Kerala News
സംവരണ സീറ്റിലല്ലാതെ എത്ര ദളിതരുണ്ട്? എത്ര ട്രാന്‍സ്‌ജെന്‍ഡര്‍-വനിതാ സ്ഥാനാര്‍ത്ഥികള്‍?; ഇടതു സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 10, 06:06 pm
Wednesday, 10th March 2021, 11:36 pm

തിരുവനന്തപുരം: ഇടതുപക്ഷ പാര്‍ട്ടികള്‍ ഇപ്പോഴും പുരുഷാധിപത്യശക്തികളായി തുടരുന്നത് ഖേദകരമാണെന്ന് നിരണം ഭദ്രസനാധിപനും ഇടതുപക്ഷ സഹയാത്രികനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഇടതുപക്ഷം നിയമസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി കൂറിലോസ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യത്തില്‍ സി.പി.ഐയും സി.പി.ഐ.എമ്മും ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്ഥാനാര്‍ത്ഥികളില്‍ സ്ത്രീ പ്രാധിനിത്യത്തിന്റെ കുറവ്, ദളിത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാത്തത് എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പറയാതെ വയ്യ
ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ കാലത്തും പൊതുവെ പുരുഷധിപത്യശക്തികളായി തുടരുന്നു എന്നത് ഖേദകരമാണ്. സ്ഥാനാര്‍ഥി നിര്‍ണയം മാത്രം മതി ഇത് തിരിച്ചറിയാന്‍. സി.പി.ഐ.എമ്മും സി.പി.ഐയും ഈ കാര്യത്തില്‍ ഇനിയും ഒത്തിരി ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. വലതുപക്ഷത്തു നിന്ന് അത് സാധാരണ രീതിയില്‍ പ്രതീക്ഷിക്കുന്നില്ല. സംവരണ സീറ്റുകളില്‍ അല്ലാതെ എത്ര ദളിതര്‍ ഇടതു പട്ടികയില്‍ ഉണ്ട് എന്നതും പരിശോധിക്കപെടണണം. ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തെ ഇടതു പക്ഷം പോലും പരിഗണിക്കുന്നില്ല എന്നതും നിരാശജനകമാണ്. യുവജനതക്കു
കൊടുത്ത പ്രാധാന്യം സ്വാഗതര്‍ഹമാണ്.

നല്ല ഇമേജ് ഉള്ള ചില പ്രമുഖരെയും ജനകീയ അടിത്തറ ഉള്ള ചില നേതാക്കളെയും ഒഴിവാക്കിയതും പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ ഉള്ള/ നെഗറ്റീവ് ഇമേജ് ഉള്ള ചിലരെ തുടരാന്‍ അനുവദിച്ചതും ഏറ്റവും ഒടുവില്‍ വന്ന പാര്‍ട്ടിക്ക് കൊടുത്ത അനര്‍ഹമായ പ്രാധാന്യവും തുടര്‍ ഭരണം മുന്നില്‍ കാണുന്ന ഇടതു പക്ഷം ഒഴിവാക്കേണ്ടിയിരുന്നു

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Geevarghese mar Coorilos against LDF candidate list