| Monday, 15th April 2019, 8:38 pm

ഊര്‍മിളയുടെ പ്രചരണത്തിനിടയിലേക്ക് മുദ്രാവാക്യവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍; ചൗക്കിദാര്‍ ചോര്‍ ഹെ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് - വീഡിയോ 

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഊര്‍മിള മാതോംഡ്കറിന്റെ പ്രചരണത്തിനിടെ കയ്യാങ്കളി. നോര്‍ത്ത് മണ്ഡലത്തിലെ പ്രചരണ പരിപാടിയില്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടിച്ചു കൂടി മുദ്രാവാക്യം വിളിയുമായി എത്തിയതോടെയാണ് കയ്യാങ്കളിയിലെത്തിയത്.

മോദിക്ക് അനുകൂലമായ മുദ്രവാക്യങ്ങളുമായി കടന്നുവന്ന ബി.ജെ.പി പ്രവര്‍ത്തകരും പ്രചരണത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പിന്നീടത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്യുകയായിരുന്നു

നോര്‍ത്തിലെ ബോറിവാലി വെസ്റ്റ് സ്‌റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. പ്രസംഗത്തിനിടയിലേക്ക് നരേന്ദ്രമോദിക്കനുകൂലമായ മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു പ്രചരണത്തിനിടയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടതല്‍ വഷളാവുകായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം അലങ്കോലമാക്കിയെന്നാരോപിച്ച് ഉര്‍മിള ബൊറേവാലി പൊലീസ് സ്റ്റേഷനിലെത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കി.

നോര്‍ത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മിള മത്സരിക്കുന്നത്.

2004 ല്‍ മുംബൈ നോര്‍ത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി റാം നായിക്കിനെ പരാജയപ്പെടുത്തി നടന്‍ ഗോവിന്ദ മുംബൈ നോര്‍ത്ത് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 2009 ലും മുംബൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം ബി.ജെ.പി സ്ഥാനാര്‍ത്ഥി നായിക്കിനെ പരാജയപ്പെടുത്തുകയായിരുന്നു.

എന്നാല്‍ 2014 ല്‍ ബി.ജി.പി മണ്ഡലം തിരിച്ചുപിടിച്ചു. 3.8 ലക്ഷം വോട്ടിന്റെ വ്യത്യാസത്തിലാണ് മണ്ഡലം ബി.ജെ.പി വിജയിച്ചത്. അതുകൊണ്ടുതന്നെ വളരെ കടുത്ത മത്സരമാണ് മണ്ഡലത്തില്‍ ഇത്തവണ നടക്കുക.

കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഊര്‍മ്മിള മോദി സര്‍ക്കാരിനെതിരെയും അവരുടെ നയങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനത്തെകുറിച്ച് താന്‍ ഗാന്ധിജിയെക്കുറിച്ചും നെഹ്‌റുവിനെക്കുറിച്ചും ഒരുപാട് വായിച്ചിട്ടുണ്ടെന്നും തന്റെ കുടുംബവും കോണ്‍ഗ്രസ് പ്രത്യയശാസ്ത്രമാണ് പിന്‍തുടരുന്നതെന്നുമായിരുന്നു ഊര്‍മ്മിള പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more