'മുന്നാക്കക്കാരെന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികളില്‍ വര്‍ഗീയതയുടെ ബോംബ് പൊട്ടിക്കാന്‍ എളുപ്പമാണ്'; ലവ് ജിഹാദ് ഭാവനാസൃഷ്ടിയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Kerala News
'മുന്നാക്കക്കാരെന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികളില്‍ വര്‍ഗീയതയുടെ ബോംബ് പൊട്ടിക്കാന്‍ എളുപ്പമാണ്'; ലവ് ജിഹാദ് ഭാവനാസൃഷ്ടിയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th March 2021, 11:35 am

കോട്ടയം: ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കേണ്ട കാലത്ത് ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടത് അനിവാര്യതയാണെന്ന് യാക്കോബായ സഭ നിരണം ഭദ്ര സനാധിപന്‍ മാര്‍ കൂറിലോസ്. ലവ് ജിഹാദ് എന്നത് വെറും ഭാവനാ സൃഷ്ടിയാണെന്നും അതിന് വസ്തുതകളുടെ അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. മീഡിയാവണ്‍ റോഡ് ടു വോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഒരു സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും അത് മതേതര കേരളത്തിന് അപകടം പിടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഒരു സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുള്ള ഗൂഢ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് മതേതര കേരളത്തിന് ആശാവഹമല്ല എന്ന് മാത്രമല്ല, വളരെ അപകടം പിടിച്ച ഒന്നാണ്. ന്യൂനപക്ഷങ്ങളെല്ലാം ഒരുമിച്ച് നില്‍ക്കേണ്ട കാലമാണിത്.

ഫാസിസം ശക്തിപ്രാപിച്ച് വരുന്ന ഒരു കാലത്ത്, ന്യൂനപക്ഷ വിരുദ്ധമായ നയങ്ങള്‍ ദേശീയ തലത്തില്‍ പ്രചാരം നേടുന്ന ഒരു കാലത്ത്, ഇരകളുടെ സ്ഥാനത്ത് നില്‍ക്കുന്ന എല്ലാ ന്യൂനപക്ഷങ്ങളും ഒരുമിച്ച് നിന്ന് ഫാസിസത്തിനെതിരെ പോരാടേണ്ട ഒരു കാലത്ത്, ഇരകളെ ഭിന്നിപ്പിച്ച് അതുവഴി നേട്ടം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത് തിരിച്ചറിയാന്‍ വൈകിപോകും തോറും കൈവിട്ടു പോകുമെന്നാണ് എല്ലാ ന്യൂനപക്ഷങ്ങളോടും എനിക്ക് പറയാന്‍ ഉള്ളത്,’ കൂറിലോസ് പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളില്‍ എന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ വര്‍ഗീയത ഇളക്കി വിടാന്‍ എളുപ്പമാണെന്നും ലവ് ജിഹാദ് അയഥാര്‍ത്ഥമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

‘ലവ് ജിഹാദ് ഒരു ഭാവനാ സൃഷ്ടിയാണ്. വസ്തുതകളുടെ പിന്‍ബലമില്ലാതെ ആരെങ്കിലും ഗവേഷണം ചെയ്ത് ഉണ്ടാക്കിയ ഹൈപോതീസിസ് ആയിട്ട് ആയിട്ടു പോലും ഞാന്‍ ഇതിനെ കാണുന്നില്ല.

വര്‍ഗീയത ഇളക്കി വിടാനായിട്ടുള്ള ശ്രമമാണിത്. അത് പ്രത്യേകിച്ച് മുന്നോക്ക വിഭാഗത്തില്‍ എന്ന് അഭിമാനിക്കുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ ഈ ബോംബ് പൊട്ടിക്കാന്‍ വളരെ എളുപ്പമാണ്. അത് സമര്‍ത്ഥമയിട്ട് നിര്‍ഭാഗ്യവശാല്‍ ഇക്കാലത്ത്, ഇടതുപക്ഷമടക്കമുള്ള പല രാഷ്ട്രീയക്കാരും അതിനോട് സമരസപ്പെടുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്നു എന്നുള്ളത് വളരെ ഖേദകരമായ വസ്തുതയാണ്,’ അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Geevarghese Mar Coorilos says love jihad has not objective evidences