തിരുവനന്തപുരം: 2015ല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് ബി.ജെ.പി നേതാവായ സുരേഷ് ഗോപിയെ ഇറക്കി വിട്ടതില്‍ പ്രതികരണവുമായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.
ബജറ്റ് അവതരണം നടക്കുന്ന ഹാളിലേക്ക് സുരേഷ് ഗോപി വന്നത് ശരിയായില്ലെന്നും അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസത്തെ സന്ദര്‍ശനം ചില പ്രത്യേക ലക്ഷ്യങ്ങളോടെയായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. തെറ്റ് മനസിലാക്കിയ സുരേഷ് ഗോപിയെ കൊണ്ട് മാപ്പ് പറയിപ്പിച്ചത് ബി.ജെ.പിയുടെ നേതൃത്വമാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
സംഘടനാ യോഗം നടക്കുന്ന ഇടങ്ങളിലേക്ക് പോലും കയറി വരാനുള്ള ബന്ധം ബി.ജെ.പിക്ക് എന്‍.എസ്.എസിനോട് ഉണ്ടെന്ന് കാണിക്കാനുള്ള ശ്രമമായിരുന്നു സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തിന് പിന്നിലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടിയതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
2015ല്‍ പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ സുരേഷ് ?ഗോപിയെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതം അറിയിച്ചിരുന്നു. പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി.
എന്നാല്‍ എന്‍.എസ്.എസിന്റെ നീക്കത്തിനെതിരെ സുരേഷ് ഗോപി ആദ്യം രംഗത്തെത്തിയിരുന്നു. സംഘടനയുടെ നേതൃത്വങ്ങളെ സമുദായങ്ങള്‍ തിരുത്തേണ്ടതുണ്ടെന്നും പെരുന്നയിലേക്ക് ആര്‍ക്കും കയറി ചെല്ലാനുള്ള സാഹചര്യം ഒരുക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
പെരുന്നയില്‍ എത്തിയത് രാഷ്ട്രീയ ഉദ്ദേശത്തോട് കൂടി ആയിരുന്നില്ലെന്നും മന്നത്ത് പത്മനാഭന്‍ ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും സുരേഷ് ഗോപി അന്നേദിവസം പറഞ്ഞു.
അതേസമയം എന്‍.എസ്.എസിനെ നാണം കെടുത്താനും സംഘടന ഒ. രാജഗോപാലിനോടൊപ്പമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സുരേഷ് ഗോപി ശ്രമിച്ചതെന്നും അന്ന് സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Content Highlight: General Secretary Sukumaran Nair reacts to the dropping of BJP leader Suresh Gopi from NSS headquarters