| Thursday, 5th November 2020, 9:32 pm

മദീനയില്‍ പ്രവാചകന്റെ ഖബര്‍ സൂക്ഷിക്കുന്ന ലിംഗ ന്യൂനപക്ഷങ്ങള്‍

ഷാഹിദ് ഇക്ബാൽ

മദീനയില്‍ പ്രവാചകന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന പള്ളിയിലെ (മസ്ജിദുന്നബവി) താക്കോല്‍ നൂറ്റാണ്ടുകള്‍ ആയി സൂക്ഷിക്കുന്നത് അഖവാത്തുകള്‍ എന്നു വിളിക്കപ്പെടുന്നവരാണ്. ഇന്റെര്‍സെക്‌സ് എന്നോ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നോ പുതിയ കാലത്ത് വിളിക്കാവുന്ന, സ്ത്രീ പുരുഷ ദ്വന്ദങ്ങളില്‍പ്പെടാത്ത ഇവര്‍ക്ക് പുതിയ കാലത്തെ LGBT പദങ്ങള്‍ അനുയോജ്യമാവുകയില്ല. ഇന്ത്യന്‍ ഉപഭൂഗന്ധത്തിലെ ഹിജഡ, ഖ്വാജ സിറ തുടങ്ങിയ ലൈംഗിക ന്യൂനപക്ഷങ്ങളോടാണ് ഇവരെ ഉപമിക്കാന്‍ സാധിക്കുക.

2020 നവംബര്‍ ഒന്നിന് ഈ അഖവാതുകളില്‍പ്പെട്ട ഒരാളായ അഹമ്മദ് അലി യാസ്സിന്‍ മരണപ്പെട്ടു. എന്നാല്‍ പല മാധ്യമങ്ങളിലും അവരുടെ സ്വത്വം വെളിപ്പെടുത്താതെ ആണ് ഇക്കാര്യം വാര്‍ത്തയായത്.


ശൈഖ് അഹമ്മദ്  അലി യാസ്സിൻ (Photograph by Adel Quraishi)

‘ജ്യേഷ്ഠ സഹോദരന്‍’ എന്ന അര്‍ഥം വരുന്ന തുര്‍ക്കി വാക്കായ അഖ യില്‍ നിന്നാണ് അഖവാത്ത് എന്ന വാക്ക് ഉരുത്തിരിയുന്നത്. മക്കയിലെ കഅബ പരിസരം കഴുകുന്നത്, വെളിച്ചം തെളിക്കുന്നത്, ഊദ് കത്തിക്കുന്നത്, മസ്ജിദുന്നബവിയുടെ മിമ്പര്‍ ഖത്തീബിന് തുറന്നു കൊടുക്കുന്നത് , തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്ക് സംസം എന്ന പുണ്യ ജലം കൊടുക്കുന്നത് തുടങ്ങിയവയാണ് പ്രധാനമായും അഖവാതുകളുടെ ജോലി.പതിനഞ്ചു ദിവസം കൂടുമ്പോള്‍ അവര്‍ മദീനയിലെ പള്ളിയിലെ പ്രവാചകന്റെ ഖബര്‍ പനിനീര്‍ ഒഴിച്ച് കഴുകി വൃത്തിയാക്കി, സുഗന്ധദ്രവ്യം പുകയ്ക്കും. മുന്‍ കാലങ്ങളില്‍ നബിയുടെ ഈ ഖബറിനു അടുത്താണ് ഇവര്‍ കിടന്നിരുന്നത്.പക്ഷേ , ഇന്നവരുടെ പ്രവര്‍ത്തികള്‍ രാജാവിനെ പള്ളിയില്‍ അനയിക്കുന്നതിനും , മുഖ്യാതിഥികളെ സ്വീകരിക്കുന്നതിലേക്കും ആയി ഭരണകൂടം കുറച്ചിരിക്കുന്നു . നൂറു വര്‍ഷങ്ങളോളം മുന്നേ ഉള്ളത് പോലെ ആയിരകണക്കിന് അഖവാത്തുകള്‍ മക്കയും മദീനയും പരിചരിക്കാനും , അവിടെ വരുന്ന തീര്‍ത്ഥാടനകര്‍ക്ക് സംസം വെള്ളം പകരുവാനും ഇന്ന് ഉണ്ടായിരുന്നെങ്കില്‍ പുതിയ കാലത്ത് മതവിശ്വാസികള്‍ക്ക് ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപന രീതിക്ക് നല്ല മാറ്റങ്ങള്‍ ഉണ്ടായേനെ . ഇന്ന് ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്കും അവരെ കുറിച്ച് ഒരു അറിവും ഇല്ല.

ശൈഖ് സയീദ് എന്ന എത്യോപ്പിയക്കാരന്‍ ആണ് ഇപ്പോള്‍ മദീനയിലെ അഖവാത്തുകളുടെ നേതാവ്. 1960ല്‍ എത്യോപ്പിയയില്‍ നിന്നും യെമനിലേക്ക് കപ്പലില്‍ വന്ന അദ്ദേഹം, സൗദിയിലേക്ക് പാസ്‌പോര്‍ട്ട് എടുത്തു വരികയായിരുന്നു. ഹജ്ജ് ചെയ്തു മക്കയില്‍ അഞ്ചു മാസം താമസിച്ചു, പിന്നെ മദീനയിലേക്ക് പോയി.

അന്ന് 20 വയസ്സ് ഉണ്ടായിരുന്ന സയീദ് അന്നത്തെ മദീനയിലെ അഖവത്തുകളുടെ നേതാവിനോട് തനിക്ക് പ്രവാചകന്റെ പള്ളി പരിചരിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസവും ആരോഗ്യവും കണ്ടു മനസ്സിലാക്കിയ അന്നത്തെ നേതാവ് സയീദിനെയും തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ത്തു.

രണ്ട് ആഴ്ചക്കുള്ളില്‍ അദ്ദേഹത്തിന് സൗദി പൗരത്വം ലഭിക്കുകയും ചെയ്തു. അന്ന് പ്രവാചകന്റെ പള്ളി സംരക്ഷിച്ചിരുന്ന 14 അഖവാത്തുകളില്‍ ഒരാളായിരുന്നു അദ്ദേഹം. പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെയും വിശ്വാസത്തിലൂടെയും അദ്ദേഹം അഖവാത്തുകളുടെ നേതാവായി മാറുകയും ചെയ്തു.

ശൈഖ് സയീദ് , അഖവാത്തുകളുടെ നേതാവ് (Photograph by Adel Quraishi)

നരവംശശാസ്ത്രജ്ഞയും ഇസ്ലാമിക പഠനങ്ങളുടെ പണ്ഡിതയും മുസ്ലിം ട്രാന്‍സ് ആക്റ്റിവിസ്റ്റുമായ ലൈല ജഗയല, ദല്‍ഹി ഹിജഡ ദേറയിലെ (ഹിജഡകളുടെ കൂട്ടായുള്ള വാസസ്ഥലം) തന്റെ ഗുരു അവര്‍ ഹജ്ജിന് പോയപ്പോള്‍ അഖവാത്തുകളെ കണ്ടു പരിചയപ്പെട്ടിട്ടുണ്ടെന്നും തങ്ങളെ നന്നായി സല്‍ക്കരിച്ചു എന്നും അവരുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ടെന്നും പറയുന്നുണ്ട്. ദല്‍ഹി സുല്‍ത്താനത്തിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും അഖവാത്തുകളെ നിയമിച്ചിരുന്നു എന്നും ഗുരു അഭിമാനത്തോടെ പറയുന്നു.

2014ല്‍ ആദില്‍ ഖുറേഷി എന്ന സൗദി ഫോട്ടോഗ്രാഫറെ മദീനയുടെ ഗവര്‍ണര്‍ അഖവാത്തുകളുടെ ഫോട്ടോ എടുക്കുവാന്‍ നിയമിച്ചു. അഖവാത്തുകളുടെ അവസാനത്തെ തലമുറയെ ഫോട്ടോ എടുക്കാന്‍ അവസരം കിട്ടിയ ഒരേ ഒരാള്‍ ആയ അദ്ദേഹം താന്‍ ക്യാമറ ചലിപ്പിച്ച നിമിഷത്തെ ”മുറിയില്‍ നിറച്ചും പ്രകാശമായിരുന്നു – ഞാന്‍ ചെയ്ത ലൈറ്റിങ് അല്ല, അതിനപ്പുറം എന്തോ ഒരു സുന്ദരമായ ഊര്‍ജം!” എന്നായിരുന്നു വിശേഷിപ്പിച്ചത്.

ഖലീഫ മുആവിയ ബിന്‍ അബു സൂഫിയാന്റെ (AD 602- 680) കാലഘട്ടം മുതലേ മക്കയിലെയും മദീനയിലെയും പള്ളികള്‍ അഖവാത്തുകള്‍ നോക്കി നടത്താറുണ്ട് എന്നാണ് വിശ്വസിക്കുന്നത്. എങ്കിലും അയ്യൂബി ഭരണാധികാരി ആയിരുന്ന സലാഹുദ്ദീന്‍ അയ്യൂബിയുടെ (AD 1138 – 1198) കാലത്താണ് ഇവരെ സംഘടിതമായി നിയമിച്ചിരുന്നത്. പ്രശസ്ത മൊറോക്കന്‍ സഞ്ചാരിയും ഇസ്ലാമിക പണ്ഡിതനുമായ ഇബ്‌നു ബത്തൂത്ത (AD 1304 – 1368) തന്റെ യാത്രാവിവരണത്തില്‍ അഖവാത്തുകളെ പറ്റി പരാമര്‍ശിക്കുന്നുണ്ട്.

പുതിയ കാലത്ത് മക്കയും മദീനയും അടങ്ങുന്ന ഹിജാസ് എന്ന പ്രദേശം ഭരിക്കുന്ന സൗദി രാജാക്കന്മാര്‍ അഖവാത്തുക്കള്‍ക്ക് അവരുടെ ശമ്പളത്തിന് പുറമെ സമ്മാനങ്ങള്‍ നല്‍കുകയും അവരെ നന്നായി ബഹുമാനിക്കുകയും ചെയ്തു പോരുന്നുണ്ട്.

എന്നാല്‍ അവസാനത്തെ അഖവാത്തിനെ മദീനയില്‍ നിയമിച്ചിരിക്കുന്നത് 1978ല്‍ ആണ്. അതിനു ശേഷം സൗദി ഭരണകൂടം അഖവാത്തുകളെ നിയമിക്കുന്നത് നിര്‍ത്തലാക്കി.

12ആം നൂറ്റാണ്ടില്‍ മക്കയും മദീനയും സംരക്ഷിക്കാന്‍ ആയിരത്തോളം അഖവാത്തുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത്, ഇപ്പോള്‍ അഹമ്മദ് അലി യാസ്സിന്റെ മരണത്തിന് ശേഷം വെറും ആറ് പേര്‍ മാത്രമായി അത് ചുരുങ്ങി.

പ്രവാചകന്റെ പള്ളിയിലെ അഖവാത്തുകള്‍, ഇസ്ലാമിക ചരിത്രത്തിലെ ലിംഗ വൈവിദ്യങ്ങളുടെ തെളിവാണ്. യൂറോപ്യന്‍ കോളനിവത്കരണം മൂലവും മുസ്ലിങ്ങളുടെ സ്വയമായുള്ള കൊളോണിയല്‍ ചിന്തയുടെ സ്വാംശീകരണം മൂലവും അഖവാത്തുകളുടെ ചരിത്രത്തിന് ഒരു വിരാമം ഇടുകയോ, അത്തരം വൈവിധ്യം കാണിക്കുന്നവരോട് മുഖം തിരിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുകയാണ്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇസ്ലാമടക്കമുള്ള മതവിഭാഗങ്ങള്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ കുറ്റക്കാരായി കണക്കാക്കുകയും ഈ വിഭാഗങ്ങളെ സാമൂഹികമായി അംഗീകരിക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സമകാലീന സാഹചര്യങ്ങളില്‍, പ്രവാചകന്‍ മുഹമ്മദിന്റെ ശവകുടീരം കാലങ്ങളായി കാത്തുസൂക്ഷിക്കുന്നത് ലൈംഗികന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നുള്ള ചരിത്രം ലോകമറിയേണ്ടതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.

Reference : 

1.https://www.rbkc.gov.uk/subsites/museums/leightonhousemuseum/exhibitions2015-2016/theguardians.aspx?fbclid=IwAR2yep_2RewvMjMh8kMQWWZHNdRysU82N6iFa9_EcwptrTEjPGE6O6bEJJQ

 2.https://saudigazette.com.sa/article/165779?utm_medium=short_story&utm_source=saudigazette-article&utm_redirect=301&utm_referrer=https%3A%2F%2Fsaudigazette.com.sa%2Farticle%2F165779&fbclid=IwAR1yaALbtYg7JOk5u8MVDQOb8L-0OvhXZqNob0pl5RJWZUwv2c8KSXmR2Kc

 3.https://www.youtube.com/watch?v=_8R86uVcDY0&fbclid=IwAR2be-uUG8o-RGREugmF2Ahj4bhCGeE4D7vIr5HEuHc0lAD5SQ4DpFumDmY

 4.https://jamiat.org.za/the-curious-tale-of-the-abyssinian-guardians-of-masjid-nabawi-saw/?fbclid=IwAR0lFiEt4BJHwWq9m-b8OKTTbNjZgiPjn6885gLkuLF0-TwUf4UKK2Fl42A

5.The Effeminates of Early Medina , Everett K. Rowson

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Gender minorities who keep the tomb of the Prophet in Madinah Special Write up

ഷാഹിദ് ഇക്ബാൽ

Architect ;S.P.A, Delhi.An independent researcher of Islamic theology and history

We use cookies to give you the best possible experience. Learn more