| Wednesday, 15th December 2021, 1:50 pm

സാറ് പറഞ്ഞിട്ടിണ്ട് എത്ര എറക്കത്തില് വേണെങ്കിലും അടിപ്പിക്കാന്ന്, അയിനെകൊണ്ട് പ്രശ്‌നല്ല, ഞങ്ങക്ക് സ്വാതന്ത്ര്യം ഇണ്ട് അടിപ്പിക്കാന്; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രതിഷേധത്തിനെതിരെ വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരായ പ്രതിഷേധങ്ങളെ തള്ളി ബാലുശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. തങ്ങള്‍ക്ക് പാന്റ്‌സും ഷര്‍ട്ടുമിടുന്നത് സൗകര്യമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ബസില്‍ കയറുമ്പോഴെല്ലാം ഇതാണ് സൗകര്യപ്രദമായ വസ്ത്രമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രതിഷേധക്കാര്‍ എന്താണ് കാണുന്നതെന്ന് അറിയില്ലെന്നും തങ്ങള്‍ക്ക് കംഫര്‍ട്ടാണിതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

പുറത്തിറങ്ങിയാല്‍ എല്ലാവരും ജീന്‍സും ഷോട്‌സും ടോപ്പുമൊക്കെയാണ് ധരിക്കുന്നതെന്നും സ്‌കൂളില്‍ പിന്നെ എന്തിനാണ് മാറ്റമെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

‘പെണ്‍കുട്ടികളുടെ ബുദ്ധിമുട്ടറിഞ്ഞിട്ട് ഗേള്‍സ് സ്‌കൂള്‍ തന്നെ കൊണ്ടുവരുന്ന സംവിധാനമാണ്. ഇപ്പോഴുള്ള പ്രശ്‌നങ്ങളെല്ലാം കുറച്ച് കഴിഞ്ഞാല്‍ അവസാനിക്കും, എല്ലാവരും ഇതിനെ സ്വീകരിക്കും,’ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് എല്ലാവരും പുതിയ യൂണിഫോം മതിയെന്ന് പറഞ്ഞത്. ഇതൊരിക്കലും ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ ബാധിക്കുന്നില്ല. നല്ലൊരു തീരുമാനം തന്നെയാണിത്’,  വിദ്യാര്‍ഥികള്‍ പറയുന്നു.

അതേസമയം എം.എസ്.എഫ്, യൂത്ത് ലീഗ്, എസ്.എസ്.എഫ്, സോളിഡാരിറ്റി തുടങ്ങിയ മുസ്‌ലിം യുവജന സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

‘വസ്ത്രസ്വാതന്ത്ര്യം ഞങ്ങളുടെ അവകാശം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ ബാലുശ്ശേരി സ്‌കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്.

ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ യൂണിഫോം പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ പിന്മാറണമെന്ന് എസ്.എസ്.എഫ് ബാലുശ്ശേരി ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന് നിവേദനവും നല്‍കി.

ആണ്‍കുട്ടികളുടെ വേഷം പെണ്‍കുട്ടികളും ധരിക്കണമെന്ന രീതിയിലുള്ള പരിഷ്‌കാരം ജനാധിപത്യവിരുദ്ധവും പുരുഷമേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതുമാണെന്ന് എസ്.എസ്.എഫ്. പ്രസ്താവനയിലൂടെ പറഞ്ഞു.

ബാലുശ്ശേരി ഗവ. ഗേള്‍സ് സ്‌കൂളിന്റെ ഭാഗമായുള്ള ഹയര്‍സെക്കന്‍ഡറി (മിക്സഡ്) ഒന്നാംവര്‍ഷ ബാച്ചിലെ 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും ഇനി പാന്റ്സും ഷര്‍ട്ടും ധരിച്ചാണ് സ്‌കൂളിലെത്തുക.

സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gender Neutral Uniform girls response

We use cookies to give you the best possible experience. Learn more