ജയ്പൂര്‍: വരാനിരിക്കുന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മതത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. മതത്തെ കുറിച്ച് പറയാതെ സംസ്ഥാനത്തിന്റെ വികസനത്തെയും പ്രവര്‍ത്തനത്തെയും കുറിച്ച് സംസാരിക്കാന്‍ കഴിയുമോയെന്ന് അശോക് ഗെഹ്‌ലോട്ട് ബി.ജെ.പി നേതാക്കളെ വെല്ലുവിളിച്ചു.
പ്രകോപനപരമായ പ്രസ്താവനകളല്ല താന്‍ ആഗ്രഹിക്കുന്നതെന്നും വികസനത്തെ അടിസ്ഥാനമാക്കിയുള്ള വിമര്‍ശനങ്ങളാണ് സംസ്ഥാനത്ത് ഉയരേണ്ടതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ മതത്തിന്റെ പേരില്‍ വിദ്വേഷ പ്രസംഗം നടത്തുന്നതും അവരുടെ രാഷ്ട്രീയ അജണ്ട പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ല പാരമ്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ പ്രധാനപ്പെട്ട നിയമങ്ങള്‍ ഉണ്ടാക്കി. പണപ്പെരുപ്പ ദുരിതാശ്വാസ ക്യാമ്പുകളില്‍ 10 ഗ്യാരണ്ടികള്‍ നല്‍കി. ഞങ്ങളുടെ കൊവിഡ് മാനേജ്‌മെന്റ് മികച്ചതായിരുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ രാജസ്ഥാന്‍ ഉത്തരേന്ത്യയില്‍ ഒന്നാമതും രാജ്യത്ത് രണ്ടാമതുമാണ്. അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങള്‍ മികച്ച ഭരണം നടത്തി. വികസനമാണ് ഞങ്ങളുടെ അജണ്ട. അതിനാല്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു,’ അശോക് ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ രാജസ്ഥാനില്‍ ഭരണ വിരുദ്ധ വികാരമില്ലെന്നും, ആയതിനാല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്ക് ഒന്നും പറയാനില്ലാത്തതിനാല്‍ ചര്‍ച്ച ചെയ്യാന്‍ അവര്‍ മുതിരില്ലെന്നും മുഖ്യമന്ത്രി ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തങ്ങള്‍ക്ക് ഒരുപാട് പറയാനുണ്ടെന്നും ഇത്തവണയും പൊതുജനങ്ങള്‍ തങ്ങളെ വിജയിപ്പിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷ ഒരുക്കുന്നതില്‍ ഗെഹ്‌ലോട്ടിന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബി.ജെ.പി ആരോപിച്ചു. സമാധാനത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സംസാരിക്കുന്ന മുഖ്യമന്ത്രി സംസ്ഥാനത്തെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ബി.ജെ.പി പാര്‍ട്ടി വക്താവ് മുകേഷ് പരീഖ് പറഞ്ഞു.
Content Highlight: Gehlot challenged B.J.P leaders to talk about development if they have the courage