| Tuesday, 9th April 2024, 12:57 pm

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും 'ലവ് സ്റ്റോറി 'കളാണ് 'ഹേറ്റ് സ്റ്റോറി' കളല്ല: ഗീവര്‍ഗീസ് കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിനെതിരായ പ്രൊപ്പഗണ്ടാ ചിത്രമായ ദി കേരള സ്റ്റോറി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയെ വിമര്‍ശിച്ച് ഗീവര്‍ഗീസ് കൂറിലോസ്.

യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ‘ലവ് സ്റ്റോറി ‘ ( സ്‌നേഹത്തിന്റെ കഥകള്‍) കളാണെന്നും ‘ഹേറ്റ് സ്റ്റോറി ‘( വിദ്വേഷത്തിന്റെ കഥകള്‍ )കളല്ലെന്നുമായിരുന്നു കൂറിലോസ് ഫേസ്ബുക്കില്‍ എഴുതിയത്. ഇടുക്കി രൂപതയുടെ നടപടി വിവാദമായ സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി ഗീവര്‍ഗീസ് കൂറിലോസ് രംഗത്തെത്തിയത്.

‘ യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ‘ലവ് സ്റ്റോറി ‘ ( സ്‌നേഹത്തിന്റെ കഥകള്‍) കളാണ്. മറിച്ച് ‘ഹേറ്റ് സ്റ്റോറി ‘( വിദ്വേഷത്തിന്റെ കഥകള്‍ )കളല്ല,’ അദ്ദേഹം എഴുതി.

യാക്കോബായ സഭാ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്നു കൂറിലോസ് കഴിഞ്ഞ നവംബറിലാണ് സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിച്ചുവരുന്ന വ്യക്തികൂടിയാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമര്‍ശത്തിനെതിരെ കൂറിലോസ് രംഗത്തെത്തിയിരുന്നു. സുവിശേഷം സ്‌നേഹത്തിന്റേതാണെന്നും വിദ്വേഷത്തിന്റേതല്ലെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

സംഘ്പരിവാറിന്റെ ലൗ ജിഹാദ് പ്രചരണത്തിനെതിരെയും കൂറിലോസ് രംഗത്തുവന്നിരുന്നു. ലൗ ജിഹാദ് ഭാവനാസൃഷ്ടിയാണെന്നും ഇത്തരം പദ്ധതികളില്‍ ന്യൂനപക്ഷങ്ങള്‍ വീഴരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംഘപരിവാറുമായി ഒരു തരത്തിലും ചേര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നും ഇരകളെ ഭിന്നിപ്പിക്കുക എന്നത് ഫാസിസ്റ്റ് അജണ്ടയാണെന്നും അതിനെതിരെ ന്യൂനപക്ഷങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഫല്‌സതീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തയ്യാറായി. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാണ് ഗസയെന്നും അവിടെ ഒരു ജനവിഭാഗത്തെ അടിമത്തത്തിന്റെ വംശവെറിയുടെയും പേരില്‍ ഞെരിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നത് വരെ ലോകത്ത് ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

ഇസ്രഈല്‍ വിഷയത്തില്‍ നമ്മുടെ രാജ്യം പോലും നിലപാട് മാറ്റിയെന്നും എത്ര പെട്ടെന്നാണ് നമ്മുടെ രാജ്യത്തിന്റെ വിദേശനയം ഇസ്രഈലിന് അനുകൂലമായി മാറിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു. രാജ്യത്ത് സാംസ്‌കാരിക ദേശീയതയുടെ മറവില്‍ ഫാസിസം അരങ്ങുതകര്‍ക്കുകയാണെന്നായിരുന്നു ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സിനിമ പ്രദര്‍ശിപ്പിച്ചത്. 10, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരുന്നു വിശ്വോത്സവത്തിന്റെ ഭാഗമായുള്ള സിനിമാപ്രദര്‍ശനം.

വിഷയം വിവാദമായതിന് പിന്നാലെ പ്രണയ ചതിക്കുഴികളില്‍ നിന്നുള്ള ബോധവത്കരണമാണ് സിനിമാ പ്രദര്‍ശനത്തിലൂടെ ലക്ഷ്യം വെച്ചതെന്ന ന്യായീകരണവുമായി രൂപത രംഗത്തെത്തിയിരുന്നു.

സിനിമയ്ക്ക് രാജ്യത്ത് പ്രദര്‍ശനാനുമതി ഉണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ അടക്കം പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും മറ്റുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നുമായിരുന്നു രൂപതയുടെ നിലപാട്.

ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഘടിതമായ റിക്രൂട്ട്‌മെന്റുകളെ തുറന്നുകാണിക്കുകയാണ് ചിത്രമെന്നും സിനിമ വിശ്വാസ സമൂഹത്തെ കാണിക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് താമരശേരി രൂപത പറഞ്ഞത്.

We use cookies to give you the best possible experience. Learn more