| Tuesday, 29th November 2022, 10:04 pm

രാജസ്ഥാനിലെ തര്‍ക്ക കൊടുങ്കാറ്റിനെ വരിഞ്ഞുകെട്ടി രാഹുല്‍; ഭാരതത്തിനൊപ്പം കോണ്‍ഗ്രസിലും ഒരു 'ജോഡോ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ പുകയുകയായിരുന്നു. സംസ്ഥാനത്ത് വര്‍ഷങ്ങളായി തുടരുന്ന ഗെലോട്ട്-പൈലറ്റ് പോര് ഒരു ഇടവേളക്ക് ശേഷം വീണ്ടും ചൂടുപിടിക്കുന്ന കാഴ്ചയായിരുന്നു ഈ ദിവസങ്ങളില്‍ കണ്ടത്.

എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പൈലറ്റിനെ ഗെലോട്ട് ചതിയന്‍ എന്ന് വിളിച്ചതായിരുന്നു ഇത്തവണ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ താഴെയിടാന്‍ ശ്രമിച്ച ആ ചതിയന് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്നായിരുന്നു ഗെലോട്ട് പറഞ്ഞത്. നവംബര്‍ 24നായിരുന്നു ഇത്.

കോണ്‍ഗ്രസ് ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് ഒരു മുതിര്‍ന്ന നേതാവ് ഒരിക്കലും ഇത്തരം പ്രസ്താവനകള്‍ നടത്തരുതായിരുന്നു എന്നാണ് സച്ചിന്‍ പൈലറ്റ് ഇതിനോട് പ്രതികരിച്ചത്.

മധ്യപ്രദേശില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പൊട്ടിപ്പുറപ്പെട്ട ഈ വാക്‌പോര് കോണ്‍ഗ്രസ് നേതൃത്വത്തെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

രണ്ട് പേരും പാര്‍ട്ടിയുടെ മുതല്‍ക്കൂട്ടാണെന്നും ഇപ്പോഴത്തെ പ്രസ്താവന ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാഹുലിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെ ഗെലോട്ടും പൈലറ്റും തമ്മില്‍ ചില ധാരണകളുണ്ടായി എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഡിസംബര്‍ നാലിന് രാജസ്ഥാനിലെത്തുന്ന ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ഇരുനേതാക്കളും ഒന്നിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയിരിക്കുകയാണ് ഇപ്പോള്‍. യാത്രക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ കെ.സി. വേണുഗോപാലിനൊപ്പമായിരുന്നു ഇരുവരും മാധ്യമങ്ങളെ കണ്ടത്.

യാത്രയുടെ ഒരുക്കങ്ങളേക്കാള്‍ ഗെലോട്ട്-സച്ചിന്‍ പോര് തല്‍ക്കാലത്തേക്ക് പറഞ്ഞുതീര്‍ക്കാനും ഭാരത് ജോഡോ യാത്ര വിജയകരമായി തന്നെ മുന്നോട്ടുകൊണ്ടുപോകുന്നതിനും വേണ്ടിയാണ് വേണുഗോപാല്‍ നേരത്തെ തന്നെ രാജസ്ഥാനിലേക്ക് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിക്കും ഭാരത് ജോഡോ യാത്രക്കും വേണ്ടി ഒന്നിച്ചുനില്‍ക്കുമെന്ന നിലയിലായിരുന്നു ഗെലോട്ടും പൈലറ്റും മാധ്യമങ്ങളോട് സംസാരിച്ചത്.

‘ഞങ്ങളേക്കാളെല്ലാം പ്രാധാന്യം പാര്‍ട്ടിക്കാണ്. കോണ്‍ഗ്രസ് ശക്തിയോടെ മുന്നോട്ടുപോകണമെന്നാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്. രാജ്യത്ത് വലിയ സമ്മര്‍ദങ്ങളും ആശങ്കകളും പടര്‍ന്നിരിക്കുന്ന സമയമാണിത്. അത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

പക്ഷെ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങളില്‍ ജനങ്ങള്‍ നല്‍കുന്ന പിന്തുണയുടെ വലുപ്പം തന്നെയാണ് ഈ യാത്രയുടെ വിജയം തുറന്നുകാണിക്കുന്നത്,’ എന്നാണ് ഗെലോട്ട് പറഞ്ഞത്.

തങ്ങള്‍ രണ്ട് പേരും മുതല്‍ക്കൂട്ടാണെന്നും പാര്‍ട്ടിയുടെ സ്വത്തുക്കളാണെന്നും രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞുകഴിഞ്ഞെന്നും അതില്‍ കൂടുതലൊന്നും പറയാനില്ലെന്നുമാണ് തര്‍ക്കം സംബന്ധിച്ച ചോദ്യത്തോട് ഗെലോട്ട് പ്രതികരിച്ചത്.

ഭാരത് ജോഡോ യാത്രക്ക് അതിഗംഭീരമായ വരവേല്‍പ്പായിരിക്കും രാജസ്ഥാനില്‍ ലഭിക്കുകയെന്നും ഏവരും ഏറെ ആവേശത്തിലാണെന്നുമാണ് സച്ചിന്‍ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞത്.

ഡിസംബര്‍ നാല് മുതല്‍ 12 ദിവസത്തേക്കാണ് രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി പര്യടനം നടത്തുക.

ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളാല്‍ പല തലങ്ങളില്‍ ഭിന്നിച്ചു കിടക്കുന്ന ഭാരതത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് നല്‍കുന്നുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

മുന്‍നാളുകളിലെ സച്ചിന്‍-പൈലറ്റ് ഗെലോട്ട് തര്‍ക്കങ്ങള്‍ മാസങ്ങളോളം നീണ്ടുപോയിരുന്നെങ്കില്‍ ഇന്ന് യാത്രക്ക് വേണ്ടി ഇരുവരും ഒന്നിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ ഉദാഹരണമായി കൂടി വിലയിരുത്തപ്പെടുന്നുണ്ട്.

Content Highlight: Gehlot and Sachin Pilot comes together ahead of  Bharat Jodo Yatra, after the Gaddar row

We use cookies to give you the best possible experience. Learn more