| Monday, 3rd January 2022, 8:32 pm

ഇടത്തോട്ട് 'ഇന്‍ഡിക്കേറ്റര്‍' ഇട്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോള്‍ അപായസൂചന മുഴക്കുന്നയാളാണ് ബിനോയ് വിശ്വം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാകില്ലെന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയെ പിന്തുണച്ച് യാക്കോബായ സുറിയാനിസഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത.

ഇടത്തോട്ട് ‘ഇന്‍ഡിക്കേറ്റര്‍’ ഇട്ടുകൊണ്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോഴൊക്കെ അപായസൂചന മുഴക്കുന്നയാളാണ് ബിനോയ് വിശ്വമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

ഇടതുപക്ഷത്തിന് ഇവിടെ ഇനിയും വംശനാശം വന്നിട്ടില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ധീരമായ നിലപാടുകള്‍കൊണ്ട് ബിനോയ് വിശ്വമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നീതിയുടെ പ്രശ്നങ്ങളായാലും പരിസ്ഥിതി പ്രശ്നങ്ങളായാലും മുതലാളിത്ത വികസനത്തിന്റെ കാര്യത്തിലായാലും ഇരകളുടെ പക്ഷത്തുനിന്ന് ഇടതുപക്ഷ നിലപാടുകള്‍ മുറുകെപ്പിടിക്കുന്ന ബിനോയ് വിശ്വം ആദര്‍ശത്തില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഫാസിസം ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തില്‍ മതനിരപേക്ഷ കക്ഷികള്‍ ഒരുമിച്ചുനില്‍ക്കേണ്ട കാലത്ത് ഇടതുപക്ഷം കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്നത് ഫാസിസം വളരാനേ സഹായിക്കൂവെന്ന് വിളിച്ചുപറയാനുള്ള ആര്‍ജവം മതനിരപേക്ഷതയോടുള്ള സഖാവ് ബിനോയ് വിശ്വത്തിന്റെ ആഴമേറിയ പ്രതിബദ്ധതയാണ് വെളിവാക്കുന്നത്. അദ്ദേഹത്തോടുള്ള ആദരവ് കൂടുകയാണ്. ഉറച്ച നിലപാടുകളോടെ മുന്നേറുക സഖാവേ,’ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടത് പക്ഷത്തിന് കഴിയില്ലെന്ന് ബിനോയ് വിശ്വം എം.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് തകര്‍ന്നുപോകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.കൊച്ചിയില്‍ നടന്ന പി.ടി. തോമസ് അനുസ്മരണത്തില്‍ ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ അവിടെ സംഘപരിവാര്‍ സംഘടനകള്‍ ശക്തിപ്പെട്ടുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് തകര്‍ന്നുപോകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകുന്ന വിടവ് നികത്താനുള്ള കെല്‍പ് ഇടത് പക്ഷത്തിന് ഇല്ല.

കോണ്‍ഗ്രസ് വലിയ പ്രാധാന്യമുള്ള പാര്‍ട്ടിയാണ്. വിയോജിപ്പ് ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് തിരിച്ചറിവുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്‌റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം ഉണ്ടായി.ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത ഉണ്ട്. കോണ്‍ഗ്രസിന് മാത്രമേ ആ ശൂന്യത നികത്താന്‍ കഴിയുകയുള്ളൂ എന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTNET HIGHLIGHTS:  Geevarghese Coorilos supported by the CPI (M) leader Binoy Viswam’s statement

We use cookies to give you the best possible experience. Learn more