ജനീവ: രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ലോകത്ത് തൊഴിലിടങ്ങളിലെ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ശമ്പള-ലിംഗ അസമത്വം കുറഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ തൊഴിലില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ ഇപ്പോഴും പ്രതിസന്ധികള്‍ നേരിടുകയാണ്. അന്താരാഷ്ട്ര തൊഴില്‍ സംഘടന (International Labour Organisation) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.
‘ലോകത്ത് 15 ശതമാനം സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ താത്പര്യമുണ്ട്. എന്നാല്‍ ഇവര്‍ക്ക് അനുയോജ്യമായ തൊഴിലില്ല. ഊ ലിംഗവിവേചനത്തിന് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും മാറ്റമൊന്നും വന്നിട്ടില്ല,’ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
അതേസമയം സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തൊഴിലില്ലായ്മ നിരക്ക് സമാനമാണ്. ഒരാളെ ഔദ്യോഗികമായി തൊഴില്ലില്ലാത്ത വ്യക്തിയെന്ന് കണക്കാക്കുന്നതിലുള്ള മാനദണ്ഡങ്ങള്‍ സ്ത്രീകളെ ആനുപാതികമായി ബാധിക്കുന്നില്ലെന്നതാണ് ഇതിന് കാരണം.
സ്വകാര്യ-കുടുംബ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് വഴി സ്ത്രീകള്‍ക്ക് തൊഴിലിന് പോകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇത് സ്ത്രീകളുടെ തൊഴിലന്വേഷണത്തിന് കൂടുതല്‍ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ സ്ത്രീ-പുരുഷ തൊഴിലുകള്‍ തമ്മിലുള്ള അന്തരം രൂക്ഷമായിരുന്നു. ഇത്തരം രാജ്യങ്ങളില്‍ നാലിലൊന്ന് സ്ത്രീകള്‍ക്കും ജോലി കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
സ്വന്തമായി തൊഴില്‍ കണ്ടെത്തുന്നതിനോ ബിസിനസ് ആരംഭിക്കുന്നതിനോ പകരം പല സ്ത്രീകളും ബന്ധുക്കളുടേയും മറ്റ് അനുബന്ധ വ്യക്തികളേയും സഹായിക്കാനെന്ന വിധത്തില്‍ അവരുടെ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സാഹചര്യമുണ്ട്. ഇത് സ്വാഭാവികമായും സ്ത്രീകളുടെ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.