കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ 'കള്ളന്‍ ' എന്ന് വിളിക്കാമായിരിക്കും.. സത്യത്തില്‍ രാജു വിശുദ്ധനാണ്, സല്യൂട്ട്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രമാദമായ അഭയാ കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. അഭയാ കേസിലെ പ്രധാന സാക്ഷികളിലൊരാളായ രാജു സത്യത്തില്‍ വിശുദ്ധനാണെന്നാണ് മാര്‍ കൂറിലോസ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍ ‘ എന്ന് വിളിക്കാമായിരിക്കും… സത്യത്തില്‍ രാജു വിശുദ്ധനാണ്.സല്യൂട്ട്, ‘ എന്നായിരുന്നു മാര്‍ കൂറിലോസിന്റെ പ്രതികരണം.

കേസില്‍ മൂന്നാം സാക്ഷിയായിരുന്നു രാജു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്.

അഭയയ്ക്ക് നീതി കിട്ടിയെന്നായിരുന്നു വിധിക്ക് പിന്നാലെ രാജു മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞിരുന്നു.

‘എനിക്കും പെണ്‍കുട്ടികളുണ്ട്. ഈ അയല്‍വക്കത്തുമുണ്ട് പെണ്‍കുട്ടികള്‍. അവര്‍ക്കൊന്നും ഒരു ദോഷവും വരരുത്. ഇത്രയും കാലം വളര്‍ത്തി വലുതാക്കിയിട്ട് കുട്ടിയെ കാണാതെ പോയാലുള്ള ദുഃഖമെന്താണ്? അതുകൊണ്ട് എന്റെ കുഞ്ഞിന് നീതികിട്ടണമെന്നായിരുന്നു ആഗ്രഹം. അത് കിട്ടി. ഞാന്‍ ഭയങ്കര ഹാപ്പിയാണ്.

ആദ്യം മൊഴി പറഞ്ഞ സമയത്ത് എനിക്ക് ധാരാളം വാഗ്ദാനങ്ങള്‍ വന്നു. കോടികളാണ് എനിക്ക് ആളുകള്‍ ഓഫര്‍ ചെയ്തത്. ഞാന്‍ ആരുടെയും കയ്യില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. ഞാന്‍ ഇന്നും കോളനിയിലാണ് താമസിക്കുന്നത്. അപ്പനായിട്ട് പറയുകയാണ്. എന്റെ കുഞ്ഞിന് നീതി കിട്ടി. എനിക്ക് ഭയങ്കര സന്തോഷമുണ്ട്,’ രാജു പറഞ്ഞു. തന്നെ കുറ്റം ഏറ്റു പറയാനായി പൊലീസ് നിര്‍ബന്ധിച്ചിരുന്നെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴിഞ്ഞ ദിവസം രാജു പറഞ്ഞിരുന്നു.

അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.

പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.

പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.

Content Highlight: Geevarghese Coorilos about Abhaya Death and Raju