തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ പരോക്ഷ വിമര്‍ശനവുമായി യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന തരത്തില്‍ വാദങ്ങള്‍ ഉയര്‍ത്തിയാല്‍ അത് സമൂഹത്തില്‍ അനാരോഗ്യകരമായ സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ മുസ്‌ലിം- ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്ന് വരുത്തുന്നത് കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കിയതില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന് എ. വിജയരാഘവന്‍ പറഞ്ഞിരുന്നു.
‘വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും’ എന്ന തലകെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിജയരാഘവന്‍ സാമ്പത്തിക സംവരണത്തില്‍ ലീഗിന്റെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ലീഗിനെതിരെ വിമര്‍ശനവുമായി വിജയരാഘവന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. ലീഗ് മതാഷ്ഠിത പാര്‍ട്ടിയാണെന്നതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് വജയരാഘവന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശച്ചതിലും വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും സന്ദര്‍ശന ലക്ഷ്യമെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പറയാതെ വയ്യ
തെരഞ്ഞെടുപ്പുകള്‍ വരും പോകും, ജയവും തോല്‍വിയും മാറി മറിയാം. പക്ഷെ വര്‍ഗീയത ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമല്ല. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടി ആണ് എന്ന് ആക്ഷേപിക്കുന്നത് ശരിയല്ല എന്ന് മാത്രമല്ല അത്തരം വാദങ്ങള്‍ സമൂഹത്തില്‍ അനാരോഗ്യപരമായ സമുദായിക ധ്രുവീകരണം ഉണ്ടാക്കുകയും ചെയ്യും.
സ്‌ഫോടനാത്മകമായ സന്ദര്‍ഭങ്ങളില്‍ പോലും മതനിരപേക്ഷ നിലപാടുകള്‍ ഉയര്‍ത്തി പിടിച്ച മുസ്‌ലിം ലീഗിനെ ഇത്തരത്തില്‍ ആക്രമിക്കുന്നതും മുസ്‌ലിം -ക്രിസ്ത്യന്‍ ഭിന്നത ഉണ്ടെന്നു വരുത്തുന്നതും കേരളത്തിന്റെ മതേതര സാമൂഹ്യ ശരീരത്തിന് സാരമായ മുറിവേല്‍പ്പിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Geevarghese Coorilos against A Vijayaraghavan on a statement against Muslim league