| Monday, 19th April 2021, 11:16 pm

നിര്‍ദേശം നല്‍കിയാലും വിമര്‍ശനമായിട്ടേ കാണൂ; മന്‍മോഹന്റെ കത്തിന് ഹര്‍ഷ വര്‍ധന്റെ മറുപടി രാഷ്ട്രീയ പ്രേരിതമെന്ന് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രിക്ക് കത്തയച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പരിഹസിച്ച് രംഗത്തെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.

രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി കത്തയച്ചതില്‍ രാഷ്ട്രീയ പ്രേരിതമായ മറുപടി നല്‍കിയത് അപലപനീയം എന്നാണ് ഗോലോട്ട് പറഞ്ഞത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കത്തിന് രാഷ്ട്രീയ പ്രേരിതമായ മറുപടി നല്‍കിയത് നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. ഒരു വ്യക്തിയോ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ കേന്ദ്രത്തിന് മുന്നില്‍ ഒരു നിര്‍ദേശം വെച്ചാല്‍ അത് വിമര്‍ശനമായി കാണുന്ന സര്‍ക്കാരിന് ഇത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റുന്നില്ല. ഇത് കാണിക്കുന്നത് അവര്‍ വലിയ തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്ന് തന്നെയാണ്,’ ഗെലോട്ട് ട്വീറ്റ് ചെയ്തു.

രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഞ്ച് നിര്‍ദേശങ്ങളടങ്ങിയ കത്തയച്ച് മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത്. രാജ്യത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്ന് സിംഗ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനം വാക്‌സിനേഷനാണെന്ന് മന്‍മോഹന്‍ സിംഗ് കത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ രംഗത്തെത്തി.

കോണ്‍ഗ്രസുകാരോട് പറയൂ നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍. വളരെ നിര്‍ണ്ണായകമായ സമയത്ത് നിങ്ങള്‍ പറഞ്ഞത് കേള്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചിരുന്നെങ്കില്‍ ചരിത്രം നിങ്ങളോട് ദയ കാണിക്കുമായിരുന്നു എന്നാണ് ഹര്‍ഷവര്‍ധന്‍ പറഞ്ഞത്.

മന്‍മോഹന്‍സിംഗ് കത്തില്‍ ചൂണ്ടിക്കാണിച്ച അഞ്ച് നിര്‍ദേശങ്ങളും കത്ത് ലഭിക്കുന്നതിന് ഒരാഴ്ച മുമ്പേ തന്നെ നടപ്പാക്കിക്കഴിഞ്ഞെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Gehlot says Harsh Vardhan’s politically motivated response to Manmohan Singh unfortunate, condemnable.

We use cookies to give you the best possible experience. Learn more