ഗസയിലേത് വംശഹത്യ: യു.എന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ രാജിവെച്ചു
World News
ഗസയിലേത് വംശഹത്യ: യു.എന്‍ മനുഷ്യാവകാശ ഉദ്യോഗസ്ഥന്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd November 2023, 8:27 am

ന്യൂയോര്‍ക്ക്: ഫലസ്തീനില്‍ ഇസ്രഈല്‍ അധിനിവേശം തുടരുന്നതില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ന്യൂയോര്‍ക്ക് ഓഫീസ് ഡയറക്ടര്‍ ക്രെയ്ഗ് മുഖിബര്‍ രാജിവെച്ചു. ഗസയിലേത് വംശഹത്യയുടെ പാഠമാണ് എന്ന് ശക്തമായി വിമര്‍ശിച്ചുകൊണ്ടാണ് ക്രെയ്ഗ് മുഖിബര്‍ രാജിവെച്ചത്.

ഫലസ്തീനിലെ ഇസ്രഈല്‍ അധിനിവേശത്തിനും ആക്രമണത്തിനും അമേരിക്കയും ബ്രിട്ടനുമടക്കം യൂറ്റോപ്പിലെ ഭൂരിപക്ഷം സര്‍ക്കാരുകളും കാരണക്കാരനാണെന്ന് മുഖിബര്‍ ചൂണ്ടിക്കാട്ടി. ജനീവ കണ്‍വെന്‍ഷന്റെ നിയമാവലികള്‍ പാലിക്കാനോ ആദരവ് പ്രകടിപ്പിക്കാനോ അമേരിക്കയും യൂറോപ്പിലെ സര്‍ക്കാരുകളും ശ്രമിക്കുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.

സര്‍ക്കാരുകള്‍ ആക്രമണത്തെ ആയുധമാക്കുകയാണെന്നും രാഷ്ട്രീയവും സൈനികവും നയതന്ത്രപരമായും സഹായങ്ങള്‍ നല്‍കി ഇസ്രഈലിനെ പരിരക്ഷിക്കുകയാണെന്നും ക്രെയ്ഗ് മുഖിബര്‍ പറഞ്ഞു. യുദ്ധകുറ്റങ്ങളും സംഘടിത അതിക്രമണങ്ങളും തടയുന്നതില്‍ യു.എന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അത് വേദനാജനകവുമാണെന്നും അദ്ദേഹം രാജി കത്തില്‍ കുറിച്ചു.

എന്നാല്‍ വംശഹത്യ എന്ന പദം ഇപ്പോഴത്തെ സാഹചര്യത്തോട് യോജിക്കുന്നതല്ലെന്ന് യു.എന്‍ യുദ്ധകുറ്റങ്ങള്‍ക്കുള്ള മുന്‍ ജഡ്ജി ജെഫ്രി റോബര്‍ട്ട്‌സണ്‍ മുഖിബിറിന്റെ വാദത്തോട് പ്രതികരിച്ചു. ഈ പ്രയോഗം രാഷ്ട്രീയ വിഭാഗങ്ങള്‍ക്കല്ല വംശീയ വിഭാഗങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

ബോംബാക്രമണം, നരഹത്യ, മാനുഷിക ആവശ്യങ്ങള്‍ നിഷേധിക്കല്‍, അഭയാര്‍തഥി ക്യാമ്പുകള്‍ക്കും ആശുപതികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും മേലുള്ള ആക്രമണങ്ങള്‍ എല്ലാം കണക്കിലെടുത്ത് ഇസ്രഈല്‍ യുദ്ധകുറ്റങ്ങളില്‍ വിചാരണ നേരിടേണ്ടി വരുമെന്നും ജെഫ്രി റോബര്‍ട്ട്‌സണ്‍ പറഞ്ഞു.

Content Highlight:  Genocide in Gaza: UN human rights official resigns