‍ട്‌മെന്റില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഒരു സര്‍വകലാശാല പ്രഫസറായ ഇല്‍ഹാം തുഹ്തിയെ ബീജിങ്ങില്‍ ചെന്ന് ഉറുംച്ചി പോലീസ് അറസ്റ്റ് ചെയ്യണമെങ്കില്‍ ആ തീരുമാനം ഉന്നതങ്ങളില്‍ നിന്നും വന്നതാണെന്നാണ് താഹിര്‍ അനുമാനിക്കുന്നത്.
ഷി അധികാരത്തില്‍ വരുന്നതിനു മുമ്പ് ഹു ജിന്റാവോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരിക്കുന്ന സമയം, 2009 -ല്‍ വന്‍ അടിച്ചമര്‍ത്തല്‍ ഉയിഗുര്‍ വംശജര്‍ക്ക് നേരിടേണ്ടി വന്നു. ഉയിഗുര്‍ മുസ്ലിം വംശജര്‍ക്കെതിരെയുള്ള ഈ കുപ്രസിദ്ധമായ അടിച്ചമര്‍ത്തല്‍ പ്രചാരണത്തെ ‘ശക്തിയായി അടിക്കുക’ (strike hard) എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇതിന്റെ പ്രത്യാഘാതം നടുക്കുന്നതും ഉയിഗുര്‍ സംസ്‌കാരത്തെ തന്നെ ആകെ മാറ്റിമറിക്കുന്നതുമായിരുന്നു.
ചൈനയിലെ ഭൂരിപക്ഷമായ ഹാന്‍ വംശജര്‍ ധാരാളമായി ഉയിഗുര്‍ പ്രദേശത്തേക്ക് കുടിയേറി. ‘മതതീവ്രവാദവും വംശീയ വിഘടനവാദവും ഹിംസാത്മക ഭീകരതയും’ അവസാനിപ്പിക്കുക എന്ന പേരിലുള്ള പ്രചാരവേലയോടൊപ്പമാണ് ചൈനീസ് അധികാരികള്‍ അടിച്ചമര്‍ത്തല്‍ ശക്തമാക്കിയത്. ലോകത്തെ എല്ലായിടത്തും പ്രചരിപ്പിക്കപ്പെട്ടിരിക്കുന്ന ‘ഭീകരവാദത്തെ’ ക്കുറിച്ചുള്ള കെട്ടുകഥ തന്നെയാണ് ഉയിഗുറിലും ചൈനീസ് ഭരണകൂടം പ്രചരിപ്പിച്ചത്. ഉയിഗുര്‍ മതാചാരങ്ങളും സാംസ്‌കാരിക ജീവിതവും അടിച്ചമര്‍ത്തപ്പെട്ടു.
ഉയിഗുറിലെ ദൈനംദിന ജീവിതം ഫലസ്തീനിലെന്ന പോലെ തദ്ദേശ ജനതയ്ക്ക് ശ്വാസം മുട്ടുന്ന അവസ്ഥയാണ് സംജാതമാക്കിയത്.
ഉയിഗുറിന്റെ തനതു സംസ്‌കാരത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത് മാവോയുടെ കാലത്തെ സാംസ്‌കാരിക വിപ്ലവത്തിന്റെ ഘട്ടത്തിലാണ്. ഇപ്പോഴും മാവോയിസ്റ്റുകള്‍ രോമാഞ്ചംകൊള്ളുന്ന സാംസ്‌കാരിക വിപ്ലവം വലിയ അടിച്ചമര്‍ത്തല്‍ പരിപാടിയായിരുന്നു എന്നതിനുള്ള എത്രയോ തെളിവുകള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
ഉയിഗുര്‍ നാടോടി ഗാനങ്ങള്‍ അശ്ലീലമാണെന്നാണ് ചൈനീസ് അധികാരികള്‍ മുദ്രകുത്തിയത്. അത് കേള്‍ക്കുന്നതും ആസ്വദിക്കുന്നതും കുറ്റകരമായി. സോവിയറ്റ് യൂണിയന്റെ ഭാഗമായ സെന്‍ട്രല്‍ ഏഷ്യന്‍ റിപ്പബ്‌ളിക്കില്‍ നിന്നുള്ള റേഡിയോ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യ്തിരുന്ന നാടോടി ഗാനങ്ങള്‍ നിരോധിക്കപ്പെട്ടു. തുര്‍ക്കി കിര്‍ഗിസ്ഥാന്‍ തര്‍ക്കമനിസ്ഥാന്‍ എന്നിവിടങ്ങളിലെ സാംസ്‌കാരിക ജീവിതത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഉയിഗുര്‍ വംശജരുടെ ജീവിതവും സംസ്‌കാരവും.
ചൈനീസ് സാംസ്‌കാരിക അധിനിവേശം ഏറ്റവും കരാള രൂപമെടുക്കുന്നത് തദ്ദേശീയവും മതപരവുമായ നാമധേയങ്ങള്‍ പോലും നിരോധിച്ചുക്കൊണ്ടും പരിഷ്‌ക്കരിച്ചുക്കൊണ്ടുമാണ്. താഹിര്‍ നല്‍കുന്ന ഉദാഹരണങ്ങള്‍ നോക്കുക. ഉയിഗുര്‍ വംശജര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ഹുസൈന്‍, സൈഫുദീന്‍, ഐഷ, ഫാത്തിമ എന്നീ പേരുകളൊക്കെ നിരോധിക്കപ്പെട്ട പേരുകളുടെ ലിസ്റ്റില്‍ സ്ഥാനംപിടിച്ചു. 90- കളില്‍ ഫാഷനായി മാറിയിരുന്ന പേരുകളായ അറാഫത്, മുനിസ- ഈ പേരുകളും നിരോധന ലിസ്റ്റില്‍ ഇടം പിടിച്ചു.
എന്നാല്‍ ഈ ലിസ്റ്റിലുണ്ടായിരുന്ന സദ്ദാം, ഗുല്‍ദുള്ള എന്നീ പേരുകള്‍ ഉയിഗുര്‍കാര്‍ വളരെ അപൂര്‍വമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ബിന്‍ ലാദന്‍ എന്ന പേര് ഉയിഗുര്‍ വംശജര്‍ ഒരുഘട്ടത്തിലും പേരായി സ്വീകരിച്ചിരുന്നില്ല, ഈ ഭാഗം വായിക്കുന്ന ഒരു മലയാളി എന്ന നിലയില്‍ നിരോധിക്കപ്പെട്ട ഈ പേരുകളൊക്കെപറ്റി ഒരു വേള ആലോചിച്ചു പോകും. ഇതൊക്കെ നമ്മുടെ ചങ്ങായിമാരുടെ പേരുകളാണല്ലോ എന്നാണ് നമ്മള്‍ ആലോചിക്കുക. ‘അടിച്ചമര്‍ത്തലിന്റെ’ മറ്റും ഭാഗമായി ഇന്ത്യിലെങ്ങാനും ഈ പേരുകള്‍ നിരോധിക്കുകയാണെങ്കില്‍ നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാരെ എന്ത് പേര് വിളിക്കും.
താഹിറിന്റെ ഒരു സുഹൃത്തായ മെമെദ് (Memet) പ്രസിദ്ധീകരണങ്ങളില്‍ മുഹമ്മദ് എന്ന മുഴുവന്‍ പേരുമാണ് എഴുതാറുള്ളത്. പക്ഷെ ‘മുഹമ്മദ്’ എന്ന പേര് നിരോധിക്കപ്പെട്ടതിനു ശേഷം മെമെദ് എന്ന പേരിലേക്ക് തന്നെ തിരിച്ചുപോകേണ്ടി വന്നു.
സാംസ്‌കാരികമായ എല്ലാ അടയാളങ്ങളും മായ്ച്ചുകളയാനുള്ള ഈ പ്രവണതയ്ക്കൊപ്പം തന്നെ ‘ഹാന്‍’ സംസ്‌കാരത്തിന്റെ അധിനിവേശവും നടന്നിരുന്നു. താഹിര്‍ ഹാമൂത് ഇസ്ഗില്‍പറയുന്നത് ശ്രദ്ധിക്കുക:'(2009 ) വര്‍ഷാവസാനത്തോടെ’അള്ളാഹു’ എന്ന വാക്ക് ഉപേക്ഷിച്ച് പകരം ‘എന്റെ കര്‍ത്താവ്/ ദൈവം’ (My Lord) എന്ന് ഉപയോഗിക്കാന്‍ ആളുകള്‍ ബാധ്യസ്ഥരായിരുന്നു. ഉദാഹരണത്തിന്, ‘ഞാന്‍ നിന്നെ ദൈവത്തില്‍ ഭരമേല്പിക്കുന്നു’ എന്ന സാധാരണ ഉയിഗുര്‍ വിടവാങ്ങല്‍ വേളയില്‍ കൈമാറുന്ന സ്‌നേഹോപചാരത്തിനു പകരമായി ‘ഞാന്‍ നിന്നെ എന്റെ നാഥനെ/ ദൈവത്തെ ഏല്‍പ്പിക്കുന്നു’ എന്ന അസ്വാഭാവിക പ്രയോഗം ഉപയോഗിക്കേണ്ടി വന്നു.
മരിച്ചുപോയ ഒരു പ്രശസ്ത വ്യക്തിക്ക് അനുശോചനവും അനുഗ്രഹവും നേരണമെങ്കില്‍ ‘അദ്ദഹം സ്വര്‍ഗത്തില്‍ വിശ്രമിക്കട്ടെ’ എന്നതിനു പകരമായി ‘അന്ത്യവിശ്രമസ്ഥലം മനോഹരമാകട്ടെ’ എന്നാണ് ഉപയോഗിക്കേണ്ടത്.
‘അസ്സലാമും അലൈകും, വ അലൈക്കുമസ്സലാം’ എന്നുച്ചരിക്കാന്‍ ഒരു ഉയിഗുറും ധൈര്യപ്പെട്ടില്ല.’
വന്‍തോതിലുള്ള പീഡനവും നടക്കുന്നുണ്ടെന്നുള്ള വിവരവും താഹിര്‍ പങ്കുവെക്കുന്നുണ്ട്. ‘പോലീസ് സ്റ്റെന്‍ഷന്‍ ബേസ്മെന്റ്’ എന്ന അധ്യായത്തില്‍ പാസ്‌പോര്ട്ട് അപേക്ഷയുമായി ബന്ധപ്പെട്ടു സ്റ്റേഷന്റെ ബേസ്‌മെന്റിലേക്ക് വിളിക്കപ്പെട്ട താഹിര്‍ അവിടെ നിന്നും ഒരു മനുഷ്യന്റെ അതിദാരുണമായ നിലവിളി കേട്ടതായി പറയുന്നുണ്ട്. ഒരു മധ്യവയസ്‌ക്കന്റെ നിലവിളിയാണ് കേട്ടതെന്നാണ് താഹിര്‍ സൂചിപ്പിക്കുന്നത്.
പോലീസ് ബേസ്‌മെന്റ് ഉപയോഗിച്ചിരുന്നത് കടുത്ത ചോദ്യം ചെയ്യനിലുള്ള സ്ഥലമായാണ്. തടവുകാരെ മര്‍ദിക്കാനുള്ള ‘ഇരുമ്പ് കസേര’ താഹിറും മര്‍ഹബയും ബേസ്‌മെന്റില്‍ കാണുന്നുണ്ട്. ഇതിനുപുറമെ സൂക്ഷ്മ പരിശോധന സംവിധാനങ്ങള്‍ എല്ലായിടത്തും ഘടിപ്പിച്ചിരുന്നു. ബേസ്‌മെന്റിലേക്ക് വിളിക്കപ്പെട്ടവര്‍ അവിടെ നിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണമെന്നു മാത്രമേ ആഗ്രഹിക്കൂ. എല്ലാ പരിശോധനയും കഴിഞ്ഞു മടങ്ങവേ മര്‍ഹബ ‘ഈ രാജ്യത്തില്‍ നിന്നും രക്ഷപ്പെടണമെന്ന്’ പരുഷമായി പറയുകയുണ്ടായി. കാരണം,
കൊടിയ പീഡനത്തിനു വിധേയമായ ഉയിഗുറുകാര്‍ അവരുടെ ജന്മസ്ഥലം തന്നെ ഒരു പോലീസ് ബേസ്‌മെന്റായി മാറിക്കൊണ്ടിരിരിക്കുന്ന ദാരുണയാഥാര്‍ഥ്യത്തെയാണ് അഭിമുഖീകരിച്ചിരുന്നത്.
താഹിര്‍ അമേരിക്കയിലേക്ക് കടക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്നതാണ് അടുത്ത അധ്യായങ്ങളില്‍ പ്രതിപാദിക്കുന്നത്. അവര്‍ കണ്ടുമുട്ടുന്ന വ്യക്തികളും അവര്‍ നല്‍കുന്ന സഹായങ്ങളും ഉപദേശങ്ങളും അവര്‍ക്ക് വിലപ്പെട്ടതാകുന്നു. കണ്ടുമുട്ടുന്ന ചിലര്‍ പിന്നീട് അപ്രത്യക്ഷരാകുന്നു.
താഹിര്‍ പക്ഷെ തന്റെ തീരുമാനത്തില്‍ നിന്നും ഒരു ഘട്ടത്തിലും പിന്മാറുന്നില്ല. അമേരിക്കയിലേക്ക് ഒരു ഹൃസ്വ സന്ദര്‍ശനത്തിനു കുടുംബ സമേതം പോകുന്നുണ്ട്. ഇതിനിടയില്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നുണ്ട്. അഭയാര്‍ത്ഥികള്‍ നേരിടുന്ന എല്ലാ യാതനകളും സങ്കീര്‍ണതകളും ജീവന്‍ വെച്ചുള്ള കളികളും താഹിര്‍ ഒരു കവിയുടെ ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയോടെയാണ് വിവരിക്കുന്നത്.
ഉയിഗുര്‍ മുസ്ലിമുകള്‍ മതപരമായി നേരിടേണ്ടി വരുന്ന കടുത്ത അടിച്ചമര്‍ത്തലും താഹിര്‍ വ്യക്തമായി തന്നെ ഇതില്‍ വിവരിക്കുന്നുണ്ട്. ഇസ്ലാമികമായ ഒരു വസ്തുവും വീടുകളില്‍ സൂക്ഷിക്കാന്‍ ഉയിഗുറുകാര്‍ 2009 -നുശേഷം ധൈര്യപ്പെട്ടില്ല. ‘മാന്‍ഹോള്‍’ വഴി അഴുക്കുചാലുകളിലേക്കാണ് അവര്‍ ഇത്തരത്തിലുള്ള വിശിഷ്ട വസ്തുക്കള്‍ ഒഴുക്കി കളഞ്ഞതെന്നാണ് താഹിര്‍ പറയുന്നത്. വിശുദ്ധ ഖുര്‍ആന്റെ മൂന്ന് ഭാഷ പതിപ്പുകള്‍ താഹിര്‍ സൂക്ഷിച്ചിരുന്നു. ഖുര്‍ആന്‍ സൂക്ഷിക്കാന്‍ ഭരണകൂടം അനുവദിച്ചിരുന്നു. എങ്കിലും, താഹിര്‍ സൂചിപ്പിക്കുന്നത്, ഏതു ഗ്രന്ഥമാണ് അനുവദിച്ചിട്ടുള്ളതെന്നും നിരോധിച്ചിരിക്കുന്നതെന്നും അയല്‍ക്കൂട്ട കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. അതുകൊണ്ടു തന്നെ ഒന്നും സുരക്ഷിതമായിരുന്നില്ല.
താഹിറും മര്‍ഹബയും അവരുടെ രണ്ടു പെണ്‍കുഞ്ഞുങ്ങളും അമേരിക്കയില്‍ ഒടുവില്‍ അഭയം തേടുകയാണ്. യൂബര്‍ ഡ്രൈവറായി ജോലി ലഭിക്കുന്ന താഹിറിനും മര്‍ഹബയ്ക്കും ഒരു ആണ്‍കുഞ്ഞു ജനിക്കുന്നു. ഉയിഗുറിന്റെ ഓര്‍മയ്ക്കായി ‘താരിം’ എന്നാണ് കുഞ്ഞിനു പേരിടുന്നത്. താരിം ഉയിഗുറിലെ ഏറ്റവും വലിയ നദിയാണ്. താഹിര്‍ ഹാമൂത് ഇസ്ഗില്‍ തന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അവസാനിപ്പിക്കുന്നത് ഏറെ കുറ്റബോധം നിറഞ്ഞ മനോവികാരത്തോടെയാണ്.
താഹിര്‍ വേദനയോടെ കുറിക്കുന്നതിതാണ്: ‘ചൈനീസ് ഭരണകൂട ഭീകരതയില്‍ നിന്നു രക്ഷപ്പെട്ട ഞങ്ങളുടെ കുടുംബം ഭാഗ്യമുള്ളവരാണ്.നോഹയുടെ പെട്ടകത്തില്‍ കയറി രക്ഷപ്പെട്ട ഭാഗ്യവാന്‍മാരുടെ സന്തോഷം ഞങ്ങള്‍ക്ക് ആശ്വാസമാകുമ്പോള്‍ തന്നെ, ‘രക്ഷപ്പെടുക’ എന്ന വാക്കില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളുടെ നാണക്കേടും ഞങ്ങളെ ലജ്ജിപ്പിക്കുന്നു.ഒടുവില്‍ ഞങ്ങള്‍ സ്വതന്ത്രരാണ്. പക്ഷേ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവര്‍ ആ പീഡിതപ്രദേശത്തു അവശേഷിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നു.ഓരോ തവണയും അവരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കുറ്റബോധംക്കൊണ്ടു നീറുന്നു. ഈ പ്രിയപ്പെട്ടവരെ ഞങ്ങള്‍ സ്വപ്‌നത്തില്‍ മാത്രമേ ഇനി കാണൂ.’
content highlights : Genocide Testimony of a Uyghur Poet; Damodar Prasad writes about the poetry of Tahir Hamoot Isgil