ലൈബ്രറി ഉപയോഗിക്കുന്നതിനും പെണ്‍കുട്ടികള്‍ക്ക് സമയ നിയന്ത്രണമുണ്ട്.
വരാണസി: സ്ത്രീകളോടുള്ള വിവേചനത്തിന്റെ നേര്‍ച്ചിത്രമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തിലുള്ള ബനാറസ് ഹിന്ദു സര്‍വ്വകലാശാല. 40,000-ത്തിലേറെ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ താമസിച്ച് പഠിക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്യാംപസായ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലാണ് പ്രത്യക്ഷത്തില്‍ ലിംഗവിവേചനം നടക്കുന്നത്.
വസ്ത്രധാരണത്തില്‍ മുതല്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിന് വരെ പെണ്‍കുട്ടികള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഇവിടെയുള്ളത്. പ്രതിഷേധ പ്രകടനങ്ങളിലോ ധര്‍ണ്ണകളിലോ പങ്കെടുക്കില്ലെന്ന് എഴുതി ഒപ്പിടുന്ന പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഹോസ്റ്റലില്‍ മുറി നല്‍കുകയുള്ളു. വളരെ കാലമായി നിലനില്‍ക്കുന്ന നിയമമാണ് ഇത്.
സദാചാരം കാത്തുസൂക്ഷിക്കാനെന്നോണം പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിലുമുണ്ട് നിയന്ത്രണം. ഇറക്കം കുറഞ്ഞ പാവാടകളോ ഷോര്‍ട്‌സോ ധരിക്കാന്‍ സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികള്‍ക്ക് അനുവാദമില്ല. സരര്‍വ്വകലാശാലയിലെ ലൈബ്രറി ഉപയോഗിക്കുന്നതിനും പെണ്‍കുട്ടികള്‍ക്ക് സമയ നിയന്ത്രണമുണ്ട്.
പഠനാവശ്യത്തിനാണെങ്കില്‍ പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ പെണ്‍കുട്ടികള്‍ക്ക് അനുവാദമില്ല. മൊബൈല്‍ഫോണ്‍ ഉപയോഗവും ആണ്‍കുട്ടികള്‍ക്ക് മാത്രം മതി എന്നാണ് അധികൃതരുടെ തീരുമാനം.
ക്യാംപസിന്റെ സുരക്ഷയ്ക്കായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനെ (സി.ഐ.എസ്.എഫ്) വിന്യസിക്കണമെന്ന് അടുത്തിടെയാണ് സര്‍വ്വകലാശാല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയടക്കം 23 സര്‍വ്വകലാശാലകളാണ് സി.ഐ.എസ്.എഫ് സുരക്ഷ ആവശ്യപ്പെട്ടത്.