കൊച്ചി: എസ്.സി.-എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ച ഹര്‍ത്താലിന് പിന്തുണയുമായി യാക്കോബ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കുറിലോസ്. എസ്.സി എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കുന്നത് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആക്കം കൂട്ടുമെന്നാണ് ബിഷപ് അഭിപ്രായപ്പെട്ടത്.
നിയമം ലഘൂകരിക്കുന്നത് എതിര്‍ക്കേണ്ടത് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണെന്നും ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് ഐകദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നതായും ബിഷപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
“പട്ടികജാതി/ പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഇന്ന് ദളിതര്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ ആക്കം കൂട്ടും എന്നുള്ളതുകൊണ്ട് ആ നീക്കത്തെ എതിര്‍ക്കേണ്ടത് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഈ ആവശ്യം മുന്‍നിര്‍ത്തി വിവിധ ദളിത് സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് എന്റ ഐക്യദാര്‍ഢൃവും പിന്തുണയും അറിയിക്കുന്നു.” ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ജയ് ഭീം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.
പട്ടികജാതി/ പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിൽ വെള്ളം ചേർക്കുന്നത് ഇന്ന് ദളിതർ അനുഭവിക്കുന്ന പീഢനങ്ങളുടെ ആക്കം കൂട്ടും…
Posted by Geevarghese Coorilos on Friday, 6 April 2018
ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് വിവിധ ബഹുജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി-കാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
സുപ്രീംകോടതി വിധി ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്കുനേരെയുള്ള കടുത്ത ഭീഷണിയാണെന്നാണ് ഇന്നലെ സംഘടനകള്‍ പത്രക്കുറിപ്പില്‍ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താലിന് ജനപിന്തുണ വര്‍ധിക്കുന്നതെന്നും സംഘടനകള്‍ നിരീക്ഷിച്ചു.