| Wednesday, 8th March 2023, 8:45 am

ലിംഗസമത്വം 300 വര്‍ഷം അകലെ, വനിതാവകാശങ്ങള്‍ അക്രമിക്കപ്പെടുകയാണ്: അന്റോണിയോ ഗുട്ടറസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ലിംഗസമത്വം നേടാന്‍ ഇനിയും ഒരു 300 വര്‍ഷമെങ്കിലുമെടുക്കുമെന്നും ലോകമെമ്പാടുമുള്ള ലിംഗസമത്വം അക്രമിക്കപ്പെടുകയാണെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. വനിതാവകാശങ്ങള്‍ കണ്‍മുന്നില്‍ നിന്ന് അപ്രത്യക്ഷമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

വനിതാ ദിനത്തിന്റെ ഭാഗമായി ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കുന്ന യു.എന്‍ കമ്മീഷന്റെ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ലിംഗ സമത്വം വിദൂരതയിലാണുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 300 വര്‍ഷത്തേക്കെങ്കിലും ലിംഗ സമത്വം യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കണ്ട,’ ഗുട്ടറസ് പറഞ്ഞു.

വിവാഹാനന്തരമുള്ള പീഡനങ്ങള്‍, വിദ്യാലയങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തല്‍, ജോലി നിഷേധിക്കുക, പെണ്‍കുട്ടികളെ വളരെ നേരത്തെ തന്നെ വിവാഹത്തിന് പ്രേരിപ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ പെതു ഇടങ്ങളില്‍ നിന്ന് സ്ത്രീകളും പെണ്‍കുട്ടികളും മാറ്റി നിര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒരുപാട് രാജ്യങ്ങളില്‍ സ്ത്രീകളുടെ ലൈംഗിക, പ്രത്യുല്‍പ്പാദന അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്നുണ്ടെന്നും സ്‌കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന പ്രവണതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ലിംഗ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുരുഷാധിപത്യവും വിവേചനവും സയന്‍സിലും സാങ്കേതിക വിദ്യയിലും ലിംഗപരമായി വലിയ അന്തരം സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഈ വിഭാഗങ്ങളില്‍ മൂന്ന് ശതമാനം നൊബേല്‍ സമ്മാന ജേതാക്കള്‍ മാത്രമേയുള്ളൂ,’ ഗുട്ടറസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള സര്‍ക്കാരുകളും പൗരസമൂഹവും ലിംഗ പ്രതികരണാത്മക വിദ്യാഭ്യാസം നല്‍കുന്നതിനും നൈപുണ്യ പരിശീലനം മെച്ചപ്പെടുത്തുന്നതിനും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്ര സഭ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി നിലക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ അന്തരം ലിംഗ അസമത്വത്തിന്റെ പുതിയ മുഖമായി മാറുകയാണെന്ന് യു.എന്‍ വിമന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിമ ബാഹോസും അഭിപ്രായപ്പെട്ടു.

‘ ഡിജിറ്റ് ഓള്‍: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്’ എന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഇത്തവണത്തെ വനിതാദിന മുദ്രാവാക്യം.

content highlight: Gender equality 300 years away, women’s rights under attack: Antonio Guterres

Latest Stories

We use cookies to give you the best possible experience. Learn more