| Thursday, 4th February 2021, 7:22 pm

സഭാതര്‍ക്കത്തില്‍ വിശ്വാസികള്‍ ബി.ജെ.പിയോടൊപ്പം നിന്നാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സഭാതര്‍ക്കത്തില്‍ വിശ്വാസികള്‍ ബി.ജെ.പിയോടൊപ്പം നിന്നാല്‍ അവരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

സഭാവിശ്വാസികള്‍ ചിലപ്പോള്‍ ചില രാഷ്ട്രീയ നിലപാടുകള്‍ എടുത്തെന്നിരിക്കുമെന്നും അവരെ ആരെങ്കിലും സഹായിക്കാന്‍ വന്നാല്‍ തിരിച്ച് നന്ദി പ്രകടിപ്പിക്കുക എന്നുള്ള ഒരു സ്വാഭാവിക നിലപാട് വിശ്വാസികള്‍ക്കുണ്ടായാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ലെന്നുമാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് പറയുന്നത്.

എന്നാല്‍ വിശ്വാസികള്‍ ബി.ജെ.പിയോട് കൂറുപുലര്‍ത്താന്‍ കളമൊരുക്കിയ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടതാണെന്നും
ഈയൊരു വിശ്വാസി സമൂഹത്തെ അത്തരമൊരു സാഹചര്യത്തിലേക്ക് തള്ളിവിടാന്‍ പാടില്ലായിരുന്നുവെന്നും ബിഷപ്പ് പറയുന്നു.

‘ഞങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാമായിരുന്നു എന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂടെ തോന്നേണ്ട ഒരു കാലഘട്ടത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത്. മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും ആരാധനാ സ്വാതന്ത്യത്തിലുമൊക്കെ വിശ്വസിക്കുന്ന ഒരു ജനകീയ മതേതര ഇടതുപക്ഷ സര്‍ക്കാര്‍ ഉള്ളൊരു കാലത്ത് ഇനി വരുന്ന ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ആണെങ്കിലും ഈ പ്രശ്‌നം അപകടത്തിലേക്ക് പോകാതെ പരിഹരിക്കുന്നതിനുള്ള ഒരു ആര്‍ജവം ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ കാണിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ.

അതിന് അവര്‍ തയ്യാറാകുന്നില്ല എങ്കില്‍ അപകടത്തിലേക്കൊക്കെ വിശ്വാസി സമൂഹം ചെന്നെത്തും എന്നെനിക്ക് പേടിയുണ്ട്.

ഞാന്‍ ഭാഗമായിരിക്കുന്ന സഭയും ഞങ്ങളുടെ മറുപക്ഷത്ത് നില്‍ക്കുന്ന സഭയുമുള്‍പ്പെടെ സുറിയാനി സഭകള്‍ എന്നറിയപ്പെടുന്ന കേരളത്തിലെ സഭകളുടെ ഒരു പൊതു രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സങ്കല്‍പ്പമെന്ന് പറയുന്നത് ഇവിടുത്തെയൊരു സവര്‍ണ്ണ ഹിന്ദു വിചാരങ്ങളുമായി പൊരുത്തപ്പെട്ടുപോവുന്നതാണ്.

അതുകൊണ്ടു തന്നെയാണ് സവര്‍ണ്ണജാതി സഭകളുമായി ഇത്തരം സുറിയാനി സഭകള്‍ നിലനില്‍ക്കുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി വൈകാരികമായി സമരസപ്പെടുവാനായിട്ട് സുറിയാനി സഭകളിലെ ആളുകള്‍ക്ക് വലിയ പ്രയാസം ഉണ്ടാവില്ല. അതുകൊണ്ടു തന്നെ അവരെ ഈ ആശയത്തിലേക്ക് ആകര്‍ഷിക്കുക എന്നത് വളരെ എളുപ്പമാണ്. പല ക്രിസ്തീയ സഭാനേതാക്കളും അതില്‍ വീണു കഴിഞ്ഞിട്ടുണ്ട്’. ബിഷപ്പ് പറയുന്നു.

ഹിന്ദുത്വ ആശയം ഒരു സുറിയാനി ക്രൈസ്തവ മനസ്സിന് അന്യമായ ഒന്നല്ലെന്നും ആ അപകടത്തിലേക്ക് അവരെ തള്ളിവിടാതിരിക്കേണ്ടത് കേരളത്തിലെ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയുമെല്ലാം ബാധ്യതയാണെന്നും ബിഷപ്പ് കൂറിലോസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഇക്കാര്യം ഗൗരവത്തോടെ എടുക്കുന്നുണ്ടോ എന്ന് തനിക്ക് സംശയമാണെന്നും ബിഷപ്പ് കൂറിലോസ് അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Geevarghese Coorilos says about BJP support for syriani

We use cookies to give you the best possible experience. Learn more