തൃശൂര്‍: ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ക്ലാസ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറകെട്ടി നടത്തിയ സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം വ്യാപകമാകുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മറവിരിച്ച് ജെന്‍ഡര്‍ പൊളിറ്റിക്‌സില്‍ ക്ലാസെടുത്തത്.
വിസ്ഡം ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ് നടന്നത്. ക്ലാസെടുക്കാനെത്തിയ അധ്യാപകന്‍ തന്നെയാണ് പരിപാടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ പ്രതികരണവുമായി കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു.
പ്രത്യേക സംഘടന നടത്തിയ പരിപാടിയ്ക്ക് കോളേജുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കോളേജ് യൂണിയന്റെ പ്രതികരണം.
മത ആരാധനാലയത്തില്‍ നടന്ന പരിപാടി കോളേജില്‍ നടന്നെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കോളേജിനോ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കോ ബന്ധമില്ല. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് കോളേജിന്റെ നിലപാടല്ലെന്നും യൂണിയന്‍ വ്യക്തമാക്കി.
നിരവധി പേരാണ് ഇതിനോടകം തന്നെ ചിത്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് പ്രസംഗിക്കുന്ന കാലഘട്ടത്തിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് അപലപനീയമാണെന്നാണ് ഭൂരിഭാഗം ആള്‍ക്കാരുടേയും പ്രതികരണം.
Content Highlight; Gender politics class in thrissur medical college goes viral in social media