| Friday, 17th May 2019, 5:58 pm

പൂരമായാലും പള്ളിപ്പെരുന്നാളായാലും സ്ത്രീ സൗഹാര്‍ദ്ദപരമല്ലെന്ന് പറയുന്നത് എന്തു കൊണ്ടാണ് ?

ബെബെറ്റോ തിമോത്തി

ജിം ക്രോ നിയമങ്ങളെ പറ്റി കേട്ടിട്ടില്ലേ?അമേരിക്കയില്‍ വെള്ളക്കാരെയും കറുത്തവര്‍ഗ്ഗക്കാരെയും കൃത്യമായി വേര്‍ത്തിരിച്ച,വെള്ളക്കാരെ പ്രിവിലേജിന്റെ സിംഹാസനത്തിലിരുത്തിയ ഒരു പറ്റം നിയമങ്ങളായിരുന്നു.അടിമത്തം നിറുത്തലാക്കിയതിന് ശേഷവും ഇത്തരം സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് നിയമങ്ങളിലൂടെ കറുത്ത വര്‍ഗ്ഗക്കാരെ രണ്ടാം തരക്കാരായി കണ്ടിരുന്ന പ്രവണത.

ഒരേ വണ്ടിയില്‍ യാത്ര ചെയ്യാന്‍ പാടില്ല,ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ പാടില്ല,പരസ്പരം ഷെയ്ക് ഹാന്‍ഡ് ചെയ്യാന്‍ പാടില്ല (ഷെയ്ക്ക് ഹാന്‍ഡ് സമത്വത്തിന്റെ പ്രതീകമാണല്ലോ),ഒരേ സ്‌കൂളില്‍ പഠിക്കാന്‍ പാടില്ല,ഒരേ വാഷ് റൂം/വെയ്റ്റിംഗ് റൂം ഉപയോഗിക്കാന്‍ പാടില്ല അങ്ങനെ അങ്ങനെ ഒരുപാട് മനുഷ്യത്വരഹിതമായ വേര്‍ത്തിരിവുകള്‍.അന്നത്തെ കൊക്കാ കോളയുടെ പരസ്യമൊക്കെ കുപ്രസിദ്ധമായിരുന്നു.’വെള്ളക്കാര്‍ക്ക് മാത്രം’ എന്ന് എഴുതി വെച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ കോളാ ഭീമന്മാര്‍ക്കുണ്ടായിരുന്നു.

50 കളിലെയും 60 കളിലെയും ശക്തമായ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടാണ് ജിം ക്രോ നിയമങ്ങള്‍ അബോളിഷ് ചെയ്യപ്പെടുന്നത്. എന്നാല്‍ ജിം ക്രോ തകര്‍ന്നപ്പോള്‍, കൂടെ റേസിസം അഥവാ വംശീയതയും അമേരിക്കയില്‍ തകര്‍ന്നുവോ?വംശീയ അധിക്ഷേപത്തിനും സെഗ്രഗേഷനും നിയമപരമായ പിന്തുണ നഷ്ടപെട്ടിട്ടുണ്ടെങ്കിലും,റേസിസം ഇന്നും അമേരിക്കയില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന്

‘ദി ന്യൂ ജിം ക്രോ’ എന്ന പുസ്തകത്തില്‍ മിഷേല്‍ അലക്‌സാണ്ടര്‍ പറയുന്നുണ്ട്.
‘Mass Incarceration is the new Jim crow’

എന്ന വളരെ വാലിഡായിട്ടുള്ള ഒരു പോയിന്റാണ് അവര്‍ പറയുന്നത്.30 വര്‍ഷം കൊണ്ട് ,300000 ഉണ്ടായിരുന്നിടത്ത് നിന്ന് 2 മില്ല്യണ്‍ ആഫ്രിക്കന്‍ അമേരിക്കന്‍സാണിന്ന് ജയിലുകളില്‍ കഴിയുന്നത്. ഒരിക്കല്‍ പ്രിസണര്‍ ആയി കഴിഞ്ഞാല്‍ സിവിലിയന്‍സിന് കിട്ടുന്ന ഒരുപാട് അവസരങ്ങള്‍/അവകാശങ്ങള്‍ നഷ്ടപ്പെടും എന്നുള്ളതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. തൊഴിലവസരവും,പാര്‍പ്പിടം റെന്റിന് കിട്ടാനുള്ള അവസരവും എല്ലാം കുറയും.അങ്ങനെ ഒരു കമ്മ്യൂണിറ്റിയെ വീണ്ടും ക്രൈമിലേക്കും അത് വഴി ജയിലുകളിലേക്കും കൊണ്ട് വരുന്ന ബയസ്!

ഡ്രഗ്‌സിനെതിരെയുള്ള ശക്തമായ എന്‍ഫോഴ്‌സ്മന്റ് കറുത്തവരെ പ്രത്യേകം റഡാറില്‍ നിറുത്തുകയും വെളുത്തവരുടെ കാര്യത്തില്‍ ലീനിയന്റാവുകയും ചെയ്യുന്ന ബയസ്. ഇങ്ങനെയാണ് ഈ 21 ാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ ജിം ക്രോ പ്രവര്‍ത്തിക്കുന്നത് എന്ന് മിഷേല്‍ പറയുന്നു.

ഇനി ഇന്ത്യയിലേക്ക് വന്നാല്‍ റേസിസത്തിന്റെ സ്ഥാനത്ത് ജാതി വിവേചനത്തെ പരിഗണിക്കുക. അണ്‍ടച്ചബിലിറ്റി, അണ്‍ അപ്പ്രോച്ചബിലിറ്റി മുതലായ ജാതിവ്യവസ്ഥിതിയുടെ ദുരാചാരങ്ങളെല്ലാം നിയമപരമായി നിരോധിക്കപ്പെട്ടിട്ടുള്ളവയാണ്. എന്നാല്‍ ജാതി വിവേചനം ഇന്ത്യയില്‍ അവസാനിച്ചോ?

അത്യാവശ്യം പത്രം വായിക്കുന്ന,ന്യൂസ് കാണുന്ന,സ്വന്തം കുടുംബങ്ങളിലെ സംഭാഷണങ്ങള്‍ ശ്രദ്ധിക്കുന്ന,സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളുകള്‍ക്കെല്ലാം കൃത്യമായ ഒരുത്തരം ഇതിനുണ്ട്. ഉത്തരേന്ത്യ പോലൊരു സാഹചര്യം ഇവിടെ നിലനില്‍ക്കുന്നില്ല എന്ന വാദത്തിന് തന്നെ രണ്ട് വശങ്ങളുണ്ട്. എവിഡന്റായിട്ടുള്ള ക്രൂരതകളും വയലന്‍സും അധിക്ഷേപങ്ങളുമെല്ലാം കുറവാണെന്ന വാദം നിഷ്‌കളങ്കമായി പറയാമെങ്കിലും ഓണര്‍ കില്ലിങ്ങിന്റെ ഇരയായ കെവിനൊക്കെ ഇങ്ങനെ മുഴച്ച് നില്‍ക്കില്ലേ.

മലയാളികള്‍ക്ക് പരിഷ്‌കൃതമായി അഭിനയിക്കാനറിയാം എന്നുള്ളതാണ് ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടത്. ജാതി വ്യവസ്ഥിതി ഇല്ലാതാകണമെങ്കില്‍ തകരേണ്ടത് ജാതിയുടെ എന്‍ഡോഗമിയാണെന്ന് അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞ് വെയ്ക്കുന്നുണ്ട്.അതായത് ഒരു ജാതിയിലുള്ളവര്‍ അതേ ജാതിയിലുള്ളവരെ മാത്രം വിവാഹം കഴിക്കുന്നിടത്തോളം കാലം ജാതിയ്ക്ക് മരണമില്ല.

ഈ എന്‍ഡോഗമിയെ എങ്ങനെ പ്രിസര്‍വ് ചെയ്യണമെന്ന് മലയാളികള്‍ക്ക് നന്നായി അറിയാം. നായര്‍ മാട്രിമോണിയുടെ പരസ്യമൊക്കെ സ്വീകരണമുറികളില്‍ എത്ര സിമ്പിളായാണ് സ്ഥാനം പിടിക്കുന്നത്.അതും പോട്ടെ. ചെറുപ്പക്കാര്‍ക്ക് മനസ്സിലാകണമെങ്കില്‍ അവരുടെ സ്വന്തം കോളേജിലെ കാര്യമെടുക്കാം. ക്യാമ്പസ് കാലഘട്ടത്തിലെ പല പ്രണയബന്ധങ്ങളും 4 വര്‍ഷത്തിനൊടുവില്‍ തകരുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകും.

‘ഓനും ഓളും വേറെ ജാതിയായിരുന്നില്ലേ.അതോണ്ട് അത് നടന്നില്ല’ എന്ന് ഒരിക്കലെങ്കിലും കേള്‍ക്കാത്തവരുണ്ടോ ചെറുപ്പക്കാര്‍ക്കിടയില്‍.
ഇങ്ങനെയാണ് ജാതി വ്യവസ്ഥിതിയെ നമ്മള്‍ പ്രൊപ്പഗേറ്റ് ചെയ്യുന്നത്.

ഇത്രയും വായിച്ച് വന്നപ്പോള്‍ നിങ്ങള്‍ക്ക് സ്വാഭാവികമായും ഒരു സംശയം തോന്നി കാണണം.ഫോട്ടോയും ഈ എഴുത്തും തമ്മില്‍ എന്ത് ബന്ധം?
പറയാം. റേസിസത്തിന്റെയും ജാതിയുടെയും ഉദാഹരണം പറഞ്ഞ് തുടങ്ങിയത് ഒരു വലിയ പോയിന്റില്‍ സ്‌ട്രെസ്സ് ചെയ്യാനാണ്…
നിയമപരമായി ഇവയെല്ലാം വിലക്കപ്പെട്ടിട്ടുള്ളതാണെങ്കിലും അലിഖിതമായ,നേത്രങ്ങള്‍ക്ക് കാണാന്‍ സാധിക്കാത്ത ചില ഘടകങ്ങള്‍ ഇവയെ മണ്ണിലും മനസ്സുകളിലും ശക്തമായി തന്നെ നിലനിറുത്തുന്നുണ്ട്.

ലിംഗ സമത്വം എന്ന വിഷയവും അത് പോലെ ഒന്നാണ്. നിയമം പരിശോധിക്കുകയാണെങ്കില്‍ നമ്മുടെ നാട് സമത്വ സുന്ദരമായ ഒരു ലോകമാണ്…
സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ അതേ സ്വാതന്ത്ര്യവും,അവകാശങ്ങളും നിയമം ഉറപ്പ് തരുന്നുണ്ട്.
ഇവിടെയാണ് ‘അലിഖിത നിയമങ്ങളുടെ’ പ്രസക്തി. ഇവിടെയാണ് നൂറ്റാണ്ടുകളുടെ സോഷ്യല്‍ കണ്ടീഷനിംഗ് പ്രവര്‍ത്തിക്കുന്നത്.

തൃശ്ശൂര്‍ പൂരത്തില്‍ കൃത്യമായ പുരുഷാധിപത്യമുണ്ട് എന്ന നടി റിമാ കല്ലിങ്കലിന്റെ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയിരുന്നു.അതൊന്ന് പരിശോധിക്കാം.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായിട്ടാണ് തൃശ്ശൂര്‍ പൂരം വിലയിരുത്തപ്പെടുന്നത്.പൂരത്തിലെ സ്ത്രീ സാന്നിധ്യത്തെ പറ്റി രണ്ടഭിപ്രായം എങ്ങനെ വരുന്നു എന്ന് മനസ്സിലാകുന്നില്ല.ഞാന്‍ തൃശ്ശൂര്‍ നിവാസിയാണ്. എന്റെ വീട്ടില്‍ നിന്ന് പൂരം നടക്കുന്നിടത്തേയ്ക്ക് കഷ്ടി 3 കിലോമീറ്റര്‍ ദൂരമേ ഉള്ളൂ.ഒരു മൂന്ന് വര്‍ഷം മുന്‍പ് വരെ എല്ലാ കൊല്ലവും കുടമാറ്റത്തിനും ,വെടിക്കെട്ടിനും ഇലഞ്ഞിത്തറ മേളത്തിനും പോകാറുണ്ടായിരുന്നു.പതിയെ പതിയ താത്പര്യം കുറഞ്ഞു.ഇപ്പോള്‍ ടിവി യില്‍ പോലും കാണാറില്ല.

പൂരത്തിലെ സ്ത്രീ സാന്നിധ്യത്തെ പറ്റി കൃത്യമായ ഒരു ചിത്രമുണ്ട്. പൂരത്തിന് സ്ത്രീകള്‍ വരാറില്ലേ? തീര്‍ച്ചയായുമുണ്ട്. ഒരുപാട് സ്ത്രീകള്‍ വരാറുണ്ട്. ‘പിന്നെ എന്ത് അര്‍ത്ഥത്തിലാണ് പൂരം സ്ത്രീ സൗഹാര്‍ദ്ദപരമല്ല എന്ന് പറയുന്നത്?’ വൈകാരികമായി പ്രതികരിക്കുന്നവരുടെ സ്ഥിരം കൗണ്ടര്‍ ഇതാണ്…

വിശദീകരിക്കാം.

ഈ സ്ത്രീകള്‍ പൂരപ്പറമ്പില്‍ ഒക്ക്യുപ്പൈ ചെയ്യുന്ന സ്ഥലങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?കുടമാറ്റം നടക്കുന്നിടത്ത് ഒത്ത നടുക്ക് എത്ര സ്ത്രീകളെ നിങ്ങള്‍ കണ്ടിട്ടുണ്ട്? ഭൂരിഭാഗവും മരച്ചുവടുകളിലായിരിക്കും ,ഷട്ടറിട്ടടച്ച കടകള്‍ക്ക് മുന്നിലായിരിക്കും,ആള്‍ക്കൂട്ടം കോണ്‍സന്റ്രേറ്റ് ചെയ്യുന്നതിന്റെ പെരിഫറിയിലായിരിക്കും.എന്ത് കൊണ്ടാണിവര്‍ മാറി നില്‍ക്കുന്നത്/മാറ്റി നിറുത്തപ്പെടുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
അതാണ് പുരുഷ മേല്‍ക്കോയ്മ.

മേല്‍ പറഞ്ഞ കൗണ്ടര്‍ ഉന്നയിക്കുന്നവര്‍ ആത്മാര്‍ത്ഥമായി വീട്ടിലെ സ്ത്രീകളോടോ,സ്ത്രീ സുഹൃത്തുക്കളോടോ ചോദിക്കണം ആള്‍ക്കൂട്ടങ്ങള്‍ നിങ്ങളെ ഈ ജീവിത കാലയളവില്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്തിട്ടുള്ളതെന്ന്. അപ്പോള്‍ നിങ്ങള്‍ക്കതിനുള്ള ഉത്തരം കിട്ടും.
ഇവിടെ റിമയുടെ പ്രസ്താവനയില്‍ പൂരമല്ല പ്രതിസ്ഥാനത്ത്,മറിച്ച് ആള്‍ക്കൂട്ടങ്ങളിലെ പുരുഷമേല്‍ക്കോയ്മയാണ്. അത് പൂരമായാലും പള്ളി പെരുന്നാളായാലും ഒരു പോലെയാണ്.

വൈകാരികമായി പ്രതികരിക്കുന്നവര്‍ ആ പോയിന്റ് മനസ്സിലാക്കാനുള്ള ക്ഷമ കാണിക്കണം. ‘ചില ഞരമ്പന്മാര്‍ അങ്ങനെയുണ്ടാകും.എന്ന് കരുതി എല്ലാ പുരുഷന്മാരും അങ്ങനെ അല്ല’ എന്ന് നിഷ്‌കളങ്കമായി വാദിക്കുന്നവരും/വിഷയത്തിന്റെ ഗതി തിരിച്ച് വിടാന്‍ മനപൂര്‍വ്വം വാദിക്കുന്നവരുമുണ്ട്.

എല്ലാ പുരുഷന്മാരും അങ്ങനെ അല്ല എന്ന് നിങ്ങള്‍ക്കറിയുന്നത് പോലെ റിമയ്ക്കുമറിയാം എനിക്കുമറിയാം.ഇവിടെ പ്രതിസ്ഥാനത്ത് നിറുത്തുന്നത് ഒരു സിസ്റ്റത്തെയാണ് അല്ലാതെ ഇന്‍ഡിവിജ്വല്‍ പുരുഷന്മാരെയല്ല. ആ സിസ്റ്റത്തിന്റെ ഭാഗമായിട്ടുള്ളത് ഈ തലമുറ മാത്രമല്ല താനും.മാറിടത്തില്‍ കയറി പിടിക്കുന്നവര്‍,പുറകില്‍ വന്ന് ലിംഗം കൊണ്ടുരുസന്നവരൊക്കെ ആ വൃത്തിക്കെട്ട സിസ്റ്റത്തിന്റെ കുഞ്ഞുങ്ങളാണ്…

‘എന്റെ ശരീരം ഒരു ഡെമോക്രസിയല്ല,ഓട്ടോക്രസിയാണ്’ എന്നുള്ള വാചകം എവിടെയോ വായിച്ച് കണ്ടിട്ടുണ്ട്.സത്യമാണത്.
ഒരാളുടെ ശരീരം അയാളുടേത് മാത്രമാണ്…അയാളുടെ അനുവാദമില്ലാതെയുള്ള ഏത് സ്പര്‍ശവും തെറ്റാണ്…
പേഴ്‌സണല്‍ സ്‌പേസിനെ മാനിക്കാനുള്ള ഈ അടിസ്ഥാന പാഠം എന്ന് നമ്മുടെ നാട്ടിലെ ജനങ്ങള്‍ പഠിക്കുന്നോ,അന്നേ പുരുഷ മേല്‍ക്കോയ്മയ്ക്ക് വിള്ളലേല്‍ക്കുകയുള്ളൂ.

എക്‌സപ്ഷന്‍സ് എടുത്ത് കാണിച്ച് ആള്‍ക്കൂട്ടങ്ങള്‍ സ്ത്രീ സൗഹാര്‍ദ്ദപരമാണെന്ന് പറഞ്ഞ് ദയവ് ചെയ്ത് സ്വയം ചെറുതാകാതിരിക്കുക.മേളത്തിന് കൊട്ടുന്ന സ്ത്രീയുടെ ഫോട്ടോയ്ക്ക് ‘കാണെടാ മക്കളേ.ഇതാണ് തൃശ്ശൂര്‍ പൂരം.ഇവിടെ സ്ത്രീകള്‍ക്ക് ഒരു കുഴപ്പവുമില്ല’ എന്ന ക്യാപ്ഷനും കൊടുത്ത് പോസ്റ്റര്‍ ഒട്ടിക്കുന്ന പരിപാടി ഈസ് എ ജോക്ക്.ഇന്‍ഡിവിജ്വല്‍സ് അല്ല ഇവിടെ നമ്മുടെ വിഷയം.ഒരു സിസ്റ്റമാണ്… ആ സിസ്റ്റം കാരണം ജനസംഖ്യയുടെ 50 % ഒക്ക്യുപ്പൈ ചെയ്തിട്ടും ആ എണ്ണത്തിന് ആനുപാതികമായി ആള്‍ക്കൂട്ടങ്ങളില്‍ കാണാത്ത സ്ത്രീ സാന്നിധ്യത്തിന്റെ റൂട്ട് കോസാണ് ഇവിടെ അഡ്രസ്സ് ചെയ്യുന്ന വിഷയം.

ഫിസിക്കലി അബ്യൂസ് ചെയ്യപ്പെടാം എന്ന ഭയം തന്നെയാണ് സ്ത്രീകളെ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് മാര്‍ജ്ജിനലൈസ് ചെയ്യുന്നത്.
ഇതിന്റെ മൂലകാരണമെന്ന് പറയുന്നത്
‘സ്ത്രീകള്‍ നമുക്ക് തോന്നുമ്പോള്‍ കണ്‍സ്യൂം ചെയ്യാനുള്ള ലൈംഗികോപകരണം മാത്രാണ്’ എന്ന തീര്‍ത്തും പുരുഷാധിപത്യപരമായ ചിന്തയും.

‘എന്ത് കൊണ്ട് ഓണ്‍ ദി സ്‌പോട്ട് പ്രതികരിച്ചൂടാ’? എന്നതും ഒട്ടും സെന്‍സിറ്റീവ് അല്ലാത്ത ഒരു ചോദ്യമാണ്.
തന്റെ പേഴ്‌സണല്‍ സ്‌പെയ്‌സ് വയലേറ്റ് ചെയ്യപ്പെടുന്ന ആ ഒരു നിമിഷത്തിന്റെ ഭീകരത അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ.ആരാണെന്ന് പോലും മനസ്സിലാവാതെ ലിറ്ററലി ആള്‍ക്കൂട്ടത്തില്‍ തനിച്ചാവുന്ന ബ്ലാങ്ക് സ്റ്റേറ്റ്.വാക്കുകള്‍ പോലും ചിലപ്പോള്‍ പുറത്ത് വരില്ല.പേഴ്‌സണലി അനുഭവിച്ചിട്ടില്ലെങ്കിലും അത് അനുഭവിച്ച സുഹൃത്തുക്കളുടെ കഥകള്‍ കേട്ടിട്ടുണ്ട്.അതിന്റെ ഭീകരത കേട്ട് തന്നെ മനസ്സിലായിട്ടുണ്ട്.

‘ഡെല്യൂഷന്‍സ് ഓഫ് ജന്‍ഡര്‍’ എന്ന പുസ്തകത്തില്‍ രണ്ട് സംഭവകഥകള്‍ പറയുന്നുണ്ട്.

1)1869 ഇല്‍ പെന്‍സില്വാന്നിയയിലെ വുമണ്‍സ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ആദ്യമായി ഒരു സര്‍ജ്ജിക്കല്‍ പ്രൊസീജര്‍ കാണാന്‍ അവസരം കിട്ടിയപ്പോള്‍ അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍.
ഹോസ്പിറ്റലില്‍ എത്തിയ യുവതികളെ വരവേറ്റത് പുരുഷന്മാരുടെ വലിയ കൂട്ടമാണ്… അവര്‍ ഇരു വശങ്ങളിലും അണി നിരന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞ് തുടങ്ങി,അവര്‍ക്ക് നേരെ സിഗററ്റ് കുറ്റികള്‍ എറിഞ്ഞു,ചിലര്‍ പരസ്യമായി മാസ്റ്റുര്‍ബേറ്റ് ചെയ്തു.

2)തന്റെ കഴിവ് കൊണ്ടും കഠിന പ്രയത്‌നം കൊണ്ടും സര്‍ജ്ജറി റെസിഡന്റായ ഒരു യുവതിയുടെ അനുഭവം.ഒ ടി കഴിഞ്ഞ് റെസ്റ്റ് റൂമില്‍ എത്തിയ അവരെ വരവേറ്റത് ഒരു ചുവര്‍ ചിത്രമായിരുന്നു.

താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന തന്റെ മെന്ററിന്റെ ചിത്രം.മെന്ററിന്റെ സ്ഥാനത്ത് ആരോ ഒരു ഏരോ മാര്‍ക്കും കൊടുത്തിട്ടുണ്ട്
‘ഈ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍’ എന്നൊരു കുറിപ്പും.

തന്റെ കഷ്ടപ്പാടിന്റെ കൂലി ഇതാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം.തന്റെ എജുക്കേഷണല്‍ ക്വാളിഫിക്കേഷനും സര്‍ജ്ജിക്കല്‍ സ്‌കില്ലും ഒട്ടുമേ പ്രാധാന്യമര്‍ഹിക്കുന്നില്ല മറിച്ച് തന്റെ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റില്‍ താന്‍ ഒരു സെക്‌സ് ഫാന്റസി മാത്രമാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം.അവര്‍ പൊട്ടിക്കരഞ്ഞു

These two incidents show how men make this place a hostile one for women.
ലിംഗസമത്വം എന്ന നിയമപരിരക്ഷയുള്ള ശരിയെ ഒരു പാട്രിയര്‍ക്കിയല്‍ സമൂഹം പ്രതിരോധിക്കുന്നത് ഇങ്ങനെയൊക്കെയാണ്… They make the enviornment hostile for women and there by,indirectly,make their rights invalid.

ക്ലാസ്സിലെ ആണുങ്ങള്‍ക്ക് മൊത്തം ‘കൊടുക്കുന്ന’ മെക്ക് റാണി എന്ന പെര്‍വ്വേട്ടഡ് ജോക്ക് ഇതിനുള്ള മറ്റൊരു ഉദാഹരണമാണ്…
And of course we all know about the female representation in mechanical engineering departement.That is how it works!

ഈ ‘ഹോസ്റ്റെയില്‍’ സാഹചര്യങ്ങള്‍ മാറണം.സ്‌പെയ്‌നിലെ ലാ ടൊമാറ്റീന പോലെ ലിംഗഭേദമെന്യെ ആഘോഷിക്കാന്‍ പൂരപ്രേമികള്‍ക്കും മറ്റ് ഉത്സവ/പെരുന്നാള്‍ പ്രേമികള്‍ക്കും സാധിക്കണം. അവിടെയാണ് പല അലിഖിത നിയമങ്ങളും തകരേണ്ടതിന്റെ പ്രസക്തി.അവിടെയാണ് പാട്രിയാര്‍ക്കി തകരേണ്ടതിന്റെ പ്രസക്തി.

ബെബെറ്റോ തിമോത്തി

Latest Stories

We use cookies to give you the best possible experience. Learn more