| Monday, 27th January 2020, 9:12 am

'യേശുക്രിസ്തു ഒരു അഭയാര്‍ത്ഥിയായതിനാലാണ് അപരത്വം കല്‍പ്പിക്കുന്നവരുടെ കൂടെ നില്‍ക്കുന്നത്'; മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് വിശദീകരണവുമായി ഗീവര്‍ഗീസ് മാര്‍ കുറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന്റെ കാരണം വിശദീകരിച്ച് ഫാദര്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്. അതേസമയം ശക്തമായി നിലപാട് എടുക്കേണ്ട സാഹചര്യത്തില്‍ ലൗജിഹാദ് ആരോപിച്ച് മാറി നില്‍ക്കുന്നത് മതേതരസമൂഹം കാണുന്നുണ്ടെന്നും അത്തരക്കാരോട് സഹതാപമാണെന്നും ഗീവര്‍ഗീസ് മാര്‍ കുറിലോസ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് പ്രധാനമായും രണ്ട് കാരണങ്ങള്‍കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് പ്രധാനമായും രണ്ട് കാരണങ്ങള്‍കൊണ്ടാണ്. അതില്‍ ഒന്ന് ഞാനൊരു ഇന്ത്യന്‍ പൗരനായത് കൊണ്ട്. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവെന്നുള്ള ഒരു ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ എനിക്കും ഉത്തരവാദിത്തമുണ്ട് എന്ന ബോധ്യത്തിലാണ് ആലപ്പുഴയിലെ ഒരു കണ്ണിയായി അവിടെ എത്തിച്ചത്. രണ്ടാമതായി ഞാനൊരു ക്രിസ്റ്റ്യാനിയായതുകൊണ്ടാണ്. ഞാന്‍ വിശ്വസിക്കുന്ന യേശുക്രിസ്തു ഒരു അഭയാര്‍ത്ഥിയായിരുന്നു. ജനിച്ചയുടനെ തന്നെ സാമ്രാജ്യത്വശക്തികള്‍ ഉന്നം വെക്കുകയും അദ്ദേഹത്തെ നിഗ്രഹിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് മകനെയും കൊണ്ട് മറ്റൊരു രാജ്യത്തേക്ക് പാലായനം ചെയ്യേണ്ടിവന്നൊരു അഭയാര്‍ത്ഥിയായിരുന്നു യേശുക്രിസ്തു. അതുകൊണ്ട് ദൈവത്തെ കാണേണ്ടത് അഭയാര്‍ത്ഥികളിലാണ്. അപരത്വം കല്‍പ്പിക്കപ്പെട്ടവരിലാണ്.’ ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു.

ഇവിടെ മുസ്ലീം ജനവിഭാഗം നിയമത്തിന്റെ ബലിയാടായി മാറുന്ന സാഹചര്യത്തില്‍ അവരോട് ഒപ്പം നില്‍ക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ കൂടി ചുതലയാണെന്ന ബോധ്യം കൊണ്ടാണ് ഞാന്‍ മനുഷ്യ ശൃംഖലയില്‍ അണിചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വ്യക്തിപരമായി താനൊരു ഒരു ഇടതുപക്ഷ ചിന്തയുള്ളയാളാണെന്നും അതും ഇതിനൊരു കാരണമായിട്ടുണ്ടെന്നെും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ വളരെ ആര്‍ജവത്തോടെയാണ് വിഷയം ഏറ്റെടുത്തിട്ടുള്ളതെന്നും ദേശീയ തലത്തില്‍ തന്നെ ഇത് മാതൃകയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മനുഷ്യമഹാശൃംഖലയില്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് ആലപ്പുഴയിലായിരുന്നു കണ്ണി ചേര്‍ന്നത്. ഇതില്‍ പങ്കാളിയാവുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more