ചായയോ കാപ്പിയോ? ഉത്തരം നിങ്ങളുടെ ജീനുകളിലെന്ന് പഠനം
Food
ചായയോ കാപ്പിയോ? ഉത്തരം നിങ്ങളുടെ ജീനുകളിലെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th November 2018, 2:36 pm

ന്യൂയോര്‍ക്ക്: നിങ്ങള്‍ക്ക് പ്രിയം ചായയോടോ അതോ കാപ്പിയോടോ? ഇതിനുള്ള ഉത്തരം നിങ്ങളുടെ ജനിതഘടനയില്‍ നിന്നുള്ളതാവാനാണ് സാധ്യതയെന്ന് പഠനം. ഓരോ വ്യക്തിയുടേയും ജീനുകളിലെ കയ്പിനോടുള്ള മുന്‍ നിശ്ചയപ്രകാരമുള്ള പ്രതികരണമാണ് ആ വ്യക്തിയെ ചായ പ്രേമിയോ കാപ്പി പ്രേമിയോ ആക്കി മാറ്റുന്നതെന്ന് അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയും, ആസ്‌ട്രേലിയയിലെ ക്വു.ഐ.എം.ആര്‍ ബെര്‍ഗോഫെര്‍ മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നു.

കഫീന്‍, ക്വിനിന്, പ്രൊപൈല്‍തിയൊറാസില്‍(PROP) എന്നിങ്ങനെ കയ്പ് രുചി ഉണ്ടാക്കുന്ന മൂന്ന് പദാര്‍ത്ഥങ്ങള്‍ മനുഷ്യന് ചായയോടും കാപ്പിയോടും മദ്യത്തോടും ഉള്ള പ്രിയത്തെ എങ്ങനെ സ്വാധീനിക്കും എന്നായിരുന്നു സംഘം പഠനവിധേയമാക്കിയത്.


കഫീനിന്റെ കയ്പിനോട് പെട്ടന്ന് പ്രതികരിക്കുന്നവര്‍ അമിതമായി കാപ്പി കുടിക്കുമെന്നും, ഇത്തരം ആളുകള്‍ കുറഞ്ഞ അളവില്‍ മാത്രമേ ചായ കുടിക്കുകയുള്ളുവെന്നും പഠനം കണ്ടെത്തി. പ്രൊപിന്റെ കയ്പിനോട് പെട്ടന്ന് പ്രതികരിക്കുന്നവര്‍ക്കിടയില്‍ അമിതമദ്യപാനി ആകാനുള്ള സാധ്യതയും കുറവാണെന്ന് പഠനത്തില്‍ പറയുന്നു. അതേസമയം ക്വിനിനോടും പ്രൊപിനോടുമുള്ള പ്രതികരണവും കഫീനിനോടുള്ള അപ്രിയവും ആളുകളെ ചായയുമായി അടുപ്പിക്കുന്നതായും പഠനം കണ്ടെത്തി.


“മനുഷ്യര്‍ക്ക് പൊതുവെ കയ്പ് രുചി അവഗണിക്കുന്നത് കാരണം ഞങ്ങളുടെ കണ്ടെത്തലുകള്‍ മനുഷ്യന്‍ പിന്നീട് ആര്‍ജിച്ച സ്വഭാവമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. കഫീനിനോട് പ്രതികരിക്കാനും അത് ശരീരത്തില്‍ ഉണ്ടാക്കുന്ന ഉത്തേജനത്തോട് ശരീരത്തെ ബന്ധപ്പെടുത്താനും കഴിയുന്നവര്‍ കൂടുതലായി കാപ്പി കുടിക്കും”- പഠനത്തില്‍ ഭാഗമായ ശാസ്ത്രജ്ഞ ഡോ. മരിലിന്‍ കോര്‍ണെലിസ് പറഞ്ഞു.

മനുഷ്യന് ചായയോടും കാപ്പിയോടും മദ്യത്തോടുമുള്ള പ്രിയം ഭാഗിമായെങ്കിലും ജനിതക ഘടനയെ ആശ്രയിച്ചിരിക്കുമെന്നാണ് പഠനത്തിന്റെ വിലയിരുത്തല്‍.

Image Credits: Maksim Shmeljov