ജയ്പൂര്‍: കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ ബി.ജെ.പിയുടെ സമ്മര്‍ദത്തിന് വഴങ്ങി തടങ്കലില്‍ നിന്ന് പൊലീസ് മോചിപ്പിച്ചതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നവംബര്‍ 25ന് നടക്കാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളുമായും പ്രവര്‍ത്തകരുമായും നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
കനയ്യ ലാല്‍ വധക്കേസിലെ പ്രതികള്‍ ബി.ജെ.പിക്കാരാണെന്നും വിഷയത്തില്‍ മൂന്നാല് ദിവസം മുമ്പ് പൊലീസ് പ്രതികളെ പിടികൂടിയിരുന്നെന്നും ഗെഹ്‌ലോട്ട് വ്യക്തമാക്കി. എന്നാല്‍ പിന്നീട് ബി.ജെ.പി നേതാക്കള്‍ പ്രതികളെ പൊലീസ് തടങ്കലില്‍ നിന്ന് മോചിപ്പിച്ചുവെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാനത്ത് പ്രതിരോധത്തിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊലപാതക കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തുന്ന അന്വേഷണത്തിലും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംശയം പ്രകടിപ്പിച്ചു. വിഷയത്തില്‍ അന്വേഷണ ഏജന്‍സി ഇഴയുകയാണെന്നും കേസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തിനാണ് പ്രതികളെ വിട്ടയച്ചതെന്നും രാജസ്ഥാനിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരനും രാജ്യസഭാംഗവുമായ രാജേന്ദ്ര ഗെഹ്‌ലോട്ട് ചോദിച്ചു. പ്രതികളെ പൊലീസ് വിട്ടയച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ദൗർബല്യമാണെന്ന് രാജേന്ദ്ര ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 28ന് ഉദയ്പൂരില്‍ ഇസ്‌ലാം മതത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ടുപേര്‍ ചേർന്ന് കൊലപ്പെടുത്തി. സംസ്ഥാനത്തെ പ്രതിപക്ഷമായ ബി.ജെ.പി ഈ കൊലപാതകം തള്ളിക്കളയുകയും വര്‍ഗീയ സംഭവങ്ങള്‍ തടയുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ചിരുന്നു.
Content Highlight: Gehlot accuses B.J.P on Kanhaiya Lal issue