| Monday, 13th February 2023, 11:11 pm

തൊലി നിറവും വേഷത്തിന്റെ മുഷിച്ചിലും നോക്കി ആളുകളെ കുറ്റവാളികളാക്കുന്നു; വിശ്വനാഥന്റെ മരണം അടിമുടി സംശയാസ്പദമെന്ന് കെ.സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം അടിമുടി സംശയാസ്പദമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നാളെയൊരു മധുവോ വിശ്വനാഥനോ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും തെറ്റായ പൊതുബോധങ്ങളെ തിരുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് എം.പി രാഹുല്‍ ഗാന്ധിക്കൊപ്പം കെ.സി.വേണുഗോപാല്‍ വിശ്വനാഥന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

മോഷണക്കുറ്റമാരോപിച്ചാണ് വയനാട്ടില്‍ വിശ്വനാഥനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. അതിനെത്തുടര്‍ന്നാണ് ആ മനുഷ്യന്‍ മരിക്കുന്നത്. വാഴക്കൃഷി ചെയ്താണ് ആ പാവപ്പെട്ടവന്‍ ജീവിച്ചിരുന്നത്. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥന്‍. അങ്ങനെയുള്ള വിശ്വനാഥന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ആ കുടുംബത്തിന് കഴിയില്ലെന്നും കെ.സി. വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

‘അടിമുടി സംശയാസ്പദമാണ് വിശ്വനാഥന്റെ മരണം. കാണാതായ അന്നുതന്നെ കേസ് നല്‍കാന്‍ ഭാര്യ ബിന്ദുവും അമ്മ ലീലയും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയില്‍ മധു കൊലചെയ്യപ്പെട്ടിട്ട് ഈ മാസം അഞ്ചുവര്‍ഷം തികയാനിരിക്കെയാണ് മറ്റൊരു ആദിവാസി യുവാവിന് കൂടി ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത്.

തൊലിയുടെ നിറവും ഇട്ടിരിക്കുന്ന വേഷത്തിന്റെ മുഷിച്ചിലും നോക്കി ആളുകളെ കുറ്റവാളികളാക്കുന്ന നമ്മുടെ ജീര്‍ണ്ണിച്ച പൊതുബോധത്തിന്റെ ഇരയാണ് മധുവും വിശ്വനാഥനുമൊക്കെ,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ഒപ്പം നില്‍ക്കുന്നതാണ് മാനവികതയുടെ രാഷ്ട്രീയം എന്ന ഉറച്ച ബോധ്യത്തിലാണ് ഇന്ന് വിശ്വനാഥന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തിയതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

‘വിശ്വനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് രാഹുല്‍ ഗാന്ധി അവര്‍ക്ക് ഉറപ്പുനല്‍കി. പൊലീസിന് പുറമേ സര്‍ക്കാരും അവഗണിക്കുന്ന, നീതി നിഷേധിക്കുന്ന ആ കുടുംബത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചുകഴിഞ്ഞു.
പാര്‍ശ്വവത്കരിക്കപ്പെടുന്ന മനുഷ്യര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം.
വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ മാര്‍ഗം പിന്തുടരാനും ആ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഒപ്പം നില്‍ക്കുവാനും ഏവര്‍ക്കും കഴിയണം,’ കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  General Secretary K.C. Venugopal said that the death of Viswanathan, a tribal youth in Wayanad, is highly suspicious

We use cookies to give you the best possible experience. Learn more