ജയ്പൂര്‍: ഉപമുഖ്യമന്ത്രി, രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്നീ പദവികളില്‍നിന്നും സച്ചിന്‍ പൈലറ്റിനെ പുറത്താക്കിയതിന് ശേഷം പ്രതികരണവുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. സച്ചിന്‍ പൈലറ്റിന്റെയും സംഘത്തിന്റെയും പിന്മാറ്റം ബി.ജെ.പിയുടെ തിരക്കഥയാണെന്നാണ് ഗെലോട്ട് ആവര്‍ത്തിച്ച് ആരോപിക്കുന്നത്.
‘ഇതിലൊന്നിലും സച്ചിന്‍ പൈലറ്റിന്റെ കൈയ്യില്ല. ഷോ നടത്തുന്നത് മുഴുവന്‍ ബി.ജെ.പിയാണ്. ബി.ജെ.പി ഒരു പ്ലാന്‍ തയ്യാറാക്കി അതിലേക്ക് എല്ലാം എത്തിക്കുകയായിരുന്നു. മധ്യപ്രദേശില്‍ പ്രവര്‍ത്തിച്ച അതേ ടീമാണ് ഇവിടെയും പരിപാടികള്‍ ആസൂത്രണം ചെയ്തത്’, ഗെലോട്ട് പറഞ്ഞു.
ബി.ജെ.പി ഗൂഢാലോചന നടത്തുകയും കുതിരക്കച്ചവടത്തിന് ശ്രമിക്കുകയും ചെയ്തതുകൊണ്ടാണ് ഒരു തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതമായത്. അതൊരു വലിയ ഗൂഢാലോചനയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അവര്‍ മൂലം തങ്ങളുടെ ചില സഹപ്രവര്‍ത്തകര്‍ വഴി തെറ്റിയിരിക്കുകയാണെന്നും ഗെലോട്ട് ആരോപിച്ചു.
പൈലറ്റിനൊപ്പം സര്‍ക്കാരില്‍നിന്നും വിട്ടുനിന്ന മന്ത്രിമാരെയും ഗെലോട്ട് അയോഗ്യരാക്കിയിട്ടുണ്ട്. വിശ്വേന്ദ് സിങ്, രമേഷ് മീന എന്നിവര്‍ക്കാണ് മന്ത്രിസ്ഥാനം തെറിച്ചത്. പുതിയ മന്ത്രിമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുക്കുമെന്നും ഗെലോട്ട് അറിയിച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷം ഗെലോട്ട് ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പൈലറ്റിനെ നീക്കിയ നടപടിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കി.