| Tuesday, 16th March 2021, 2:59 pm

'ചാരപ്രവൃത്തി രാജ്യത്തിന് വേണ്ടി ചെയ്യണം'; കള്ളിവെളിച്ചത്താകുമോ എന്ന ഭയത്തില്‍ ഗെലോട്ടിനോട് കൊമ്പുകോര്‍ത്ത് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായുള്ള ആയുധമാക്കാനൊരുങ്ങി ബി.ജെ.പി. ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവെക്കണമെന്ന് ബി.ജെ.പി നേതാവ് ആര്‍.എസ് റാത്തോര്‍ ആവശ്യപ്പെട്ടു.

ഭരണഘടനാപരമായി രാജ്യത്തിന് വേണ്ടി ഫോണ്‍ ചോര്‍ത്തുന്നതില്‍ തെറ്റില്ലെന്നും സാധരണക്കാരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു റാത്തോറിന്റെ പ്രതികരണം.

” രാജസ്ഥാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ ചാരപ്രവൃത്തി ചെയ്യുകയാണ്. പക്ഷേ അത് രാജ്യത്തെ ശക്തിപ്പെടുത്താനോ, തീവ്രവാദികളെ പിടികൂടാനോ അല്ല.

രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് ഭരണഘടനാപരമായി ഫോണ്‍ ചോര്‍ത്തണമെങ്കില്‍ രാജ്യത്തിന് വേണ്ടി ചെയ്യൂ.ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന് തുറന്ന് പറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവെക്കണം” റാത്തോര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിരുന്നെന്ന് നിയമസഭയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

സംസ്ഥാന സര്‍ക്കാരിനെ സംരക്ഷിക്കാനും പൊതുക്രമം നിലനിര്‍ത്താനും കുറ്റകൃത്യങ്ങള്‍ തടയാനും ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും ടെലിഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ പൊലീസിനു അക്കാലത്ത് അനുമതി നല്‍കിയെന്നായിരുന്നു നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയത്.

ടെലിഗ്രാഫ് നിയമത്തിലെയും ഐടി നിയമത്തിലെയും ചട്ടങ്ങള്‍ പ്രകാരമാണ് ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചുവെന്നായിരുന്നു ബി.ജെ.പി എം.എല്‍.എ കാളിചരണ്‍ സറാഫ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Gehlot govt admits to phone taps; BJP makes it a political tool

We use cookies to give you the best possible experience. Learn more