'അധിനിവേശ പാരമ്പര്യത്തിന്റെ ഉദാഹരണമാണ് മൂന്നാറിലെ കുരിശ്'; കുരിശ് പൊളിച്ചതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക യേശുക്രിസ്തുവായിരിക്കുമെന്നും യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്
Kerala
'അധിനിവേശ പാരമ്പര്യത്തിന്റെ ഉദാഹരണമാണ് മൂന്നാറിലെ കുരിശ്'; കുരിശ് പൊളിച്ചതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക യേശുക്രിസ്തുവായിരിക്കുമെന്നും യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th April 2017, 6:04 pm

കോഴിക്കോട്: മൂന്നാറില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് പൊളിച്ച് നീക്കിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുണ്ടാകുക യേശുക്രിസ്തുവായിരിക്കുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനും ദൈവശാസ്ത്രജ്ഞനുമായ ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. മൂന്നാര്‍ ദൗത്യത്തിന് അദ്ദേഹം അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.

ഒരു പഴയ സംഭവകഥ ഓര്‍ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ആഫ്രിക്കന്‍ രാജ്യത്ത് സുവിശേഷീകരണം നടത്താനായി എത്തിയ വെള്ളക്കാര്‍ അവിടെയുള്ളവരോട് കണ്ണടച്ച് പ്രാര്‍ത്ഥിക്കാന്‍ പറയുകയും പ്രാര്‍ത്ഥന കഴിഞ്ഞ് കണ്ണ് തുറന്നപ്പോള്‍ വെള്ളക്കാരുടെ കയ്യിലിരുന്ന ബൈബിള്‍ ആഫ്രിക്കക്കാരുടെ കയ്യിലും ആഫ്രിക്കക്കാരുടെ കൈവശമുണ്ടായിരുന്ന ഭൂമി വെള്ളക്കാരുടെ കയ്യിലുമായി എന്ന കഥയാണ് അദ്ദേഹം കുറിച്ചത്.


Also Read: പൊള്ളയെന്നാല്‍ ‘അമ്മ ചപ്പാത്തി ചുടുമ്പോള്‍ പൊള്ളി വരുന്നത്’; ഗുരുതര പിഴവുകളുമായ് കേരള സര്‍വകലാശാലയുടെ മലയാളം നിഘണ്ടു


ബൈബിളും കുരിശും എല്ലാക്കാലത്തും കോളനിവല്‍ക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിച്ചിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം തോമാശ്ലീഹായുടെ കുരിശ് കണ്ടെത്തിയെന്ന് പറഞ്ഞ് പാവപ്പെട്ട കുറേ വിശ്വാസികളെ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ച് സംഘടിപ്പിച്ച് ആപ്രദേശം വെട്ടിപ്പിടിച്ച കഥയും ഓര്‍ത്തു. തോമാശ്ലീഹായുടെ കാലത്ത് സിമന്റ് കുരിശ് ഇല്ല എന്ന കാര്യം പോലും ചിന്തിക്കാനുള്ള ബുദ്ധി പോലും കയ്യേറ്റ തിരക്കില്‍ ആര്‍ക്കും ഉണ്ടായില്ല.

തുടര്‍ന്നാണ് യേശുക്രിസ്തുവാണ് മൂന്നാറിലെ കുരിശ് പിഴുതെടുത്തതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുണ്ടാകുക എന്ന്അദ്ദേഹം പറഞ്ഞത്. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍ എന്നും നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഗീവര്‍ഗീസ് കൂറിലോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു പഴയ സംഭവ കഥ ഓര്‍ക്കുന്നു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് സുവിശേഷീകരണം നടത്താന്‍ കുറെ വെള്ളക്കാര്‍ ചെന്നു. കുറെ ആഫ്രിക്കക്കാരെ ഒരുമിച്ച് നിര്‍ത്തി അവരോട് കണ്ണടക്കാന്‍ പറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞു അവര്‍ കണ്ണു തുറന്നപ്പോള്‍ വെള്ളക്കാരുടെ കൈയ്യിലിരുന്ന ബൈബിള്‍ എല്ലാം ആഫ്രിക്കക്കാരുടെ കൈകളിലും ആഫ്രിക്കക്കാരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി എല്ലാം വെള്ളക്കാരുടെ കൈയ്യിലുമായി. ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവല്‍ക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരിടത്ത് ഞാന്‍ എഴുതിയതു പോലെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കള്‍ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയ്യേറ്റ തിരക്കില്‍ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും – മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു