| Friday, 4th March 2022, 2:13 pm

പി. ശശി വീണ്ടും സി.പി.ഐ.എം സംസ്ഥാന സമിതിയില്‍; 88 അംഗ സമിതിയില്‍ തലമുറമാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തില്‍ തലമുറമാറ്റം. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രായപരിധി മാനദണ്ഡം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. ഇതോടെ നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന 13 പേരെ ഒഴിവാക്കി. പ്രായപരിധി മാനദണ്ഡത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

അച്ചടക്ക നടപടിയെടുത്ത് മാറ്റി നിര്‍ത്തിയിരുന്ന പി.ശശിയെ വീണ്ടും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി.
സദാചാര ലംഘനത്തെ തുടര്‍ന്ന് പുറത്തായ പി. ശശിയെ 2018ലാണ് പാര്‍ട്ടി തിരിച്ചെടുത്തത്. തലശേരി ഏരിയക്ക് കീഴില്‍ ബ്രാഞ്ച് അംഗമായാണ് മടങ്ങി എത്തിയത്.

ലൈംഗിക പീഡന കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കിയ പി. ശശി 2018ലാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലേക്ക് 88 അംഗ സംസ്ഥാന സമിതിയെ തെരഞ്ഞെടുത്തു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീം, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, ചിന്താ ജെറോം, വത്സന്‍ പനോളി, കെ.കെ ലതിക, ഡോക്ടര്‍ കെ.എന്‍ ഗണേഷ്, കെ.എസ് സലീഖ, വി. ജോയ്, ഒ.ആര്‍. കേളു, രാജു എബ്രഹാം, എന്നിവരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയിലെത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെ സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കി.

സംസ്ഥാന സമിതിയില്‍ നിന്നും 13 അംഗങ്ങളെ ഒഴിവാക്കി. ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, പി.കരുണാകരന്‍, കെ.ജെ തോമസ്, സി.പി. നാരായണന്‍, പി.പി. വാസുദേവന്‍, ആര്‍.ഉണ്ണികൃഷ്ണ പിള്ള, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.വി രാമകൃഷ്ണന്‍, എം.ചന്ദ്രന്‍ എന്നിവരാണ് സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍.

കമ്മിറ്റിയില്‍ 16 പേര്‍ പുതുമുഖങ്ങളാണ്. എം.എം. വര്‍ഗീസ്, എ.വി. റസല്‍, ഇ എന്‍ സുരേഷ്ബാബു, സി വി വര്‍ഗീസ്, പനോളി വത്സന്‍, രാജു എബ്രഹാം, എ.എ. റഹീം, വി.പി. സാനു, ഡോ. കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍കുമാര്‍, വി. ജോയ്, ഒ.ആര്‍. കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്.

12 പേര്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവായി. പി. കരുണാകരന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, കെ ജെ തോമസ്, എം.എം. മണി, എം ചന്ദ്രന്‍, കെ. അനന്ത ഗോപന്‍, ആര്‍ ഉണ്ണികൃഷ്ണപിള്ള, ജി. സുധാകരന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി. നാരായണന്‍, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.

CONTENT HIGHLIGHTS: Generational change in the state leadership of the CPIM. 

We use cookies to give you the best possible experience. Learn more