| Wednesday, 6th March 2019, 1:19 pm

'അത്യാഢംബര അരമനകളില്‍ വസിക്കുന്ന സഭാ നേതാക്കള്‍ക്ക് ക്രിസ്തുവിന്റെ പേര് ഉച്ഛരിക്കാന്‍ എങ്ങനെ കഴിയുന്നു?' ചര്‍ച്ച് ആക്ടിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഗീവര്‍ഗീസ് കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമപരിഷ്‌കരണ സമിതിയുടെ ചര്‍ച്ച് ബില്‍ ശുപാര്‍ശ നടപ്പിലാക്കേണ്ടത് യേശുക്രിസ്തുവിന്റെ കൂടെ ആഗ്രഹമായിരിക്കുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സഭ നേതാക്കളുടെ ആഢംബരം ആരുടെ പണം എന്ന ചോദ്യങ്ങള്‍ ഉയര്‍ത്താനും ഉത്തരം തേടാനും അവകാശം നല്‍കുന്ന ഒന്നാണ് ചര്‍ച്ച് ആക്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണം.

“ഏറ്റവും മുന്തിയ ആഢംബര വാഹനങ്ങളില്‍ യാത്ര, അത്യാഢംബര “അരമന “കളില്‍ വാസം, ആഢംബര ജീവിത ശൈലി, കോഴപ്പണം വാങ്ങുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് : ഇതൊക്കെ നിത്യജീവിത ശൈലി ആക്കിയിരിക്കുന്ന സഭാ നേതാക്കള്‍ക്ക് ഇതിന്റെ എല്ലാം ബദല്‍ പാഠമായിരുന്ന യേശു ക്രിസ്തുവിന്റെ പേര് ഉച്ഛരിക്കുവാന്‍ എങ്ങിനെ കഴിയുന്നു? ഇതൊക്കെ ആരുടെ പണം? ഈ ചോദ്യങ്ങള്‍ ഉയര്‍ത്താനും ഉത്തരം തേടാനും അവകാശം നല്‍കുന്ന ചര്‍ച്ച് ആക്റ്റ് നടപ്പിലാകണ്ടത് യേശുക്രിസ്തുവിന്റെ കൂടെ ആഗ്രഹമായിരിക്കും.” എന്നാണ് ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണം.

Also read:ഒരു തരിഗാമി മതി, ഒരു സമ്പത്ത് മതി, കൊള്ളാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതി!!

നിയമപരിഷ്‌കരണ കമ്മീഷന്‍ ചര്‍ച്ച് ആക്ടിന്റെ കരട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ക്രൈസ്തവ സഭകളിലെ ഭൂമി- സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പാക്കുക, കൃത്യമായ ഓഡിറ്റിങ്ങിന് വിധേയമാക്കുക എന്നിവ ഉള്‍പ്പെടുന്ന കരടാണ് പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കെ.സി.ബി.സി ഉള്‍പ്പെടെയുള്ള ക്രൈസ്തവ സഭാ സമിതികള്‍ രംഗത്തുവന്നിരുന്നു.

എന്നാല്‍ ചര്‍ച്ച് ആക്ടിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഗീവര്‍ഗീസ് കൂറിലോസ് നേരത്തെ രംഗത്തുവന്നിരുന്നു. ചര്‍ച്ച് ആക്ടിനെ എതിര്‍ക്കുന്ന ക്രൈസ്തവ സഭകള്‍ക്ക് കൊമ്പുണ്ടോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more