തിരുവനന്തപുരം: തങ്ങള്‍ക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി കേരളത്തിലെ ഡോക്ടര്‍മാരുടെ സംഘനയായ ജനറല്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍(ജി.പി.എ).
സംഘടനയുടെ ലീഡര്‍ പാനലിന്റെ ചിത്രം ഉപയോഗിച്ച് ‘റിസര്‍വേഷന്‍ ജിഹാദ്’ എന്നുള്‍പ്പെടെയുള്ള വര്‍ഗീയ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെയാണ് അസോസിയേഷന്റെ പ്രതികരണം.
ഡോക്ടര്‍മാര്‍ മാനവികതയുടെ പ്രതീകമാണെന്നും അവരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ കഴിയില്ലെന്നും ജി.പി.എ വ്യക്തമാക്കി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.
അസോസിയേഷന്‍ തെരഞ്ഞെടുത്ത നേതാക്കളെ അപമാനിച്ചവരെ നിയമപരമായി നേരിടുമെന്നും സംഘടന അറിയിച്ചു.
‘ഒരു പ്രത്യേക മത വിഭാഗത്തിലെ ഡോക്ടര്‍മാരുടെ എണ്ണം കൂടുന്നു, ഇനി മറ്റു മതസ്ഥര്‍ക്കു ചികിത്സ നേടാന്‍ ഡോക്ടര്‍മാര്‍ ഉണ്ടാവില്ല എന്നൊക്കെ സ്ഥാപിച്ചെടുക്കാന്‍ ചില വര്‍ഗീയ വാദികള്‍ ജനറല്‍ പ്രാക്ടീഷ്ണേഴ്സ് അസോസിയേഷനെ കരുവാക്കുന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി.
സ്ഥിരമായി നിങ്ങള്‍ തുപ്പുന്ന വിഷം തീണ്ടുന്നവര്‍ അല്ല ഡോക്ടര്‍മാര്‍. ലിംഗ ജാതി മത ഭേദമന്യേ സേവനം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകരെ മതപരമായി വേര്‍തിരിക്കാന്‍ ശ്രമിച്ചാലും പ്രയോജനം ഉണ്ടാവില്ല,’ ജി.പി.എ പ്രസ്താവനയില്‍ പറഞ്ഞു.
ലീഡര്‍ പാനലിന്റെ ചിത്രം വെച്ച് കൊണ്ട് ‘റിസര്‍വേഷന്‍ ജിഹാദ്’ എന്ന് തുടങ്ങി അപകീര്‍ത്തികരമായ പ്രയോഗങ്ങളോടെ ചിലര്‍ വര്‍ഗീയ വല്‍ക്കരിച്ചിരുന്നു. ‘സനാതനഡോക്ടറെ’ സൃഷ്ടിക്കലല്ല മറിച്ച് ഇവിടെയുള്ള ജനറല്‍ പ്രാക്ടീഷ്ണേഴ്സിന്റെ അവകാശങ്ങള്‍ സംരക്ഷിക്കലാണ് ഞങ്ങളുടെ ലക്ഷ്യം എന്നാവര്‍ത്തിക്കുന്നു.
ഞങ്ങള്‍ എന്നും വര്‍ഗീയതക്കും ഭിന്നിപ്പുകള്‍ക്കുമെതിരെ ശക്തമായ പ്രഖ്യാപിതനയങ്ങള്‍ കൈക്കൊണ്ടിട്ടുള്ളവരാണ്. ഞങ്ങള്‍ക്കെതിരെ വന്നിരിക്കുന്ന ഈ പ്രചരണത്തെയും അങ്ങനെ തന്നെ എതിരിടുന്നതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
മാനവികത, എത്തിക്‌സ്, സ്‌നേഹം, കരുണ അനുകമ്പ എന്നിവയ്ക്കു ഡോക്ടര്‍മാരുടെ മനസിലുള്ള സ്ഥാനം ഉള്‍കൊള്ളാന്‍ നിങ്ങളുടെ സങ്കുചിത മനസ്സിന് ഒരു പക്ഷെ കഴിയണമെന്നില്ല. ഡോക്ടര്‍മാരുടെ മതം ഉപയോഗിച്ച് സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കാനും കരിവാരി തേക്കണോ ശ്രമിച്ചാലും അത് വിലപോവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ജനറല്‍ പ്രാക്ടീഷ്ണേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയില്‍ പെട്ട ഞങ്ങള്‍ മോഡേണ്‍ മെഡിസിന്‍ പഠിച്ച ഡോക്ടര്‍മാര്‍ ജാതിയോ മതമോ വര്‍ണ്ണമോ ലിംഗമോ മറ്റെന്തെങ്കിലും നോക്കിയോ അല്ല ഞങ്ങളുടെ നേതാക്കളെയോ അംഗങ്ങളെയോ തിരഞ്ഞെടുത്തിരിക്കുന്നത്. ജി.പി.എ ഡോക്ടര്‍മാര്‍ക്ക് നല്ല രീതിയില്‍ ജോലി ചെയ്യാനും അവരുടെ പ്രശ്നങ്ങള്‍ കണ്ടറിയാനും വേണ്ട സഹായങ്ങള്‍ ചെയ്യാനുമാണ് ഞങ്ങള്‍ ഈ സംഘടന ഇന്ന് വരെ ഉപയോഗിച്ചിട്ടുള്ളത്. ഇനിയും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ജി.പി.എ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: General Practitioners Association, an association of doctors in Kerala, responds to communal propaganda