| Saturday, 3rd January 2015, 1:28 pm

സമരം ചെയ്ത തൊഴിലാളികള്‍ക്ക് ജനറല്‍ മാനേജരുടെ മര്‍ദ്ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്
ചെന്നൈ: പുറത്താക്കിയവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്ത തൊഴിലാളികള്‍ക്ക് ജനറല്‍ മാനേജരുടെ ക്രൂര മര്‍ദ്ദനം. ഹ്യൂണ്ടായി മോട്ടോര്‍സ് ഇന്ത്യ ലിമിറ്റഡ്‌സിന്റെ സപ്ലയര്‍ ആയി ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് കൊറിയന്‍ കമ്പനിയായ എന്‍.വി.എച്ച് ഇന്ത്യ ഓട്ടോ പാര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് കമ്പനിയില്‍ നിന്ന് 15 തൊഴിലാളികളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തിയത്. തൊഴിലാളി സംഘടനയായ യുണൈറ്റഡ് ലേബര്‍ ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു സമരം.ഇതിനിടെയാണ് കമ്പനിയുടെ ജനറല്‍ മാനേജര്‍ ചോയ്‌സ് യൂംസിക് തൊഴിലാളികളെ കൈയേറ്റം ചെയ്തത്. മാനേജര്‍ ഭൂപാലന്‍ എന്ന തൊഴിലാളിയെ നിലത്തൂടെ വലിച്ചിഴയ്ക്കുകയും മറ്റ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.തൊഴിലാളിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ തൊഴിലാളികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഭൂപാലനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴിലാളി യൂണിയന്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനാണ് 15 തൊഴിലാളികളെ കമ്പനിയില്‍ നിന്ന് പുറത്താക്കിയിരുന്നത്.

കമ്പനി അധികൃതര്‍ ഇതുവരെ സംഭവത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കമ്പനിയില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇപ്പോള്‍ ഒന്നും പറയാനില്ലെന്നുമാണ് കമ്പനി അധികൃതര്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more