| Thursday, 17th September 2020, 1:06 pm

ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കമ്യൂണിസത്തില്‍ വിശ്വസിക്കാനാകും? മറുപടിയുമായി ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കമ്മ്യൂണിസത്തില്‍ വിശ്വസിക്കാനാകുമെന്ന ചോദ്യത്തിന് മറുപടിയുമായി സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമായ യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ നിരീശ്വര വാദത്തില്‍ ഉണ്ടാക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് സിമ്പിള്‍ ആയി ഒന്ന് പറഞ്ഞ് തരാമോ തിരുമേനി?’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴെ വന്ന ചോദ്യം.

വളരെ ലളിതമായി പറഞ്ഞാല്‍ ബൈബിള്‍ വായിച്ച് മനസില്ലാക്കിയാല്‍ മതി എന്നായിരുന്നു ബിഷപ്പിന്റെ മറുപടി.

‘വളരെ ലളിതമായി പറഞ്ഞാല്‍ ബൈബിള്‍ വായിച്ച് മനസില്ലാക്കിയാല്‍ മതി. ഞാന്‍ കമ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റാണ്. അത് വേദപുസ്തകാധിഷ്ഠിതമാണ്. അതാകട്ടെ ക്യാപ്പിറ്റലിസവുമായി ചേര്‍ന്നു പോവുകയില്ല. നിരീശ്വരവാദം ഞാന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ യോജിക്കാവുന്ന ധാരാളം മേഖലകള്‍ ഉണ്ട്. നീതിയുടെയും മര്‍ദ്ദിതരുടെയും പാവപ്പെട്ടവരുടെയും പക്ഷം പിടിക്കുന്നതാണ് ഇടതുപക്ഷവും ക്രിസ്തു വിശ്വാസവും. ക്യാപ്പിറ്റലിസം ധനവാന്‍മാരുടെയും മൂലധനത്തിന്റെയും പക്ഷത്താണ്. അത് ക്രിസ്തുവും ബൈബിളും അംഗീകരിക്കുന്നില്ല,’മാര്‍ കൂറിലോസ് മറുപടി പറഞ്ഞു.

പുതിയ നിയമമോ അതോ പഴയ നിയമമോ എന്ന ചോദ്യത്തിന് പ്രത്യേകിച്ച് പുതിയ നിയമമെന്ന് അദ്ദേഹം എടുത്ത് പറയുകയും ചെയ്തു.

നിയമസഭാംഗത്വത്തില്‍ 50 വര്‍ഷം തികയ്ക്കുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയ്ക്ക് ആശംസ അറിയിച്ച്‌കൊണ്ട് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ‘ഞാന്‍ ഒരു കോണ്‍ഗ്രസുകാരനല്ല എന്നു മാത്രമല്ല ഒരു സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണ്. എങ്കിലും ഉമ്മന്‍ ചാണ്ടി എന്ന നേതാവിനോട് എന്നും ആദരവും സ്നേഹവുമാണ്,’എന്ന് തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. ഇതിന് താഴെയാണ് വിശദീകരണമാവശ്യപ്പെട്ട് ഒരു വിശ്വാസി ചോദ്യവുമായെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഞാന്‍ ഒരു കോണ്‍ഗ്രസുകാരനല്ല എന്നു മാത്രമല്ല ഒരു സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണ്. എങ്കിലും ഉമ്മന്‍ ചാണ്ടി എന്ന നേതാവിനോട് എന്നും ആദരവും സ്‌നേഹവുമാണ്. രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച വ്യക്തിത്വം. ഉമ്മന്‍ ചാണ്ടി എന്നാല്‍ പുതുപ്പള്ളി എന്നും പുതുപ്പള്ളി എന്നാല്‍ ഉമ്മന്‍ ചാണ്ടി എന്നും അര്‍ത്ഥം. പുതുപ്പള്ളി മണ്ഡലത്തിലെ നാലുന്നാക്കല്‍ സ്വദേശിയായ എന്റെ എം.എല്‍.എ കൂടിയാണ് ഉമ്മന്‍ ചാണ്ടി സാര്‍.

മണ്ഡലത്തിലെ ഓരോ വ്യക്തിയെയും പേര് വിളിച്ച് ഇടപെടാന്‍ കഴിയുന്ന അപൂര്‍വ നേതാക്കളില്‍ ഒരാള്‍. ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയതയുടെ ആള്‍രൂപം. മരണമാകട്ടെ, വിവാഹമാകട്ടെ, മറ്റ് ആവശ്യങ്ങളാകട്ടെ ഉമ്മന്‍ ചാണ്ടി സാറിന്റെ സാന്നിദ്ധ്യം എല്ലാവരും പ്രതീക്ഷിക്കും; അവരാരും ഇന്നുവരെ നിരാശരായിട്ടുമില്ല. ഞങ്ങളുടെ ഭിന്നശേഷിയുള്ള കുട്ടികളുടെ ‘തീരം’ എന്ന പ്രസ്ഥാനത്തിന്റെ കേന്ദ്ര ആസ്ഥാനം ഉമ്മന്‍ ചാണ്ടി സാറിന്റെ പുതുപ്പള്ളിയിലെ വീടിന്റെ സമീപമാണ്.

അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും സഹായങ്ങളും ഞങ്ങള്‍ എന്നും സ്മരിക്കും. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ജയിച്ച് നിയമസഭാംഗമായി അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുക എന്നത് അത്യപൂര്‍വ്വ നേട്ടമാണ്. വളരെ സന്തോഷത്തോടെ ഉമ്മന്‍ ചാണ്ടി സാറിനെ ഈ നേട്ടത്തില്‍ അഭിനന്ദിക്കുകയും തുടര്‍ന്നും ആയുരാരോഗ്യ സൗഖ്യത്തോടെ പൊതു മണ്ഡലത്തില്‍ സേവനം ചെയ്യുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Geevarghese Mar Coorilos says why a cristian can be a communist

We use cookies to give you the best possible experience. Learn more