ന്യൂദല്‍ഹി: ഇന്ത്യന്‍ ആര്‍മിയില്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് സ്ഥാനമില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്.
സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം സുപ്രീം കോടതി കഴിഞ്ഞവര്‍ഷം റദ്ദാക്കിയിരുന്നു. എന്നാല്‍ “സൈന്യത്തില്‍ ഇതൊന്നും നടക്കില്ലയെന്നാ”ണ് ബിപിന്‍ റാവത്ത് പറഞ്ഞത്.
സൈന്യം നിയമത്തിന് അതീതമല്ല. എന്നാല്‍ ഭരണഘടന സൈന്യത്തിന് ചില സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ” ഞങ്ങള്‍ ആധുനികവത്കരിക്കപ്പെടുകയോ പാശ്ചാത്യവത്കരിക്കപ്പെടുകയോ ചെയ്തിട്ടില്ല. എല്‍.ജി.ബി.ടി വിഷയങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കില്ല.” അദ്ദേഹം പറഞ്ഞു.
ആര്‍മി ആക്ടിനു കീഴില്‍ ഇനിയും ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377 റദ്ദാക്കിയ സുപ്രീം കോടതി നടപടിയെ കയ്യടിയോടെയാണ് പൊതുസമൂഹം സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യന്‍ സേനയുടെ മൂന്ന് ഭാഗങ്ങളും ഇപ്പോഴും സ്വവര്‍ഗലൈംഗികതയെ ക്രിമിനല്‍ കുറ്റമായാണ് പരിഗണിക്കുന്നത്.