ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് വംശഹത്യ നടത്തുന്നുവെന്നാരോപിച്ച് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ യൂനുസ് പരാജയപ്പെട്ടുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ന്യൂയോര്‍ക്കില്‍ നടന്ന ഒരു പരിപാടയില്‍ വെര്‍ച്വലായി പങ്കെടുക്കവേയാണ് ഷെയ്ഖ് ഹസീനയുടെ പരാമര്‍ശം.
തനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നുവെന്നും എന്നാല്‍ ഇടക്കാല പ്രധാനമന്ത്രി യൂനുസ് വളരെ സൂക്ഷ്മതയോടെയാണ് വംശഹത്യയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഹസീന കൂട്ടിച്ചേര്‍ത്തു. ഈ വംശഹത്യയ്ക്ക് പിന്നില്‍ വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍മാരും യൂനുസുമാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു.
ധാക്കയിലെ നിലവിലെ ഭരണം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും ക്രിസ്ത്യാനികളെയും ആരെയും ഒഴിവാക്കിയിട്ടില്ല. എല്ലാം തകര്‍ത്തു. ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു, ഷെയ്ഖ് ഹസീന പറഞ്ഞു.
ഹിന്ദുക്കള്‍ ഇതില്‍ പ്രതിഷേധിച്ചത് കൊണ്ടാണ് ഇസ്‌കോണ്‍ നേതാവിനെ അറസ്റ്റ് ചെയ്തതെന്നും എന്തിനുവേണ്ടിയാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടത്തുന്നതെന്നും ഷെയ്ഖ് ഹസീന ചോദിക്കുകയുണ്ടായി.
തന്റെ പിതാവ് മുജീബുര്‍ റഹ്‌മാനെ പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു.
അതേസമയം ബംഗ്ലാദേശിലുണ്ടായ വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങി ഓഗസ്റ്റില്‍ രാജിവെച്ചതിന് ശേഷം ഷെയ്ഖ് ഹസീന പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് ന്യൂയോര്‍ക്കിലേത്.
ബംഗ്ലാദേശിലെ എല്ലാ പ്രശ്‌നങ്ങളെയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ കുറിച്ചുമെല്ലാം ഷെയ്ഖ് ഹസീന സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആഗസ്റ്റ് അഞ്ചിന് ധാക്കയിലെ തന്റെ ഔദ്യോഗിക വസതി ആക്രമിച്ചതോടെ അവിടം വിട്ട് പോവാന്‍ നിര്‍ബന്ധിതയായെന്നും സായുധരായ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തിരുന്നെങ്കില്‍ നിരവധി ജീവനുകള്‍ പൊലിയുമായിരുന്നുവെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ഇടക്കാല സര്‍ക്കാര്‍ ആളുകള്‍ക്ക് നീതി നിഷേധിക്കുന്നുവെന്നും അക്രമം തടയുന്നതിന് വേണ്ടിയാണ് താന്‍ ബംഗ്ലാദേശ് വിട്ടതെന്നും പറഞ്ഞ ഹസീന എന്നാല്‍ അത് നടന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlight: Genocide of minorities in Bangladesh; Sheikh Hasina against Yunus