| Tuesday, 21st July 2020, 8:41 am

ഒന്നിനും കൊള്ളാത്തവന്‍; സച്ചിന്‍ പൈലറ്റിനെതിരെ വീണ്ടും ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് ഒന്നിനും കൊള്ളാത്തവനാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ പൈലറ്റ് മോശം പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൈലറ്റിന്റെ പേര് പറയാതെ എന്റെ യുവ സഹപ്രവര്‍ത്തകന്‍ എന്ന് പറഞ്ഞായിരുന്നു ഗെലോട്ടിന്റെ പരാമര്‍ശം.

സച്ചിന്‍ പൈലറ്റിനെതിരെ നേരത്തേയും ഗെലോട്ട് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ തന്റെ പാര്‍ട്ടി അധികാരത്തിലുള്ള സര്‍ക്കാരിനെതിരെ അട്ടിമറി ശ്രമം നടത്തുന്നതെന്ന് ഗെലോട്ട് പറഞ്ഞു. ഇന്നുവരെ അങ്ങനെയൊന്ന് താന്‍ കേട്ടിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആറ് മാസമായി ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ സച്ചിന്‍ പൈലറ്റ് നടത്തുന്നുണ്ടെന്നായിരുന്നു ഗെലോട്ട് ആരോപിച്ചത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൈലറ്റിന് ചില ശ്രമങ്ങളുണ്ടെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ലെന്നും ഗെലോട്ട് പറഞ്ഞു.

നിഷ്‌ക്കളങ്കമായ മുഖം വെച്ച് അദ്ദേഹം ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ എനിക്കതറിയാം. ഞാന്‍ ഇവിടെ പച്ചക്കറി വില്‍ക്കാന്‍ വന്നതല്ല, ഞാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയാണ് എന്നായിരുന്നു അശോക് ഗെലോട്ട് എ.എന്‍.ഐയോട് പ്രതികരിച്ചത്.

ഈ ആരോപണങ്ങളെ തള്ളി പൈലറ്റും രംഗത്തെത്തയിരുന്നു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുന്നതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ അവയൊന്നും തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും പൈലറ്റ് പറഞ്ഞു.

അതേസമയം സച്ചിന്‍ പൈലറ്റിന്റേയും മറ്റ് വിമത എം.എല്‍.എമാരുടേയും ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more